വിദഗ്ദ്ധ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
യുവതിയുടെ മരണം ചികിത്സാ പിഴവെന്ന് പരാതി : വിദഗ്ദ്ധ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി വേണമെന്ന്
മനുഷ്യാവകാശ കമ്മീഷൻ
കോട്ടയം : കടുത്ത തലവേദനയുമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയ ചിന്നാർ സ്വദേശിനി യഥാസമയം ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് മരിച്ച സംഭവത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ രൂപീകരിക്കുന്ന വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഉചിതമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും, കോട്ടയം, ഇടുക്കി ജില്ലാ പോലീസ് മേധാവിമാർക്കുമാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർദ്ദേശം നൽകിയത്.
ചിന്നാർ നാലാം മൈൽ സിദ്ധൻ ഭവനിൽ സി. ആർ. രാമരുടെ മകൾ ലിഷമോളാണ് (30) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ 2022 ജൂലൈ 24 ന് ചികിത്സ തേടിയത്. കാഷ്വാലിറ്റിയിലെത്തിയ രോഗിയെ ഡോക്ർ പരിശോധിക്കാൻ തയ്യാറായില്ലെന്നാണ് പരാതി. തിരക്കുള്ളവർക്ക് മറ്റ് ആശുപത്രിയിലേക്ക് പോകാം എന്നും ഡ്യൂട്ടി ഡോക്ടർ പറഞ്ഞുവെന്നാണ് റിപ്പോർട്ട്. കടുത്ത തലവേദനയെ തുടർന്ന് ലിഷമോളെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും അവിടെ എത്തും മുമ്പ് മരിച്ചു.
വാഗമൺ മലനാട് സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരിയായിരുന്നു ലിഷമോൾ. 3 വയസ്സുള്ള ഒരു മകനാണ് ലിഷമോൾ - സൂരജ് കെ. സുധാകരൻ ദമ്പതികൾക്കുള്ളത്. ലിഷമോൾ നേരിട്ട മനുഷ്യാവകാശ ലംഘനം കമ്മീഷന്റെ ശ്രദ്ധയിൽ കൊണ്ടുവന്നത് മനുഷ്യാവകാശ പ്രവർത്തകനായ ഡോ. ഗിന്നസ് മാടസാമിയാണ്.
ആരോഗ്യവിദ്യാഭ്യാസ ഡയറക്ടർ കമ്മീഷനിൽ റിപ്പോർട്ട് സമർപ്പിച്ചു. ഡോക്ടർ രോഗിയെ പരിശോധിച്ച് സി.റ്റി. സ്കാൻ എടുക്കാൻ നിർദ്ദേശിച്ചെങ്കിലും ഡ്യൂട്ടി ഡോക്ടർ അറിയാതെ രോഗി ആശുപത്രി വിട്ടുപോയതായി റിപ്പോർട്ടിൽ പറയുന്നു.
കോട്ടയം ജില്ലാ പോലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിൽ പീരുമേട് പോലീസ് ക്രൈം 539/22 നമ്പറായി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുന്നതായി പറയുന്നു. 2022 ജൂലൈ 24 ന് കാഷ്വാലിറ്റിയിലുണ്ടായിരുന്ന ഡോക്ടറുടെ ചികിത്സാപിഴവ് പരിശോധിക്കാൻ വിദഗ്ദ്ധ സമിതി അന്വേഷിക്കണമെന്നും ജില്ലാ പോലീസ് മേധാവി കമ്മീഷനെ അറിയിച്ചു. ഡോക്ടർമാർ ഇല്ലാത്ത സമിതി മരണകാരണം അന്വേഷിക്കണമെന്ന് ലിഷമോളുടെ പിതാവ് ആവശ്യപ്പെട്ടു. വിദഗ്ദ്ധ സമിതി എത്രയും വേഗം രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
പബ്ലിക് റിലേഷൻസ് ഓഫീസർ
#KeralaStateHumanRightsCommission