സാങ്കേതിക തടസ്സങ്ങൾ പറഞ്ഞ് സാമൂഹിക സുരക്ഷാ പെൻഷൻ നിഷേധിക്കരുത് : മനുഷ്യാവകാശ കമ്മീഷൻ
HRMP NO : 5156/2019
Kerala State Human Rights commission
Thiruvananthapuram
30/03/23
സാങ്കേതിക തടസ്സങ്ങൾ പറഞ്ഞ് സാമൂഹിക സുരക്ഷാ
പെൻഷൻ നിഷേധിക്കരുത് : മനുഷ്യാവകാശ കമ്മീഷൻ
ആലപ്പുഴ: സാങ്കേതിക തടസ്സങ്ങൾ പറഞ്ഞ് സാമൂഹിക സുരക്ഷാ പെൻഷൻ തടയരുതെന്ന് മനുഷ്യാവകാശ കമ്മീഷൻ.
2018 ജൂലൈ 21 മുതൽ സാമൂഹിക സുരക്ഷാ പെൻഷൻ അനുവദിക്കാൻ ക്ഷേമകാര്യകമ്മിറ്റി തീരുമാനിച്ചെങ്കിലും സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാണിച്ച് 2019 മുതൽ മാത്രം പെൻഷൻ അനുവദിക്കാമെന്ന ആലപ്പുഴ നഗരസഭാസെക്രട്ടറിയുടെ നിലപാടിനെതിരെയാണ് കമ്മീഷൻ അംഗം വി. കെ. ബീനാകുമാരിയുടെ ഉത്തരവ്.
തത്തംപള്ളി കറുകയിൽ കെ. ജെ. ജോസിന്റെ പരാതിയിലാണ് ഉത്തരവ്. മറ്റ് പെൻഷൻ ലഭിക്കുന്നവർക്കും സാമൂഹിക സുരക്ഷാ പെൻഷന് അർഹതയുണ്ടെന്ന സർക്കാർ ഉത്തരവിന്റെ ആനുകൂല്യം തനിക്ക് ലഭിച്ചില്ലെന്നാണ് പരാതി.2018 ഡിസംബർ 22 ലെ നമ്പർ 500/18/ധനം സർക്കാർ ഉത്തരവിലാണ് ഇ.പി.എഫ്. പെൻഷൻ ലഭിക്കുന്നവർക്കും സാമൂഹികസുരക്ഷാ പെൻഷന് സർക്കാർ അനുമതി നൽകിയത്. എന്നാൽ ഇ. പി. എഫ്. പെൻഷൻ ലഭിക്കുന്നവരുടെ വിവരങ്ങൾ ചേർക്കാനുള്ള സേവന സോഫ്റ്റ് വെയറിലെ സൈറ്റ് 2019 ഏപ്രിൽ മുതലാണ് ലഭ്യമായതെന്ന് ആലപ്പുഴ നഗരസഭാ സെക്രട്ടറി കമ്മീഷനെ അറിയിച്ചു. ഇതു മുതൽ പെൻഷൻ നൽകാമെന്നാണ് നഗരസഭയുടെ നിലപാട്.
2018 ജൂലൈ 21 നാണ് പരാതിക്കാരന് സാമൂഹിക സുരക്ഷാ പെൻഷൻ അനുവദിക്കാൻ നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി തീരുമാനമെടുത്തതെന്ന് കമ്മീഷൻ കണ്ടെത്തി. ഇതേ ദിവസം മുതൽ പരാതിക്കാരന് പെൻഷന് അർഹതയുള്ളതായി കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. സോഫ്റ്റ് വെയറിൽ വിവരങ്ങൾ നൽകാൻ അനുമതി ലഭിച്ച 2019 മുതൽ പെൻഷൻ നൽകാമെന്ന നഗരസഭാ സെക്രട്ടറിയുടെ വാദം കമ്മീഷൻ തള്ളി. 2018 ജൂലൈ 21 മുതൽ പെൻഷൻ അനുവദിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
പബ്ലിക് റിലേഷൻസ് ഓഫീസർ