കടാശ്വാസമായി വായ്പ എഴുതി തള്ളുമായിരുന്നു.

സർക്കാർ നിർദ്ദേശിച്ചിട്ടും വായ്പാ തുക മടക്കി നൽകാത്ത ബാങ്ക് സെക്രട്ടറിയോട് നേരിട്ട് ഹാജരാകണമെന്ന്  :  മനുഷ്യാവകാശ കമ്മീഷൻ

മലപ്പുറം : പട്ടികജാതി – പട്ടികവർഗ്ഗ വകുപ്പ് മടക്കി നൽകാൻ നിർദ്ദേശിച്ചിട്ടും സഹകരണ ബാങ്ക് അടച്ച തുക തിരികെ നൽകിയില്ലെന്ന പരാതിയിൽ മലപ്പുറം എ. ആർ. നഗർ സർവ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി നേരിട്ട് ഹാജരായില്ലെങ്കിൽ ബാങ്ക് സെക്രട്ടറിക്കെതിരെ കമ്മീഷൻ നിയമാനുസൃതമായ നടപടികൾ സ്വീകരിക്കുമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

     മാർച്ച് 17ന് രാവിലെ 10.30 ന് തിരൂർ പി.ഡബ്ല്യു. ഡി. റസ്റ്റ് ഹൌസിൽ നടക്കുന്ന സിറ്റിംഗിൽ ഹാജരാകണമെന്നാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നൽകിയ ഉത്തരവ്.  തിരൂരങ്ങാടി ഒളകര പുകയൂർ കൊട്ടം ചാലിൽ ഹൌസിൽ കെ. സി. ചന്ദ്രൻ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

     എ. ആർ. നഗർ സർവ്വീസ് സഹകരണ ബാങ്കിൽ നിന്നുമാണ് പരാതിക്കാരൻ വായ്പയെടുത്തത്.  പട്ടികജാതി – പട്ടികവർഗ്ഗ വികസന വകുപ്പിന്റെ 2013 ഡിസംബർ 10 ലെ 99/2013 നമ്പർ ഉത്തരവ് പ്രകാരം കടാശ്വാസമായി പ്രസ്തുത വായ്പ എഴുതി തള്ളുമായിരുന്നു.  എന്നാൽ ബാങ്ക് സെക്രട്ടറി സർക്കാർ ഉത്തരവ് ലംഘിച്ചതായി പരാതിയിൽ പറയുന്നു.  വായ്പ തിരിച്ചടച്ചില്ലെങ്കിൽ ജപ്തി നടപടികളിലേക്ക് പ്രവേശിക്കുമെന്ന് കാണിച്ച് ബാങ്ക് നോട്ടീസ് നൽകിയതായി പരാതിയിൽ പറയുന്നു.  തുടർന്ന് മൂന്നു ഗഡുവായി വായ്പ തിരിച്ചടക്കാൻ നിർബന്ധിതനായി.  തുടർന്ന് സർക്കാരിൽ അപേക്ഷ നൽകിയതിന്റെ അടിസ്ഥാനത്തിൽ 2015 നവംബർ 27 ന് തുക തിരികെ നൽകാൻ ഉത്തരവുമായി.  എന്നാൽ തുക തിരികെ നൽകിയില്ല.

     ഇക്കഴിഞ്ഞ ഫെബ്രുവരി 14 ന് തിരൂർ റസ്റ്റ് ഹൌസിൽ നടത്തിയ സിറ്റിംഗിൽ നേരിട്ട് ഹാജരാകാൻ ബാങ്ക് സെക്രട്ടറിക്ക് കമ്മീഷൻ നിർദ്ദേശം നൽകിയിരുന്നു.  എന്നാൽ സെക്രട്ടറി ഹാജരാവുകയോ റിപ്പോർട്ട് സമർപ്പിക്കുകയോ ചെയ്തില്ല.  ഇത് മനുഷ്യാവകാശ സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.

 പബ്ലിക് റിലേഷൻ ഓഫീസർ

21/02/2023. 

#KeralaStateHumanRightsCommission 

Byjunath Kakkadath