ഹീമോഫീലിയ രോഗികൾക്ക്
കണ്ണൂർ : ഹീമോഫീലിയ രോഗികൾക്ക് സംസ്ഥാനത്ത് മതിയായ ചികിത്സാ സൗകര്യം ഉറപ്പാക്കുന്നതിന് ആലുവ ജില്ലാ ആശുപത്രിയിലെ ഹീമോഫീലിയ ട്രീറ്റ്മെന്റ് സെൻ്ററിൻ്റെ മാതൃകയിൽ എല്ലാ ജില്ലാ ഹീമോഫീലിയ ഡേ കെയർസെന്ററുകളും പുന:സംഘടിപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് നിർദ്ദേശം നൽകിയത്. ഉത്തരവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ 3 മാസത്തിനകം സമർപ്പിക്കണമെന്നും കമമീഷൻ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
50 % അസ്ഥി സംബന്ധമായ വൈകല്യമുള്ള 3 ഹീമോഫീലിയ രോഗികൾ സമർപ്പിച്ച പരാതികളിലാണ് നടപടി.
കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഹീമോഫീലിയ ഡേ കെയർ സെന്റർ പ്രവർത്തിക്കുന്നുണ്ടെന്ന് കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസർ കമ്മീഷനെ അറിയിച്ചു. രജിസ്റ്റർ ചെയ്ത 146 രോഗികൾക്കായി 4 കിടക്കകൾ നീക്കി വച്ചിട്ടുണ്ട്. ഹീമോഫീലിയ രോഗികൾ ജില്ലാ ആശുപത്രിയിൽ വന്നാൽ ഏതു സമയത്തും അവർക്ക് ചികിത്സാ (ഫാക്ടർ) ലഭ്യമാണ്. ഹീമോഫീലിയ രോഗികളുടെ ചികിത്സക്കായി ജില്ലകളിൽ നോഡൽ ഓഫീസർമാരെ നിയമിച്ചിട്ടുണ്ട്. രോഗികൾക്ക് മരുന്ന് ലഭിക്കാത്ത സാഹചര്യം ഉണ്ടായിട്ടില്ല. രോഗികൾക്ക് ഫാക്ടർ ലഭിക്കാൻ നോഡൽ ഓഫീസറുടെ മരുന്ന് കുറിപ്പടി ആവശ്യമില്ല. സർക്കാർ മെഡിക്കൽ ഓഫീസറുടെ കുറിപ്പടി മതി.ആശാധാര പദ്ധതിയുടെ ഭാഗമായി താലൂക്ക് ആശുപത്രികളിൽ ഫാക്ടർ ലഭ്യമാണ്. ഏതെങ്കിലും രോഗിക്ക് ആന്തരിക രക്തസ്രാവം ഉണ്ടാവുകയാണെങ്കിൽ ഏറ്റവും അടുത്തുള്ള താലൂക്ക് ആശുപത്രിയിൽ നിന്നും എത്രയും വേഗം ഫസ്റ്റ് ഡോസ് എടുക്കാവുന്നതാണ്. കൂടുതൽ ഡോസ് ആവശ്യമുണ്ടെങ്കിൽ ഡേ കെയർ സെന്ററിലെത്താം. ആശാധാര പദ്ധതിയിൽ വീട്ടിലേക്ക് ഫാക്ടർ കൊടുത്തയക്കുന്ന സംവിധാനം നിലവിലില്ല. എല്ലാ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർമാർക്കും മരുന്ന് കുറിച്ച് നൽകാൻ പരിശീലനം നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു