2017 ഫെബ്രുവരി 6 ന് മുമ്പ് കർഷക തൊഴിലാളി പെൻഷനും വാർദ്ധക്യകാല പെൻഷനും വാങ്ങിയിരുന്നവർക്ക് മാത്രമാണ് രണ്ടു പെൻഷനും അർഹതയുള്ളത്
അപേക്ഷ പരിഗണിക്കാൻ രണ്ടുകൊല്ലം : പെൻഷൻ നൽകുന്നത് പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
ആലപ്പുഴ : വീടോ വസ്തുവോ ഇല്ലാത്ത എൺപത്തിയാറുകാരൻ 2015 ൽ പഞ്ചായത്തിൽ സമർപ്പിച്ച സാമൂഹിക സുരക്ഷാ പെൻഷനു വേണ്ടിയുള്ള അപേക്ഷ താമസിച്ച് കൈകാര്യം ചെയ്തതു കാരണം പെൻഷൻ നിഷേധിക്കപ്പെട്ട സാഹചര്യത്തിൽ അപേക്ഷ ഒരിക്കൽ കൂടി പരിശോധനാ വിധേയമാക്കി പരാതിക്കാരന് നീതി ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മീഷൻ അംഗം വി. കെ. ബീനാകുമാരി നിർദ്ദേശം നൽകിയത്. ആറാട്ടുപുഴ നോർത്തിൽ ചാണാംചേരിയിൽ ഹരിദാസൻ നൽകിയ പരാതിയിലാണ് നടപടി.
2015 ഒക്ടോബർ 6 നാണ് ഹരിദാസൻ ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിൽ ക്ഷേമപെൻഷന് അപേക്ഷ നൽകിയത്. തനിക്കൊപ്പം അപേക്ഷ നൽകിയ പലർക്കും പെൻഷൻ ലഭിക്കുന്നുണ്ടെന്നും തനിക്ക് മാത്രം നിഷേധിച്ചുവെന്നുമാണ് പരാതി.
ചെങ്ങന്നൂർ ആർ.ഡി.ഒ.യിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പരാതിക്കാരന് കർഷക തൊഴിലാളി പെൻഷൻ ലഭിക്കുന്നതിനാൽ വാർദ്ധക്യകാല പെൻഷന് അർഹതയില്ലെന്നാണ് റിപ്പോർട്ട്. 2017 ഫെബ്രുവരി 6 ന് മുമ്പ് കർഷക തൊഴിലാളി പെൻഷനും വാർദ്ധക്യകാല പെൻഷനും വാങ്ങിയിരുന്നവർക്ക് മാത്രമാണ് രണ്ടു പെൻഷനും
അർഹതയുള്ളത്.2015 ഒക്ടോബർ 6 നാണ് താൻ അപേക്ഷ നൽകിയതെന്നും 2017 ഏപ്രിൽ 25 ന് മാത്രമാണ് വരുമാന സർട്ടിഫിക്കേറ്റ് തന്നിൽ നിന്നും ആവശ്യപ്പെട്ടതെന്നും പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു. 2020 സെപ്റ്റംബർ 9 നാണ് പരാതിക്കാരന്റെ 2015ലെ അപേക്ഷ നിരസിച്ചത്.
2017 നവംബർ 6 ന് ധനവകുപ്പ് പുറത്തിറക്കിയ സർക്കാർ (എ.എസ്) 483/17/ധനം ഉത്തരവ് പ്രകാരം 2017 ഫെബ്രുവരി 6 ന് മുമ്പ് രണ്ടുപെൻഷൻ വാങ്ങിയിരുന്നവർക്കാണ് രണ്ട് പെൻഷനും അർഹതയുള്ളതെന്ന് പറയുന്നു. ഇവിടെ പരാതിക്കാരൻ അപേക്ഷ നൽകിയത് 2015 ഒക്ടോബർ 6 നാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
പബ്ലിക് റിലേഷൻസ് ഓഫീസർ