ഐ.ഐ.ടി.യിൽ പഠിക്കാം ബി.എസ്. ഡേറ്റാ സയൻസ് ആൻഡ് ആപ്ലിക്കേഷൻ

ഐ.ഐ.ടി.യിൽ പഠിക്കാം

 

പ്രായവും ദൂരവും സമയവും നോക്കാതെ ഐ.ഐ.ടി.യിൽ പഠിക്കാൻ അവസരം. ഏത് പ്രായത്തിലും ചേരാനും എവിടെനിന്നും പഠിക്കാനും കഴിയുന്ന ബി.എസ്. ഡേറ്റാ സയൻസ് ആൻഡ് ആപ്ലിക്കേഷൻ കോഴ്‌സിലേക്ക് മദ്രാസ് ഐ.ഐ.ടി. അപേക്ഷ ക്ഷണിച്ചു. നാലുവർഷം ദൈർഘ്യമുള്ള ഓൺലൈൻ കോഴ്‌സാണിത്.

 

ഫൗണ്ടേഷൻ, ഡിപ്ലോമ, ബി.എസ്‌സി., ബി.എസ്. എന്നിങ്ങനെ നാല് തലങ്ങളായിട്ടാണ് (ലെവൽ) കോഴ്‌സ് പൂർത്തിയാക്കുന്നത്. ഒരോഘട്ടം പൂർത്തിയാക്കിയതിനുശേഷം പഠനം അവസാനിപ്പിക്കാനും തുടരാനും സാധിക്കും. പൂർത്തിയാക്കിയ തലം അനുസരിച്ച് ഫൗണ്ടേഷൻ, ഡിപ്ലോമ, ബിരുദം എന്നിങ്ങനെ സർട്ടിഫിക്കറ്റ് ലഭിക്കും.

 

എല്ലാവർക്കും അനുയോജ്യം

 

പ്ലസ്‌വൺ പൂർത്തിയാക്കിയവർക്ക് യോഗ്യതാ പരീക്ഷ എഴുതാം. പിന്നീട് പ്ലസ്ടു പൂർത്തിയാക്കുന്നതോടെ കോഴ്‌സിൽ ചേരാം. ജെ.ഇ.ഇ. അഡ്വാൻസ്ഡ് രജിസ്റ്റർ ചെയ്തവർക്കും അപേക്ഷിക്കാം. പ്രവേശനത്തിന് യോഗ്യത നേടിയതിനുശേഷം ഉടൻ കോഴ്‌സിൽ ചേരണമെന്നില്ല. ഒരുവർഷത്തിനുള്ളിൽ ഏതെങ്കിലും ബാച്ചിൽ ചേർന്നാൽ മതിയാകും. പ്ലസ്‌വൺ വിദ്യാർഥികൾക്ക് രണ്ടുവർഷം സമയമുണ്ട്. വർഷത്തിൽ മൂന്ന് ബാച്ചുകളാണ് നടത്തുന്നത്.

 

ഐ.ഐ.ടി. പെരുമയോടെ പഠനം

 

മദ്രാസ് ഐ.ഐ.ടി. നടത്തുന്ന എല്ലാ കോഴ്‌സുകൾക്കും സമാനമായ അംഗീകാരമുള്ള കോഴ്‌സാണിത്. കോഴ്സ് പൂർത്തിയാക്കുന്നവർ മദ്രാസ് ഐ.ഐ.ടി. അലംനി അംഗങ്ങളാകും. ഫൗണ്ടേഷൻ കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് ഐ.ഐ.ടി. മദ്രാസ് സെന്റർ ഫോർ ഔട്ട്‌റീച്ച് ആൻഡ് ഡിജിറ്റൽ എജ്യുക്കേഷന്റെ സർട്ടിഫിക്കറ്റ് ലഭിക്കും. ഡിപ്ലോമ, ബി.എസ്‌സി., ബി.എസ്. സർട്ടിഫിക്കറ്റുകൾ ഐ.ഐ.ടി. നൽകും.

 

യോഗ്യത

 

പ്ലസ്ടു വിജയിച്ച ആർക്കും പ്രവേശനത്തിന് അപേക്ഷിക്കാം. സയൻസ് പശ്ചാത്തലം വേണമെന്ന് നിർബന്ധമില്ല. ഏതുവിഷയത്തിൽ പ്ലസ്ടു വിജയിച്ചവർക്കും അപേക്ഷിക്കാം. ഓൺലൈൻ പ്രവേശനപരീക്ഷയുണ്ട്. യോഗ്യതാ പരീക്ഷയ്ക്കുമുമ്പ് ഓൺലൈൻ ലെക്ച്ചറുകൾ അടക്കം നാലാഴ്ചത്തെ തയ്യാറെടുപ്പുകളുണ്ടാകും.

 

അവസരങ്ങൾ

 

കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് തൊഴിൽ അവസരത്തിനൊപ്പം എം.ടെക്. പഠനത്തിനും കഴിയും. കോഴ്‌സിനിടെ വൻകിട കമ്പനികളിൽ ഇന്റേൺഷിപ്പിന് അവസരമുണ്ട്. രണ്ടുവർഷം മുമ്പ് ആരംഭിച്ച കോഴ്‌സിൽ ഡിപ്ലോമ പൂർത്തിയാക്കിയവർക്ക് കെ.പി.എം.ജി., ആദിത്യ ബിർള, റെനോ നിസാൻ, റിലൻസ് ജിയോ, ഫോർഡ് അനലറ്റിക്സ് എന്നീ കമ്പനികളിൽ ഇന്റേൺഷിപ്പ് ലഭിച്ചിട്ടുണ്ട്.

 

ഫീസ് ഇളവ്

 

കുടുംബത്തിന്റെ സാമ്പത്തികവരുമാനം അഞ്ചുലക്ഷത്തിൽ കുറവുള്ള ജനറൽ വിഭാഗക്കാർക്ക് അടക്കം ഫീസ് ഇളവ് ലഭ്യമാണ്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് 75 ശതമാനംവരെ ട്യൂഷൻ ഫീസ് ഇളവുണ്ട്. പിന്നാക്ക വിഭാഗങ്ങൾക്ക് അപേക്ഷാ ഫീസിലും ഇളവുണ്ട്.

 

നാല് കോഴ്‌സുകൾ

 

ഒരോതലവും ഒരോ കോഴ്‌സായിട്ടാണ് നടത്തുന്നത്. ഫൗണ്ടേഷൻ കോഴ്‌സ് പൂർത്തിയാക്കിയാൽ ഡിപ്ലോമ കോഴ്‌സിന് രജിസ്റ്റർചെയ്തു പഠനം തുടരാം. അല്ലെങ്കിൽ ഫൗണ്ടേഷൻ കോഴ്‌സിന്റെ സർട്ടിഫിക്കറ്റ് നേടി പഠനം അവസാനിപ്പിക്കാം. ഡിപ്ലോമ പൂർത്തിയാക്കിയാൽ പഠനം അവിടെ അവസാനിപ്പിക്കാനും ബി.എസ്‌.ലേക്ക് പ്രവേശനംനേടാനും അവസരമുണ്ട്. ഇത്തരത്തിൽ ബി.എസ്.വരെ തുടരാം.

 

ഫൗണ്ടേഷൻ

 

മാത്തമാറ്റിക്‌സ് ഫോർ ഡേറ്റ സയൻസ്, സ്റ്റാറ്റിസ്റ്റിക്‌സ് ഫോർ ഡേറ്റ സയൻസ്, ഇംഗ്ലീഷ്, ബേസിക് പ്രോഗ്രാമിങ് ഉൾപ്പെടെ എട്ട് വിഷയങ്ങൾ. ഒന്നുമുതൽ മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാക്കണം

 

ഡിപ്ലോമ

 

ഡിപ്ലോമ ഇൻ ഡേറ്റാ സയൻസ്, ഡിപ്ലോമ ഇൻ പ്രോഗ്രാമിങ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലാണ് ഡിപ്ലോമ ലെവൽ പഠനം. ആറ് തിയറി, രണ്ട് പ്രോജക്ടുകൾ അടങ്ങുന്നതാണ് കോഴ്സ്. ഒരു ഡിപ്ലോമ വിജയകരമായി പൂർത്തിയാക്കിയതിനുശേഷം പഠനം അവസാനിപ്പിച്ചാലും സർട്ടിഫിക്കറ്റ് ലഭിക്കും. രണ്ട് ഡിപ്ലോമകളും പൂർത്തിയാക്കുന്നവർക്ക് ബി.എസ്‌സി.തലത്തിലേക്ക് പ്രവേശനംനേടാം. രണ്ട് ഡിപ്ലോമ സർട്ടിഫിക്കറ്റ് നേടി പഠനം അവസാനിപ്പിക്കാനും സാധിക്കും. ദൈർഘ്യം: 1-2 വർഷം (ഒരോ ഡിപ്ലോമ ലെവലും)

 

ബി.എസ്‌സി., ബി.എസ്.

 

ഡിപ്ലോമ പൂർത്തിയാക്കിയവർക്ക് ബി.എസ്‌സി. ഇൻ പ്രോഗ്രാമിങ് ആൻഡ് ഡേറ്റ സയൻസിലേക്ക് പ്രവേശനം ലഭിക്കും. ബി.എസ്‌സി. പൂർത്തിയാക്കിയാൽ ബി.എസ്. ഇൻ ഡേറ്റ സയൻസ് ആൻഡ് ആപ്ലിക്കേഷൻസ്‌ പഠനം തുടരാം. ബി.എസ്‌സി. സർട്ടിഫിക്കറ്റ് നേടി പഠനം അവസാനിപ്പിക്കാനും സാധിക്കും. ബി.എസ്.സി., ബി.എസ്. ബിരുദതലത്തിൽ സോഫ്റ്റ്‌വേർ ടെസ്റ്റിങ്, സോഫ്റ്റ്‌വേർ എൻജിനിയറിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ വിവിധ വിഷയങ്ങളാണ് പഠിക്കുന്നത്. താത്പര്യം അനുസരിച്ച് ഐച്ഛികവിഷയങ്ങൾ തിരഞ്ഞെടുക്കാം. ദൈർഘ്യം: ഒന്നുമുതൽ മൂന്നു വർഷത്തിൽ പൂർത്തിയാക്കണം

 

വിവരങ്ങൾക്ക്: onlinedegree.iitm.ac.in. അവസാന തീയതി: 15 ജനുവരി 2023