ലൈഫിൽ വീട് നിർമ്മിക്കാൻ വഴിയില്ല : 6 മാസത്തിനകം വഴി നിർമ്മിച്ചുനൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

ലൈഫിൽ വീട് നിർമ്മിക്കാൻ  വഴിയില്ല  :  6 മാസത്തിനകം വഴി നിർമ്മിച്ചുനൽകണമെന്ന്  മനുഷ്യാവകാശ കമ്മീഷൻ 

തൃശ്ശൂർ :  അടച്ചുറപ്പില്ലാത്ത വീട്ടിൽ താമസിക്കുന്ന യുവതിക്ക്  ലൈഫ്മിഷൻ പദ്ധതി വഴി വീട് നിർമ്മിക്കുന്നതിനാവശ്യമായ സാധനസാമഗ്രികൾ എത്തിക്കുന്നതിന് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള തോടിന് മുകളിൽ സ്ലാബ് നിർമ്മിച്ചുനൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

     ആറുമാസത്തിനകം നിർമ്മാണം പൂർത്തിയാക്കണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു.

     വാടാനപ്പള്ളി ബീച്ചിൽ താമസിക്കുന്ന വടക്കൻ ഹൗസിൽ വി. എം. ശ്രീലക്ഷ്മിയുടെ വീട്ടിലേയ്ക്കുള്ള വഴി നിർമ്മിച്ച് സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കണമെന്നാണ് ഉത്തരവ്.  ശ്രീലക്ഷ്മിയുടെ പിതാവ് മരിച്ചപ്പോൾ വഴിയില്ലാത്തതിനാൽ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നില്ല.  ഇവർ വർഷങ്ങളായി ഉപയോഗിച്ചിരുന്ന സ്വകാര്യ വസ്തു മതിൽകെട്ടി അടച്ചതോടെയാണ് ദുർഗതിയുണ്ടായത്.

     വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി റിപ്പോർട്ട് സമർപ്പിച്ചു.  ഷറഫുദ്ദീൻ എന്നയാളുടെ പറമ്പിലൂടെയാണ് പരാതിക്കാരി ഉൾപ്പെടെ എട്ട് കുടുംബങ്ങൾ വഴി നടന്നിരുന്നതെന്നും ഇവിടെ മതിൽകെട്ടിയതു കാരണമാണ് വഴിയില്ലാതായതെന്നും റിപ്പോർട്ടിൽ പറയുന്നു.  അന്ധമാൻ റോഡ് മുതൽ പരാതിക്കാരിയുടെ വീടിന്റെ മുൻവശത്തുകൂടി ഒഴുകുന്ന തോടിന് മുകളിൽ സ്ലാബിട്ട് നടപ്പാത നിർമ്മിക്കാൻ സൗകര്യമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.  2022 ഒക്ടോബർ 6 ന് ഗ്രാമപഞ്ചായത്ത് ഭരണസമിതി ആവശ്യം പരിഗണിച്ചിട്ടുണ്ട്.  ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് സ്ലാബിടാമെന്നും പഞ്ചായത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.  ഇതിനിടയിൽ പരാതിക്കാരിക്ക് ലൈഫ്മിഷൻ പ്രകാരം വീടും അനുവദിച്ചു.  എന്നാൽ സാധനങ്ങളെത്തിക്കാൻ മാർഗമില്ല.

 പബ്ലിക് റിലേഷൻസ് ഓഫീസർ

10/02/2023.