രോഗികളോടും കൂട്ടിരിപ്പുകാരോടും മനുഷ്വത്വപരമായല്ല ഇടപെടുന്നതെന്ന് മനുഷ്യാവകാശ കമ്മീഷൻ

HRMP No. 8373/2020

Kerala State Human Rights  commission

Thiruvananthapuram

10/03/23

രോഗികളോടും കൂട്ടിരിപ്പുകാരോടും മനുഷ്വത്വപരമായല്ല ഇടപെടുന്നതെന്ന് മനുഷ്യാവകാശ കമ്മീഷൻ

കൽപ്പറ്റ : സാന്ത്വനവും പരിചരണവും അർഹിക്കുന്ന രോഗികളോടും അവരുടെ കൂട്ടിരിപ്പുകാരോടും ആശുപത്രി ജീവനക്കാരിൽ ഏറെപേരും മനുഷ്വത്വപരമായല്ല ഇടപെടുന്നതെന്ന് മനുഷ്യാവകാശ കമ്മീഷൻ.

     മാനന്തവാടി ജില്ലാ ആശുപത്രിയിലെ ഡോക്ടറും സ്റ്റാഫ് നേഴ്സും മതിയായ പരിചരണം നൽകാത്തതു കാരണം കുട്ടിക്ക് ശാരീരിക പ്രശ്നങ്ങളുണ്ടായെന്ന പരാതിയിലാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥിന്റെ നിരീക്ഷണം.  മാനന്തവാടി കാട്ടിക്കുളം മുള്ളൻകൊല്ലി പുത്തൻവീട്ടിൽ രമ്യ ജിമേഷ് സമർപ്പിച്ച പരാതിയിലാണ് നടപടി.  

     വയനാട് ജില്ലാ മെഡിക്കൽ ഓഫീസറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി.  ചികിത്സാ പിഴവ് പരിശോധിക്കാനായി നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ട് ഡി.എം.ഒ. കമ്മീഷന് കൈമാറി. അന്വേഷണത്തിൽ ആശുപത്രി ജീവനക്കാരുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായിട്ടില്ലെന്നാണ് കണ്ടെത്തൽ.  പരാതിക്കാരിയുടെ കുഞ്ഞിന് സെറിബ്രൽ പാൾസിയാണെന്നും ഗർഭാവസ്ഥയിൽ അത് മനസ്സിലാക്കാൻ കഴിയുന്നതല്ലെന്നും പറയുന്നു.ഗർഭാവസ്ഥയിൽ കുഞ്ഞിന്റെ മസ്തിഷ്കത്തിൽ വന്ന ക്ഷതങ്ങൾ കാരണമാവാം കുഞ്ഞിന് രോഗാവസ്ഥയുണ്ടായതെന്നാണ് അന്വേഷണ സമിതി കണ്ടെത്തിയിരിക്കുന്നത്.  ഇത് ചികിത്സാ പിഴവല്ല.  പരാതിക്കാരിയുടെ കേസ് ഷീറ്റ് പൂർണ്ണമായും സൂക്ഷിക്കുന്നതിൽ ജീവനക്കാർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ഇത്തരം പ്രവണതകൾ ഒഴിവാക്കാൻ ഗൈനിക് വിഭാഗത്തിലെ ജീവനക്കാർക്ക് കർശന നിർദ്ദേശം നൽകേണ്ടതാണെന്നും റിപ്പോർട്ടിലുണ്ട്.  ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗികളോടും ഗർഭിണികളോടും കൂട്ടിരുപ്പുകാരോടും സൗമ്യമായി പെരുമാറാൻ നിർദ്ദേശം നൽകണം.  പ്രസവമുറിയിലെ സൂപ്പർവൈസർമാരും ജീവനക്കാരും രോഗികളോട് സൗമ്യമായി പെരുമാറണം.  ഇതിനാവശ്യമായ പരിശീലനം ജീവനക്കാർക്ക് നൽകണം.  രോഗികളുടെ പരാതികൾ കേട്ട് പരിഹരിക്കാൻ സൂപ്പർവൈസർമാർക്ക് നിർദ്ദേശം നൽകണമെന്നും സമിതി ശുപാർശ ചെയ്തു.  സമിതിയുടെ റിപ്പോർട്ട് പ്രകാരം ജില്ലാ മെഡിക്കൽ ഓഫീസർക്ക് നടപടിയെടുക്കാമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.

     ചികിത്സാപിഴവ് സംബന്ധിച്ച പരാതിയായതിനാൽ പരാതിക്കാരിക്ക് ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തെ സമീപിക്കാമെന്നും ഉത്തരവിൽ പറയുന്നു.

 പബ്ലിക് റിലേഷൻസ് ഓഫീസർ

#KeralaStateHumanRightsCommission 

Byjunath Kakkadath