വാഹന അപകട നഷ്ടപരിഹാര കേസ്

 

വാഹന അപകട നഷ്ടപരിഹാര കേസ് സംബന്ധിച്ചു പലരും ഇന്‍ബോക്സില്‍ ചോദിച്ചിരുന്ന കാര്യങ്ങള്‍ക്ക് പലസമയത്തായി നല്‍കിയ മറുപടികള്‍ ഒന്നിച്ചുചേര്‍ത്താണ് ഈ പോസ്റ്റ്‌ തയ്യറാക്കിയിരിക്കുന്നത്

1. മോട്ടര്‍ അക്സിഡന്റ് നഷ്ടപരിഹാരം ലഭിക്കുന്നതിന്  ട്രിബ്യുണലില്‍ ഹര്‍ജി ഫയല്‍ ചെയ്യുന്നതിന് അഡ്വക്കേറ്റുമാര്‍ ബ്ലാങ്ക് ചെക്ക് ആവിശ്യപ്പെടുന്നു, നല്‍കേണ്ടതുണ്ടോ?

ഉ: ബ്ലാങ്ക് ചെക്കോ, വെള്ളപേപ്പറില്‍ ഒപ്പിട്ടോ, ഫീസ് സംബന്ധിച്ചു കരാറോ ഹര്‍ജിക്കാരന്‍ നല്‍കേണ്ടതില്ല. ഭീമമായ ഫീസ് ഉറപ്പിക്കാനാണ് ഈ ബ്ലാങ്ക് ചെക്ക് ആവിശ്യപ്പെടുന്നത്.   അങ്ങനെ ആവിശ്യപ്പെടുകയണേല്‍ കേസ് ഫയല്‍ തിരിച്ചു വാങ്ങി മറ്റൊരു  അഭിഭാഷകനു നല്‍കുകയാണ് വേണ്ടത്. ഇങ്ങനെ ചെക്ക് വാങ്ങുന്നത് നിയമവിരുദ്ധമാണ്. സഹകരണ ബാങ്കുകള്‍, കേസ് പിടിക്കുന്നവര്‍ക്ക് ഹോള്‍ഡ്‌ ഉള്ള ബാങ്കുകളിലും മറ്റും  അകൌണ്ട് ഓപ്പണ്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുന്നതും പതിവാണ്. ഇതെല്ലാം ഭീമമായ തുക തട്ടിയെടുക്കാനുള്ള ഉദ്ദേശത്തോടെ ചെയ്യുന്നതാണ്.

2.  മോട്ടര്‍ അക്സിഡന്റ് ട്രിബ്യുണലില്‍ സ്വയം ഫയല്‍ ചെയ്യാന്‍ സാധിക്കുമോ? ടി കോടതിയില്‍ ഫയല്‍ ചെയ്യുന്നതിന്  അഭിഭാഷകര്‍ക്ക് പ്രത്യകം എന്തെലും ലൈസന്‍സ് ആവിശ്യം ഉണ്ടോ ?

ഉ: സ്വയം കേസ് ഫയല്‍ ചെയ്യുന്നതിനോ, നടത്തുന്നതിനോ യാതൊരു തടസ്സവും ഇല്ല.  കൂടാതെ, എല്ലാ അഭിഭാഷകര്‍ക്കും കേസ് നടത്താന്‍ മോട്ടര്‍ അക്സിഡന്റ് ട്രിബ്യുണലില്‍ സാധിക്കുന്നതാണ്. ബാര്‍ കൌണ്‍സിലില്‍ എന്‍റോള്‍ ചെയ്ത എല്ലാ  അഭിഭാഷകര്‍ക്കും, എതു കോടതിയിലും കേസ് നടത്തുന്നതിന് യാതൊരു തടസ്സവും ഇല്ല. പ്രാക്ടിസ് കൂടുതല്‍ ഉള്ളവര്‍ കൂടുതല്‍ ഫീസ് വാങ്ങാന്‍ ഉള്ള സാധ്യതയാണ് സാധാരണയായി കണ്ടുവരുന്നത്.  

3. മോട്ടര്‍ അക്സിഡന്റ്  ക്ലയിം  അല്ലേല്‍ വാഹന അപകട നഷ്ടപരിഹാര  തുക എങ്ങനെയാണ് ലഭിക്കുക ?

ഉ: മോട്ടര്‍ അക്സിഡന്റ്  ക്ലയിം  ട്രിബ്യുണലിന്റെ ഉത്തരവു പ്രകാരം ഹര്‍ജിക്കാരന്റെ ബാങ്ക് അക്കൌണ്ടില്‍ ഇന്‍ഷുറന്‍സ് തുക നേരിട്ട് ട്രാന്‍സ്ഫര്‍ ചെയ്യുകയാണ് നിലവിലെ രിതി. പണം ട്രാന്‍സ്ഫര്‍ ചെയ്ത വിവരം ഇന്‍ഷുറന്‍സ് കമ്പനി കോടതിയില്‍ മെമ്മോ ഫയല്‍ ചെയ്യുമ്പോള്‍ മാത്രം ആണ് ഇപ്പോള്‍ ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ പോലും അറിയുക. അപ്പോള്‍ പറഞ്ഞുറപ്പിച്ച ഫീസ് നല്കിയാല്‍ മതി. രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഇന്‍ഷുറന്‍സ് കമ്പനി ചെക്ക് നല്‍കുന്ന രീതി  കേരള ഹൈക്കോടതി അവസാനിപ്പിച്ചതിനാല്‍ ഹര്‍ജിക്കാരന്റെ പൂര്‍ണ സ്വതന്ത്രത്തിലാണ് ടി  നഷ്ടപരിഹാര തുക മുഴുവനും. 

4. അഭിഭാഷകന്‍ വന്‍തുക ഫീസ് ആവിശ്യപ്പെടുന്നത് ഒഴിവാക്കാന്‍ എന്ത് ചെയ്യണം ?

                                  ഉ: പോലീസ് സ്റ്റേഷനില്‍ Rs.5000രൂപ മുതല്‍ 1 ലക്ഷം രൂപ വരെ കൈക്കുലിയും മെഡിക്കല്‍ കോളേജുകളില്‍ കമ്മിഷന്‍ നല്കിയും എജന്റെ്കളെ  ശമ്പളത്തിനു വച്ചും  മറ്റുമാണ് പലരും കേസ് പിടിക്കുന്നത്. കേസിന് ഇങ്ങനെ ചിലവ് ആകുന്ന തുക നഷ്ടപരിഹാരം കിട്ടുന്ന തുകയില്‍ നിന്ന് അഭിഭാഷകന്‍  ഈടാക്കാന്‍ ശ്രമിക്കുന്നതാണ് ഫീസ്  തുക വര്‍ദ്ധിക്കാന്‍ കാരണമാകുന്നത്. എന്നാല്‍ നിലവില്‍ ഹര്‍ജിക്കാരന്റെ അക്കൌണ്ടില്‍ കിട്ടുന്നതിനാല്‍ പല കക്ഷികളും ഇപ്പോള്‍  വന്‍തുക ഫീസ്  നല്‍കാറില്ല. പരിചയത്തിലുള്ളതോ, അടുത്തുള്ളതോ ആയ അഭിഭാഷകര്‍ക്ക് കേസ് നല്‍കി ഈ അവസ്ഥ  ആക്സിഡന്റെ് സംഭവിക്കുന്നവര്‍ക്കും, അവരുടെ ലീഗല്‍ ഹയറിനും ഒഴിവാക്കവുന്നതാണ്. മോട്ടര്‍ അക്സിഡന്റ് കേസുകള്‍ പുതിയ അഭിഭാഷകര്‍ക്കും നന്നായി നടത്താന്‍ സാധിക്കുന്നതാണ്. ഇത്തരക്കാര്‍ക്ക് കേസ് നല്‍കിയോ, ലീഗല്‍ സര്‍വിസില്‍ അപേക്ഷ നല്‍കിയോ വന്‍ഫീസില്‍ നിന്ന്  വേണേല്‍ കക്ഷിക്ക് ഒഴിവാകാവുന്നതാണ്. സ്ത്രികള്‍, വിഭിന്നശേഷിയുള്ളവര്‍, കുട്ടികള്‍, വാര്‍ഷിക വരുമാനം  3 ലക്ഷത്തില്‍ കുറവ് ഉള്ളവര്‍ക്ക് അഭിഭാഷകന്റെ സേവനം ലീഗല്‍ സര്‍വിസ് സോസയിറ്റിയില്‍ നിന്ന് സൗജന്യമാണ്.

5.   പോലീസ് പറയുന്ന അഭിഭാഷകന് കേസ് നല്‍കേണ്ടതുണ്ടോ?

ഉ: നല്‍കേണ്ടതില്ല.  അങ്ങനെ ആവിശ്യപ്പെട്ടാല്‍ ജില്ലാ പോലീസ് മേധാവി,  ഡിജിപി, പോലീസ് കമ്പളെയിന്റ്റ് അതോറിറ്റിയില്‍ തുടങ്ങിയഅധികാര കേന്ദ്രങ്ങളില്‍ ടിയാന്‍മാര്‍ക്കേതിരെ  പരാതി നല്‍കാവുന്നതാണ്. നിലവില്‍ പോലീസ് സ്റ്റേഷനിലെ ഇത്തരം കൈക്കുലി ഇടപാട് അവസാനിപ്പിക്കാനുള്ള ശ്രമമാണ് കേരളാ പോലീസും, കോടതികളും, സര്‍ക്കാരും  നടത്തികൊണ്ടിരിക്കുന്നത്.  പോലീസ്കാരെയും വിജലന്‍സ്‌ ഇപ്പോള്‍ നീരിക്ഷിച്ചുവരുകയാണന്നു അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. കേരളത്തില്‍  ഒരു   പോലീസ് സ്റ്റേഷനില്‍  ഒരു മാസം ലക്ഷങ്ങളുടെ ഇടപാട്  ഈ രീതിയില്‍  നടക്കുന്നുള്ളതായി പറയപ്പെടുന്നു.

6. വാഹന അപകടം സംഭവിച്ചാല്‍ ഹര്‍ജിക്കാരന്‍ എന്തോക്കെ ചെയ്യണം?

ഉ: ഹോസ്പിറ്റലില്‍ ഡോക്ടറോട് നിര്‍ബന്ധമായും റോഡിലെ  വാഹന അപകടം ആയിരുന്നുവെന്നും ‘എതിരെ അല്ലേല്‍ പുറകെവന്ന വാഹനം അമിതവേഗത്തില്‍ അലക്ഷ്യമായി ഓടിച്ചു വന്നു ഇടിച്ചാണ് പരുക്ക് പറ്റിയത് എന്നും പറയുക. ഇടിച്ച വണ്ടിയുടെ നമ്പര്‍ പറയണമെന്ന് നിര്‍ബന്ധം ഇല്ല. അതിനു ശേഷം പോലീസിനെ വിവരം അറിയിക്കുക. ഒപ്പം കേരളപോലീസിന്റെ  മൊബയില്‍  ആപ്പ് അല്ലേല്‍ തുണ (www.thuna.keralapolice.gov.in)  വെബ്സൈറ്റ് ഉപയോഗിച്ചു ഒരു പരാതികുടി രജിസ്റ്റര്‍ ചെയ്യുക. ടി പരാതിയിലും ‘എതിരെ അല്ലേല്‍ പുറകെ   വന്ന വാഹനം അമിതവേഗത്തില്‍ അലക്ഷ്യമായി ഓടിച്ചു വന്നു ഇടിച്ചാണ് പരുക്ക് പറ്റിയത് എന്ന് ചേര്‍ക്കുക’. ഇങ്ങനെ പരാതി രജിസ്റ്റര്‍ ചെയ്യുന്നത് FIR രജിസ്റ്റര്‍ ചെയ്യാനുള്ള ബോധപൂര്‍വമായ കാലതാമസം ഒഴിവാക്കാന്‍ ഹര്‍ജിക്കാരനെ സഹായിക്കുന്നതാണ്. FIR രജിസ്റ്റര്‍ ചെയ്യാന്‍ ഉള്ള കാലതാമസം ഉണ്ടായാല്‍ ആയത് കേസിനെ പ്രതികൂലമായി ബാധിക്കുന്നതാണ്. അപകടകാരണത്തില്‍ പരുക്കേറ്റ വ്യക്തിക്ക് എന്തെലും കുറ്റം ഉണ്ടേല്‍ ആയത് എതെങ്കിലും അതോറിറ്റി മുന്‍പാകെ പറയുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുന്നതാണ്.  ഹര്‍ജിക്കാരനു ഡ്രൈവിംഗ് ലൈസന്‍സ്, വാഹന  ഇന്‍ഷുറന്‍സ് ഇവയുണ്ടേല്‍ പിന്നെ യാതൊരു പ്രശ്നവും ഇല്ല. എതിര്‍ വാഹനം ഓടിച്ച ഡ്രൈവര്‍ക്കും, വാഹനത്തിനും ഡ്രൈവിംഗ് ലൈസന്‍സ്, വാഹന  ഇന്‍ഷുറന്‍സ് ഇവയുണ്ടേല്‍ സാധരണഗതിയില്‍  ഇന്‍ഷുറന്‍സു കമ്പനിയുടെ ബാധ്യതയാണ് നഷ്ടപരിഹാരം നല്‍കുക എന്നുള്ളത്. 

7. മോട്ടര്‍ അക്സിഡന്റ്  ക്ലയിം   കേസുകള്‍ തീര്‍പ്പാകാന്‍ എത്ര വര്‍ഷം എടുക്കും ?

ഉ: സാധാരണയായി 60%കേസുകളും വലിയ തര്‍ക്കം ഇല്ലാത്ത കേസുകള്‍ ആണ്. അദാലത്തിലോ മറ്റോ സെറ്റില്‍ ചെയ്‌താല്‍  1-2 വര്‍ഷത്തിനുള്ളില്‍ തുക ലഭിക്കുന്നതാണ്. സെറ്റില്‍ ചെയ്തില്ലേല്‍ 4 വര്‍ഷം വരെയും, തര്‍ക്കം ഉള്ള കേസുകളില്‍ 6 വര്‍ഷം വരെയും താമസിക്കാന്നതായി കാണുന്നു.

8. പോലീസുകാര്‍ ഒരു അഭിഭാഷകന് പ്രത്യകം   കേസ് നല്‍കാന്‍ നിര്‍ബന്ധിക്കുവണേല്‍ എന്ത്‌ ചെയ്യണം ?

ഉ: ഫ്രീ ആയി കേസ് നടത്തുന്ന ഒരു അഭിഭാഷകന് വക്കാലത്ത് ഒപ്പിട്ടു നല്‍കി എന്ന് പറയുക. പോലീസുകാര്‍ കേസ് തിരിച്ചു എഴുതും എന്ന് ഭിഷണിപ്പെടുത്തുകയാണേല്‍ അത് മൊബയില്‍ റിക്കാഡ് ചെയ്തു ബഹു.DGP ക്ക് നല്‍കുക.. ഇനി തിരച്ചു എഴുതിയാല്‍ പോലും സ്വകാര്യ ക്രിമിനല്‍ ഹര്‍ജി ഫയല്‍ ചെയ്തു തിരിത്തിക്കാന്‍ ഒരു അഭിഭാഷകനു സാധിക്കുന്നതെ ഉള്ളു.  പരുക്കേറ്റ ആളെ അല്ലേല്‍ ഹര്‍ജിക്കാരനെ കുറ്റക്കാരന്‍ ആക്കി  കുറ്റപത്രം (Charge) പൊലീസ് തയ്യാര്‍ ആക്കിയാല്‍ പോലും 5 ലക്ഷം വരെയുള്ളതുക നഷ്ടപരിഹാരം ലഭിക്കുന്നതിന് ഫയല്‍ ചെയ്യാന്‍ നിയമത്തില്‍ പ്രത്യക പ്രോവിഷന്‍ (S.164, MV Act 2019) ഉണ്ട് 

9. മോട്ടര്‍ അക്സിഡന്റ്  ക്ലയിം   കേസില്‍ എന്തോക്കെ രേഖകള്‍ ആവിശ്യമുണ്ട്?

ഉ: പോലീസ് ക്രിമിനല്‍ കേസായി രജിസ്റ്റര്‍ ചെയ്ത് FIR,മൊഴിപകപ്പ്, സീന്‍ മഹസര്‍,വെഹിക്കിള്‍ മഹസര്‍,  ആക്ട്ഡന്റെ രജിസ്റ്റര്‍ cum വുണ്ട് സര്‍ട്ടിഫികറ്റ്, ചാര്‍ജ് ഷീറ്റ് ഇവയാണ്  സിവില്‍ നെഗ്ലിജന്‍സ് തെളിയിക്കുന്നതിന് കോടതി തെളിവായി ഉപയോഗിക്കുന്നത്. പോലീസ് കേസ് ഇല്ലേല്‍ പോലും സമര്‍ത്ഥനായ അഡ്വക്കേറ്റിനു സാധാരണ സിവില്‍ കേസ് പോലെ തന്നെ നെഗ്ലിജന്‍സ് പ്രുവ് ചെയ്ത് കൊണ്ടുവരാവുന്നതാണ്. എന്നാല്‍ ഭൂരിഭാഗം അഭിഭാഷകരും ഈ റിസ്ക്ക് എടുക്കാന്‍ തയ്യാര്‍ അല്ലന്നുള്ളത് സത്യമാണ്.  മേല്‍ രേഖകളുടെ പകര്‍പ്പ് എടുക്കുന്നതിന് വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്നാല്‍ ആശുപത്രിയിലെ ഡിസ്ചാര്‍ജ് സമ്മറി, മെഡിക്കല്‍ ബില്‍ ഇവയുടെ ഒര്‍ജിനല്‍ കൃത്യമായി സുക്ഷിക്കണം. ഇവ ഹര്‍ജിക്കാരന്‍ ഒരു കാരണവശാലും  കേസ് പിടിക്കാന്‍ നടക്കുന്ന എജന്റെനോ, മറ്റോ കൈമാറരൂത്. കൈമാറതിരുന്നാല്‍ പരിചയത്തിലുള്ള   അഭിഭാഷകനു പിന്നിട് വക്കാലത്ത് നല്‍കാന്‍ സാധിക്കുന്നതാണ്. സെക്ഷന്‍ 166, MV Act 2019 പ്രകാരമാണ്  ഇത്തരം ക്ലയിം പെറ്റിഷന്‍  ഫയല്‍ ചെയ്യുന്നത്.  

10. മോട്ടര്‍ അക്സിഡന്റ്  ക്ലയിം   കേസുകള്‍ സ്വയം നടത്തുന്നത്  കേസിനെ പ്രതികുലമായി ബാധിക്കുമോ?

ഉ: അത്യാവിശ്യം നിയമപരിചയമുള്ളവര്‍ക്ക് കേസ് നടത്തുന്നത് വല്യബുദ്ധിമുട്ട് ഇല്ല. എന്നാല്‍ തര്‍ക്കമില്ലാത്ത സാധാരണ കേസില്‍ പോലും ഡ്രൈവര്‍, വാഹന ഉടമ ഇവര്‍ ഹാജരാകാത്തതും, കോടതി അവധിയും, മറ്റും ഒക്കെ കാരണം കുറഞ്ഞത് 10 പോസ്റ്റിംഗ് എങ്കിലും ഒരു കേസില്‍ ഉണ്ടാവുന്നുണ്ട്. എതെങ്കിലും സ്ഥാപനത്തില്‍ ജോലിചെയ്യുന്നവര്‍ക്ക് കേസ് സ്വയം നടത്തുന്നത് അതിനാല്‍ ഗുണകരമാകില്ല. നമ്മുടെ വിടിന് അടുത്തുള്ളതോ പരിചയത്തിലുള്ളവര്‍ക്കോ കേസ് നല്കിയാല്‍ മറ്റു എതെങ്കിലും കാര്യത്തിനായലും സൗജന്യ നിയമ സഹായം ലഭിക്കുന്നതിന് ഈ ബന്ധം സാഹായിക്കുമല്ലോ? MACT കോടതിയുടെ പരിധിയില്‍  ഇടിച്ച  വാഹനത്തിന്റെ  ഇന്‍ഷുറന്‍സ് കമ്പനിയുടെ ഓഫീസ് ഉണ്ടെങ്കില്‍ പെറ്റിഷന്‍ ഫയല്‍ ചെയ്യാന്‍ സാധിക്കുന്നതിനാല്‍ നഷ്ടപരിഹാര കേസുകളില്‍ എല്ലായിടുത്തും ഫയല്‍ ചെയ്യാന്‍ സാധിക്കുന്നതാണ്. 

11. മോട്ടര്‍ അക്സിഡന്റ്  ക്ലയിം   കേസുകളില്‍ അപകടം ഉണ്ടാക്കിയ വാഹനത്തിന്റെ ഡ്രൈവര്‍, ഉടമ ഹാജരകേണ്ടതുണ്ടോ?

ഉ: സാധാരണഗതിയില്‍ ഒരു ക്ലയിം   കേസില്‍  ഡ്രൈവര്‍, വാഹന ഉടമ, ഇന്‍ഷുറന്‍സ് കമ്പനി തുടങ്ങി മൂന്നു എതിര്‍കക്ഷികളാണ് ഉള്ളത്. വണ്ടിക്ക് ഇന്‍ഷുറന്‍സ് ഉണ്ടേല്‍ ഇന്‍ഷുറന്‍സ് കമ്പനി കേസ് നടത്തുന്നതാണ്. ഒന്നും രണ്ടും എതിര്‍കക്ഷികളായ ഡ്രൈവര്‍, വാഹന ഉടമ കോടതിയില്‍ ഹജരായി ഡ്രൈവിംഗ് ലൈസന്‍സ്, RC ബുക്ക്,  ഇടിച്ച സമയത്തെ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് ഇവ ഹാജരാക്കി, എതെങ്കിലും യുവ അഭിഭാഷകരേ പത്തോ രണ്ടായിരമോ ഫീസും  വാക്കാലത്ത് നല്‍കിയാല്‍ പത്രിക ഫയല്‍ ചെയ്യനും ഏല്‍പ്പിച്ചാല്‍ ഒന്നും രണ്ടും എതിര്‍കക്ഷികള്‍ സെയിഫ് ആകുന്നതാണ്. എന്നാല്‍ ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാത്ത കേസുകളില്‍ ശരിയായ രീതിയില്‍ അഭിഭാഷകനു ഫീസ് ഏല്‍പ്പിച്ചു കേസ് നടത്തേണ്ടതാണ്. അല്ലാത്തപക്ഷം  ഇന്‍ഷുറന്‍സ് കമ്പനി ബാധ്യതയില്‍ നിന്ന് ഒഴിവാകുകയും വാഹന ഉടമക്ക് വലിയ തുക നഷ്ടപരിഹാരം നല്‍കേണ്ട അവസ്ഥ ഉണ്ടായേക്കാം. 

12. മോട്ടര്‍ അക്സിഡന്റ്  ക്ലയിം   കേസുകളില്‍ അഭിഭാഷകനു ഉണ്ടാകുന്ന ചിലവ്? 

ഉ: കേസ് ഫയല്‍ ചെയ്യുന്നതിനും, FIR അടക്കമുള്ള രേഖകള്‍ എടുക്കുന്നതിനും, എതിര്‍കക്ഷികള്‍ ഹാജരാകാന്‍ ഉള്ള നടപടികളും, പത്രപരസ്യം, ഡോക്ടറെയോ മറ്റോ വിസ്തരിക്കാന്‍ ഉള്ള സാക്ഷിപടി അടക്കമുള്ള ചിലവുകള്‍ ആണ് സാധാരണ ഉള്ള   കേസിലെ മറ്റുചിലവുകള്‍. കോടതിയിലെ ഫീസ് ഇന്‍ഷുറന്‍സ് കമ്പനി കോടതിയില്‍  അവാര്‍ഡ് പ്രകാരം  നേരിട്ട് ചെക്ക് ഹാജരാക്കുകയാണ് ചെയ്യുന്നത്. 

അഡ്വ. ബിനീഷ്

(വാഹനനഷ്ടപരിഹാര കേസുകളില്‍ ഹര്‍ജിക്കാര്‍ക്ക് വേണ്ടിയും ചില ഇന്‍ഷുറന്‍സ് കമ്പനികളുടെയും  മറ്റും അഡ്വക്കേറ്റ് ആയി പ്രാക്ടിസ് ചെയ്യുന്നു. പോസ്റ്റ് സംബന്ധിച്ചുള്ള സംശയങ്ങള്‍ക്ക് ഫോണ്‍: 9895067107)