complaint against police by RMO

complaint against police by RMO

ഇന്നലെ ഉച്ച സമയം ഏകദേശം 12:30 മണിക്ക് ഞാൻ ആശുപത്രി ജീവനക്കാരുടെ അറ്റൻഡൻസ് പരിശോധിച്ച് കൊണ്ടിരിക്കുന്ന സമയത്ത്, കാക്കി വസ്ത്രം ധരിച്ച ഒരാൾ (തൊപ്പിയുണ്ടായിരുന്നില്ല എന്നാണ് ഓർമ) ഓഫീസിൽ വന്ന് ഒരു കടലാസ് എന്റെ മുന്നിലേക്ക് വെച്ച് ഇതിൽ ഒപ്പിട്ട് തരണമെന്ന് ആവശ്യപ്പെടുകയുണ്ടായി. എന്താണെന്ന് ചോദിച്ചപ്പോൾ അദ്ദേഹം പോലീസ് ആണെന്ന് പറയുകയും ഒരു പ്രതിയെ കൊണ്ടുവന്നിട്ടുണ്ടെന്നും അവർക്ക് CT സ്കാൻ സൗജന്യമായി ചെയ്തു കിട്ടുവാൻ ഒപ്പിടണമെന്നും വളരെ കർക്കശ സ്വരത്തിൽ ആവശ്യപ്പെടുകയുണ്ടായി. അദ്ദേഹത്തിന്റെ സംസാരത്തിലും പെരുമാറ്റത്തിലും പന്തികേട് തോന്നിയത് കൊണ്ട് അദ്ദേഹത്തോട് ഞാൻ രോഗിയെ ഡോക്ടറെ കാണിച്ച PRESCRIPTION ആവശ്യപ്പെട്ടപ്പോൾ അതൊന്നും കാണിച്ച് തരുവാൻ സൗകര്യമില്ല എന്നും പറഞ്ഞ് എന്നോട് ഒപ്പിട്ട് തരുവാൻ വളരെ മോശം ഭാഷയിലും ഭീഷണിപ്പെടുത്തുന്ന സ്വരത്തിലും നിർബന്ധിക്കുകയുണ്ടായി. താങ്കൾ ഏത് പോലീസ് സ്റ്റേഷനിലാണ് ജോലി ചെയ്യുന്നത് എന്ന് ചോദിച്ചപ്പോൾ "യൂണിഫോം കണ്ടാൽ അറിയില്ലേ ഞാൻ പോലീസ് ആണെന്ന്" എന്ന് വളരെ ധിക്കാര ഭാഷയിൽ മറുപടി തന്നു. അദ്ദേഹത്തിന്റെ സംസാരവും പെരുമാറ്റവും ഒട്ടും ഒരു പോലീസ് ഓഫീസറുടെ ജോലിക്കോ ശൈലിക്കൊ ചേർന്നതല്ലാതിരുന്നതിനാൽ, അദ്ദേഹം പോലീസ് തന്നെ ആണോ എന്ന സംശയം എനിക്ക് വരികയും, ഞാൻ അദ്ദേഹത്തോട് പോലീസ് ID CARD കാണിക്കുവാൻ ആവശ്യപ്പെടുകയും ചെയ്തു. അദ്ദേഹം അതിന് കൂട്ടാക്കിയില്ല എന്ന് മാത്രമല്ല, യൂണിഫോമിൽ ഉള്ള പോലീസിനോട് ID CARD ചോദിക്കുവാൻ പാടില്ല എന്നും പറഞ്ഞ് അദ്ദേഹം കസേരയിൽ നിന്ന് എഴുനേൽക്കുകയും കൈ കൊണ്ട് എനിക്ക് മനസ്സിലാവാത്ത ചില ആംഗ്യങ്ങൾ കാണിക്കുകയും ചെയ്തു. തുടർന്ന് ഞാൻ അദ്ദേഹത്തോട് താങ്കളുടെ സ്റ്റേഷനിലെ SHO യുടെ നമ്പർ തരുമോ എന്ന് ചോദിച്ചപ്പോൾ SHO ലീവിൽ ആണെന്നും നമ്പർ തരുവാൻ സാധ്യമല്ല എന്നും പറഞ്ഞ് ഒഴിഞ്ഞ് മാറുവാൻ ശ്രമിച്ചു. എങ്കിൽ SHO INCHARGE ആയിട്ടുള്ള ആളുടെ നമ്പർ ചോദിച്ചപ്പോഴും തരുവാൻ കൂട്ടാക്കിയില്ല. പകരം അദ്ദേഹത്തിന്റെ ഫോണിൽ നിന്ന് ആരെയോ വിളിച്ച് എനിക്ക് ഫോൺ തരികയും ഇത് SHO ആണെന്ന് പറയുകയും ചെയ്തു. തുടർന്ന് ഫോണിലുള്ള ആൾ പോലീസ് ഓഫീസർ തന്നെ ആണോ എന്ന് എനിക്ക് ഉറപ്പില്ലായിരുന്നെങ്കിലും ഞാൻ സംസാരിക്കുകയും ഈ വന്ന ആൾക്ക് ID CARD ഇല്ലാത്തതിനാൽ എനിക്ക് ഒദ്യോഗിക പരിഗണന നൽകുവാൻ ബുദ്ധിമുട്ട് ഉണ്ടെന്ന് പറഞ്ഞ് മനസ്സിലാക്കി കൊടുക്കുവാൻ ശ്രമിച്ചു. പക്ഷെ ഞാൻ പറഞ്ഞതിന്റെ സാങ്കേതിക വശം മനസ്സിലാക്കാതെ SHO എന്ന് പരിചയപ്പെടുത്തിയ ഫോണിലുള്ള ആൾ എന്നോട് തർക്കിക്കുവാൻ ശ്രമിക്കുകയാണ് ഉണ്ടായത്. ഫോൺ സംഭാഷണം കഴിഞ്ഞതിന് ശേഷം ഓഫീസിൽ വന്ന വ്യക്തിയോട് താങ്കളുടെ പെരുമാറ്റവും സംസാര ശൈലിയും ഒരു പോലീസ് ഓഫീസറുടേത് അല്ലാത്തതിനാലും, രോഗിയെ കാണിച്ച PRESCRIPTION കയ്യിൽ ഇല്ലാത്തതിനാലും, SHO യുടെ നമ്പർ തരുവാൻ താങ്കൾ തയ്യാറില്ലാത്തതിനാലും, പോലീസ് ID CARD കാണിച്ച് തരുവാൻ താങ്കൾ തയ്യാറില്ലാത്തതിനാലും താങ്കൾ ഒരു പോലീസ് ഓഫീസർ തന്നെ ആണോ എന്ന് എനിക്ക് സംശയമുണ്ട് എന്ന് പറഞ്ഞപ്പോൾ അദ്ദേഹം എന്നെ ശരിക്കും പേടിപ്പിക്കുന്ന വിധത്തിൽ ഉച്ചത്തിൽ സംസാരിക്കുകയും അടിക്കുവാൻ എന്ന ഭാവേന മുന്നോട്ട് വരികയും ഒക്കെ ചെയ്തു. എന്നെ എന്റെ ജോലി ചെയ്യുവാൻ അനുവദിക്കണമെന്നും എന്റെ ജോലി തടസ്സപ്പെടുത്തരുതെന്നും അദ്ദേഹത്തോട് പറഞ്ഞിട്ടും അദ്ദേഹം എന്നെ ഭീഷണിപ്പെടുത്തൽ തുടർന്നു. തുടർന്ന് ഞാൻ പോലീസ് എയ്ഡ് പോസ്റ്റിൽ വിവരം അറിയിക്കുവാൻ വേണ്ടി ഫോൺ എടുത്തപ്പോൾ അദ്ദേഹം ഓഫീസിൽ നിന്നും എന്തോക്കെയോ പിച്ചും പേയും പറഞ്ഞ് കൊണ്ട് ഇറങ്ങി ഓടി. എന്നിരുന്നാലും ഞാൻ CT യൂണിറ്റിൽ വിളിച്ച് ഇത്തരത്തിൽ ഒരു രോഗി അവിടെ ഉണ്ടോ എന്ന് നോക്കാൻ പറയുകയും, ഉണ്ടെങ്കിൽ രോഗിയുടെ പരിശോധനയും ചികിത്സയും നൽകണമെന്ന് നിർദ്ദേശം നൽകുകയും ചെയ്തു.

പിന്നീട് ഈ വന്ന വ്യക്തി _______പോലീസ് സ്റ്റേഷനിലെ CPO (കോൺസ്റ്റബിൾ) ആണെന്നും ഇദ്ദേഹം ഇദ്ദേഹത്തിന്റെ ഫോണിൽ നിന്നും CALL ചെയ്ത് ഞാനുമായി ഉണ്ടായ സംഭാഷണം റെക്കോർഡ് ചെയ്ത് വിവിധ WHATSAPP ഗ്രൂപ്പുകളിലും മറ്റും മോശം കമൻറുകളോടെ പ്രചരിപ്പിക്കുന്നതായും അറിയുവാൻ സാധിച്ചു.

പോലീസ് ഉദ്യോഗസ്ഥരുമായി മാത്രമല്ല, വിവിധ ഡിപ്പാർട്മെന്റുകളിലെ നിരവധി ഉദ്യോഗസ്ഥരുമായും നല്ല സൗഹൃബന്ധം ഉള്ള എനിക്ക് ഓഫീസിൽ വന്ന് ഒരു CPO (കോൺസ്റ്റബിൾ) റാങ്കിൽ ഉള്ള ഉദ്യോഗസ്ഥൻ എന്റെ ഒദ്യോഗിക സ്റ്റാറ്റസോ റാങ്കോ നോക്കാതെയും, KSR നിയമങ്ങൾ ഒന്നും പാലിക്കാതെയും, കേരള പോലീസ് മാന്വൽ 29, 97 എന്നിവക്കൊന്നും യാതൊരു വിലയും നൽകാതെയും പെരുമാറുന്നത് എനിക്ക് ആദ്യ അനുഭവം ആണ്. ദിവസവും നിരവധി പോലീസ് ഉദ്യോഗസ്ഥർ വരുന്ന ഈ ഓഫീസിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു സംഭവം ഉണ്ടാകുന്നത്. 

ഞാൻ ജോലി ചെയ്യുന്ന ഓഫീസിലേക്ക് കയറി വന്ന് പോലീസ് ആണെന്ന് അവകാശപ്പെട്ട വ്യെക്തിയുടെ ID CARD ചോദിക്കുവാൻ THE KERALA POLICE MANUAL 1969 - 96(2) പ്രകാരം എനിക്ക് പൂർണ്ണ അവകാശം ഉണ്ടായിരിക്കെ അത് നിഷേധിച്ച ഈ വ്യക്തിയുടെ പ്രവർത്തി തീർത്തും അച്ചടക്ക രഹിതവും പോലീസ് ഡിപ്പാർട്മെന്റിന് തന്നെ ചീത്ത പേര് ഉണ്ടാക്കുന്നതാണെന്നും മാത്രമല്ല, നമ്മുടെയൊക്കെ ക്രമസമാധാന പാലകരായ നല്ലവരായ നിരവധി പോലീസ് ഉദ്യോഗസ്ഥരുടെ നല്ല പ്രവർത്തികളെ കൂടി പൊതുജന മദ്ധ്യേ താറടിക്കുന്നതുമാണ്. മാത്രമല്ല ആശുപത്രിയുമായും HEALTH DEPARTMENT മായും പോലീസിനുള്ള സൗഹൃദ അന്തരീക്ഷം തകർക്കുന്നതുമാണ് ഇത്തരം വിരലിൽ എണ്ണാവുന്ന ധിക്കാരികളായ പോലീസുകാർ. 

അത് മാത്രമല്ല എന്നെ മാനഹാനി വരുത്തുകയും അപകീര്‍ത്തിപ്പെടുത്തുകയും എന്ന ലക്ഷ്യത്തോടെ എന്റെ ഫോൺ സംഭാഷണം എന്റെ അനുമതിയില്ലാതെ റെക്കോർഡ് ചെയ്ത് അത് വാട്സാപ്പ് ഗ്രൂപുകളിൽ പ്രചരിപ്പിച്ച് ഒരു പോലീസ് ഉദ്യോഗസ്ഥന് ചേരാത്ത വിധം മോശം അഭിപ്രായങ്ങൾ നടത്തിയത് THE INDIAN TELEGRAPH ACT, 1885 പ്രകാരവും THE INFORMATION TECHNOLOGY ACT, 2000 പ്രകാരവും തികച്ചും നിയമ ലംഘനവും ആണ്. നിയമ പാലകർ എന്ന് നമ്മൾ പ്രതീക്ഷിക്കുന്ന പോലീസ് വകുപ്പിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ ആണ്‌ ഇത്തരം നിലവാരമില്ലാത്ത പ്രവർത്തികൾക്ക് പിന്നിൽ എന്നുള്ളതാണ് ഏറ്റവും ഖേദകരവും ദുഃഖകരവും. അതിനു പുറമെ ഫേസ്ബുക്കിൽ സ്വന്തം അക്കൗണ്ടിൽ നിന്ന് പോസ്റ്റ് ചെയ്യാൻ പോലും ധൈര്യം ഇല്ലാത്ത ചില ഭീരുക്കൾ FAKE അക്കൗണ്ടുകൾ ഉണ്ടാക്കി മോശം കമന്റ്കൾ പ്രചരിപ്പിക്കുന്നതായും കാണുന്നുണ്ട്. 

യൂണിഫോം ധരിച്ച് വ്യാജ പോലീസ് ചമഞ്ഞ് കളവും കൊള്ളയും അക്രമങ്ങളും നടത്തിയവരെ പോലീസ് തന്നെ പിടികൂടിയ നിരവധി സംഭവങ്ങൾ വാർത്തകളിൽ വായിച്ചിട്ടുണ്ടല്ലോ. സ്വന്തം ID CARD കാണിച്ച് കൊടുക്കുന്നത് പോലീസ് ചമഞ്ഞ് നടക്കുന്ന വ്യാജന്മാരെ ഒരു പരിധി വരെ തടയുവാൻ സഹായിക്കും എന്നതിനാൽ സംശയം നിവാരണത്തിനായി ആവശ്യപ്പെട്ടാൽ  ID CARD കാണിക്കണം എന്ന് എല്ലാ ഓഫീസർമാരോടും അപേക്ഷിക്കുന്നു.

മേൽ വിഷയത്തിൽ എനിക്ക് അങ്ങേയറ്റം മാനസിക വിഷമം ഉള്ളതിനാൽ നിയമ സംരക്ഷണവും സഹായവും നൽകി നേരിട്ടും ഫോണിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും എന്നെ സപ്പോർട്ട് ചെയ്തവർക്ക് ഒരുപാട് നന്ദി.