സിസ്റ്റം - Hosptial safety management system in Australia
ഇവിടുത്തെ സിസ്റ്റം ശെരിയല്ല എന്ന് പറയുമ്പോഴും പലർക്കും അത് എന്താണെന്ന് മനസിലാകുന്നില്ല. ഓസ്ട്രേലിയയിൽ ഡോക്ടർ ആയിട്ട് സേവനം അനുഷ്ഠിക്കുന്ന Jinesh PS എഴുതിയ ഈ ലേഖനത്തിൽ നിന്നും പലതും പഠിക്കാനുണ്ട്.
ഓസ്ട്രേലിയയിൽ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ആക്രമിക്കപ്പെടുന്നില്ലേ എന്ന ഒരു ചോദ്യം വന്നു. ഉണ്ട് എന്നാണ് ഉത്തരം. ഇന്ന് ഇരുന്ന് തപ്പിയെടുത്ത വിവരങ്ങളാണ്. വാർഡിൽ വച്ച് ആക്രമിക്കപ്പെട്ട ഒരാളെ പരിചയപ്പെട്ടു.
ഇവിടെ ഒരു ആശുപത്രിയിലേക്ക്, അതായത് എമർജൻസി വിഭാഗത്തിലേക്ക് ഒരു രോഗി എത്തുമ്പോൾ സാധാരണ സ്വീകരിക്കുന്ന ചില കാര്യങ്ങളെക്കുറിച്ച്...
നേരെ ഡോക്ടറെ കയറി കാണാൻ പറ്റില്ല. ഒരു ട്രയാജ് സിസ്റ്റമുണ്ട്. അവിടെ റിസ്ക് അസസ്മെൻറ് അടക്കമുള്ള കാര്യങ്ങൾ നടക്കും.
Harm to self, harm to others, general vulnerability തുടങ്ങിയ കാര്യങ്ങൾ ട്രയാജിൽ ഉള്ള നേഴ്സ് വിലയിരുത്തും. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അപ്പോൾ തന്നെ സെക്യൂരിറ്റിയെ വിളിച്ചുവരുത്തും. സാധാരണ രോഗികളെ ചികിത്സിക്കുന്ന ഭാഗത്തുനിന്ന് മാറി മറ്റൊരു ഭാഗത്താണ് ബാക്കി കാര്യങ്ങൾ നോക്കുക.
എന്തെങ്കിലും റിസ്ക് ഉള്ള ആളുടെ കൂടെ 3 സെക്യൂരിറ്റി എങ്കിലും മിനിമം ഉണ്ടാവും. എന്തെങ്കിലും പ്രശ്നം തോന്നിയാൽ മരുന്നു കൊടുത്ത് സെഡേഷൻ ആക്കിയ ശേഷമാണ് ബാക്കി. റിസ്ട്രെയ്ൻ ചെയ്യാൻ സൗകര്യമുള്ള രീതിയിലുള്ള കിടക്കയാണ്.
സെക്യൂരിറ്റി ജീവനക്കാർ നല്ല ആരോഗ്യവാന്മാരും ആറടിക്ക് മുകളിൽ 100 കിലോ ഭാരമൊക്കെയുള്ള ആൾക്കാരെ നിയന്ത്രിക്കാൻ പറ്റുന്നവരും ആയിരിക്കും. അതിന് ആവശ്യമായ പരിശീലനം അവർക്ക് ലഭിച്ചിട്ടുണ്ട്.
ഇനി എന്തെങ്കിലും രീതിയിൽ ഇൻഡോക്സിക്കേറ്റഡ് ആണ് എന്ന് ട്രയാജിൽ മനസ്സിലായാൽ, അതായത് മദ്യം മയക്കുമരുന്ന് എന്നിങ്ങനെ എന്തെങ്കിലും ഉപയോഗിച്ച ലക്ഷണങ്ങൾ തോന്നിയാൽ അപ്പോഴും ഇതുപോലെ തന്നെ മുൻകരുതലുകൾ സ്വീകരിക്കും.
ഉദാഹരണമായി ഒരു കുത്തിവെപ്പ് എടുക്കണം എന്ന് കരുതുക. നിർബന്ധമായും എടുക്കേണ്ട കുത്തിവെപ്പിന് എതിർപ്പ് പ്രകടിപ്പിച്ചാൽ തന്നെ സെക്യൂരിറ്റി ജീവനക്കാരെ വിളിച്ചുവരുത്തും. അവർ ആക്രമിക്കുമോ ഇല്ലയോ എന്നതല്ല ആക്രമിക്കാനുള്ള വിദൂരമായ സാധ്യത എങ്കിലും ഉണ്ടെങ്കിൽ സെക്യൂരിറ്റി ജീവനക്കാരെ എത്തിക്കും.
ഇനി ഡോക്ടറുടെ മുൻപിൽ എത്തുന്ന രോഗി, അല്ലെങ്കിൽ നേഴ്സിന്റെ മുന്നിൽ എത്തുന്ന രോഗി പെട്ടെന്ന് ആക്രമിക്കുകയാണ് എന്ന് കരുതുക. കാഷ്വലിറ്റിയിൽ നിരന്തരം ശക്തരായ സെക്യൂരിറ്റി സ്റ്റാഫ് ഉണ്ട്. കോഡ് ഗ്രേ വിളി വരുമ്പോൾ തന്നെ സെക്യൂരിറ്റി ജീവനക്കാർ അവിടെ എത്തിയിരിക്കും. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ശ്രമിക്കും. അവർക്ക് ആക്രമിക്കും എന്ന ഭയത്താൽ മാറാൻ പറ്റില്ല.
ഇനി പരിക്കുപറ്റിയും അപകടങ്ങളിൽ പെട്ടും ആക്രമണ ഭീഷണി മുഴക്കുകയും ഒക്കെ ചെയ്യുന്ന ആൾക്കാരെ പോലീസും ആശുപത്രിയിൽ കൊണ്ടുവരാറുണ്ട്. ഒരാളുടെ കൂടെ നാലുപേർ സാധാരണ കാണാറുണ്ട്. അവർ ഒരു ഏകദേശം ഐഡിയ ആദ്യം കൊടുക്കും. ഫോൺ വിളിച്ച് പറഞ്ഞ ശേഷമാവും ആശുപത്രിയിൽ എത്തുക. രോഗിയെ എത്തിച്ചാൽ ഉടൻ തന്നെ ട്രയാജിൽ റിസ്ക് അസ്സെൻസ്മെൻറ് പൂർണ്ണമായും നടക്കും.
എന്തെങ്കിലും രീതിയിൽ മദ്യപിച്ചതിന്റെയോ ലഹരി ഉപയോഗിച്ചതിന്റെയോ ലക്ഷണങ്ങൾ കണ്ടാൽ അപ്പോഴും സാധാരണ ചികിത്സ നടക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോകില്ല. പകരം സെക്യൂരിറ്റി സാന്നിധ്യത്തിൽ പ്രത്യേക സൗകര്യമുള്ള സ്ഥലത്ത് കൊണ്ടുപോയി കാര്യങ്ങൾ നോക്കും. ആക്രമണ സാധ്യത പരമാവധി ഇല്ലാതാക്കിയ ശേഷമാണ് ചികിത്സ ആരംഭിക്കുക.
ചികിത്സിക്കുന്നതിന് ഇടയിൽ ആക്രമിച്ചാൽ അപ്പോൾ തന്നെ കോഡ് ഗ്രേ വിളിക്കും. വിളിച്ചാൽ സെക്യൂരിറ്റി അപ്പോൾ എത്തും. ആശുപത്രിയിൽ നിന്നും ആവശ്യപ്പെട്ടാൽ പോലീസും അകത്ത് വരും. അവർക്ക് ഒഴിഞ്ഞുമാറാൻ പറ്റില്ല.
ഇനി വാർഡിൽ ആക്രമിക്കുന്ന വിഷയം വന്നാൽ ആരോഗ്യ പ്രവർത്തകരുടെ കയ്യിൽ ആസ്കോം എന്ന ഒരു ഉപകരണം ഉണ്ട്. ഒരാൾ ഞെക്കിയാൽ അങ്ങോട്ട് അവിടെയുള്ള എല്ലാ സ്റ്റാഫും പെട്ടെന്ന് എത്തും. സാഹചര്യങ്ങളിൽ പ്രശ്നമുണ്ടെങ്കിൽ അപ്പോഴും കോഡ് ഗ്രേ വിളിക്കും. മൂന്ന് അല്ലെങ്കിൽ നാല് സെക്യൂരിറ്റി സ്റ്റാഫ് എത്തും.
ഇനി ആക്രമിക്കുന്ന അവസ്ഥയുണ്ടെങ്കിൽ പെട്ടെന്ന് തന്നെ നഴ്സിംഗ് സ്റ്റേഷനിൽ കയറാം. സ്വൈപ് ഇല്ലാത്ത ആൾക്കാർക്ക് അതിനകത്ത് കയറാൻ പറ്റില്ല. ജീവനക്കാർക്ക് എല്ലാം സ്വൈപ്പ് ഉള്ളതുകൊണ്ട് അവർ അകത്തെത്തുകയും ആക്രമിക്കുന്ന ആൾ വരികയുമില്ല. ഒരു ആക്രമണം ഉണ്ടായാൽ ഇങ്ങനെയൊക്കെയാണ് ചെയ്യേണ്ടത് എന്ന് കൃത്യമായ അറിവും പരിശീലനവും സ്റ്റാഫിന് ഉണ്ട്.
വയലന്റ് ആയ ഒരു രോഗി ഡോക്ടറെ കുത്തുന്നത് കേരളത്തിൽ ആദ്യമായി നടന്ന സംഭവമാണ് എന്ന് പലരും പറഞ്ഞത് കേട്ടു. ഇത് ആദ്യമായി സംഭവിച്ച കാര്യമല്ല. കോട്ടയം മെഡിക്കൽ കോളേജിൽ അസിസ്റ്റൻറ് പ്രൊഫസറെയും ചുറ്റും ഉണ്ടായിരുന്നവരെയും രോഗി ആക്രമിച്ച കാര്യം നേരിട്ട് അറിയാം. 10 - 15 വർഷം മുൻപാണ്. രണ്ടാഴ്ചയ്ക്ക് മുൻപ് അക്രമാസക്തനായ ഒരു രോഗി കായംകുളത്തോ ആലപ്പുഴയോ മറ്റോ ഒരു സർക്കാർ ആശുപത്രിയിൽ രണ്ടുപേരെ കുത്തിയ വാർത്ത വന്നിരുന്നു.
ഇങ്ങനെയുള്ള ആക്രമണങ്ങൾ ഒഴിവാക്കാൻ കൂടി വേണ്ടിയുള്ള സുരക്ഷിതത്വം വേണമെന്ന് പറയുമ്പോൾ ഇത് തടയാൻ പറ്റില്ല എന്നാണ് പലരും പറയുന്നത്.
ഓസ്ട്രേലിയയിൽ ഡോക്ടർക്ക് കുത്തേറ്റിട്ടില്ലേ എന്നൊക്കെയാണ് തിരിച്ചു ചോദ്യം. ഓസ്ട്രേലിയയിൽ ജോലി ചെയ്യുന്ന നാലഞ്ച് ഡോക്ടർമാരോട് സംസാരിച്ച ശേഷം എഴുതുന്ന പോസ്റ്റാണിത്.
ഇവിടെയും കുത്തേൽക്കാം. ഇവിടെയും അടികിട്ടാം.
പല രാജ്യങ്ങളിലും ഉള്ള സംവിധാനങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ ചിലപ്പോൾ ആദ്യത്തെ ആൾ കുത്തേറ്റപ്പോൾ അതിൽ നിർത്താൻ സാധിച്ചേനെ... ചിലപ്പോൾ രണ്ടുപേർക്ക് കുത്തേറ്റു എന്ന് വരാം... അപ്പോഴെങ്കിലും തടയാൻ സാധിച്ചേനെ... ചിലപ്പോൾ മൂന്നോ നാലോ പേർക്ക് അല്ലെങ്കിൽ അഞ്ചുപേർക്കും കുത്തേറ്റു എന്ന് തന്നെ കരുതുക. ശാസ്ത്രീയമായ സജ്ജീകരണങ്ങൾ, സൗകര്യങ്ങൾ ഒക്കെ ഉണ്ടെങ്കിൽ കുത്തേറ്റാൽ പോലും ചിലപ്പോൾ മരണം തടയാൻ സാധിച്ചേനെ...
അതായത് ഈ മരണം തടയാൻ സാധിക്കില്ല എന്നൊക്കെ വാദിക്കുന്നവരോട് പറയുന്നതാണ്. റോഡിൽ പോകുമ്പോൾ ഹെൽമറ്റ് ധരിക്കണം എന്ന് കഴിഞ്ഞ ദിവസം എഴുതിയ ആൾക്കാരൊക്കെയാണ് ഇത് തടയാൻ പറ്റില്ല എന്ന് പറയുന്നത്.
100% തടയാൻ പറ്റും എന്നൊന്നും ഞാനും പറയുന്നില്ല. പക്ഷേ ഒരു 75% എങ്കിലും ആ മരണം തടയാൻ പറ്റിയേനെ എന്ന് കരുതുന്ന ആളാണ് ഞാൻ. പക്ഷേ അതിന് ആവശ്യത്തിനുള്ള സജ്ജീകരണങ്ങൾ ഉണ്ടാവണം, കരുത്തുള്ള സെക്യൂരിറ്റി സ്റ്റാഫ് ഉണ്ടാവണം.
ഇതിനൊക്കെ വേണ്ടിയാണ് ആരോഗ്യ പ്രവർത്തകർ പ്രതികരിക്കുന്നത്. ഇന്നലെ ഇത്രയും എഴുതാൻ പറ്റിയ ഒരു മാനസികാവസ്ഥയിൽ അല്ലായിരുന്നു.
ലോകത്ത് പല അപകടങ്ങളും ആക്രമണങ്ങളും തടഞ്ഞിരിക്കുന്നത് ഇനി ആവർത്തിക്കാതിരിക്കാൻ എങ്ങനെ, എന്ത് ചെയ്യണം എന്ന് പഠിച്ചിട്ടാണ്. ഇതിപ്പോൾ തടയാനേ പറ്റില്ല എന്ന വാദം ആണെങ്കിൽ അങ്ങനെപോലും ചിന്തിക്കില്ല.
ഈ ആക്രമണം എനിക്കോ നിങ്ങൾക്കോ എതിരെ എപ്പോൾ വേണമെങ്കിലും ഉണ്ടാവാം. ആശുപത്രികളിൽ ഇത്തരം ആക്രമണങ്ങൾ തടയാൻ പല സ്വകാര്യ ആശുപത്രികൾ പോലും തയ്യാറാകുന്നു എന്ന് ശ്രീജിത്ത് ഇന്നലെ സംസാരിച്ചപ്പോൾ പറഞ്ഞിരുന്നു. എനിക്ക് അതിനെക്കുറിച്ച് ആധികാരികമായി അറിയില്ലാത്തതുകൊണ്ട് ഒന്നും പറയുന്നില്ല. കേരളത്തിലെ കാര്യത്തെക്കുറിച്ച് ശ്രീജിത്ത് അങ്ങനെ പറഞ്ഞതാണ്.
പണ്ട് ഒരു സ്വകാര്യ ആശുപത്രിയിൽ കാഷ്വാലിറ്റി ഡ്യൂട്ടിക്ക് പോയപ്പോൾ അവിടെ ഒരു 20 വയസ്സുള്ള ചെറുപ്പക്കാരൻ സെക്യൂരിറ്റി സ്റ്റാഫ് ആയി ഉണ്ടായിരുന്നു. കക്ഷി ഡ്യൂട്ടിയിൽ ഉണ്ടെങ്കിൽ അവിടെ ഉള്ള നേഴ്സുമാർക്കും ഡോക്ടർമാർക്കും ഒക്കെ നല്ല ആശ്വാസമാണ്. ആദ്യമൊക്കെ നഴ്സുമാർ ആശ്വാസമാണ് എന്ന് പറയുമ്പോൾ അതിന്റെ അർത്ഥം എനിക്ക് മനസ്സിലായിരുന്നില്ല. പിന്നീട് ഒരിക്കൽ ഒരു പ്രശ്നം ഉണ്ടായപ്പോൾ ആ മെലിഞ്ഞ വ്യക്തിയുടെ ഇടപെടലും ആർജ്ജവവും കണ്ടു, മനസ്സിലായി.
അന്ന് അയാളോട് ഇതിന് ട്രെയിനിങ് കിട്ടിയിട്ടുണ്ടോ എന്ന് ഞാൻ ചോദിച്ചു. നമുക്കാര് ട്രെയിനിങ് തരാൻ എന്നായിരുന്നു മറുപടി.
ഇതുപോലുള്ള സാഹചര്യങ്ങളിൽ എങ്ങനെ പെരുമാറണം എന്ന് ആരോഗ്യപ്രവർത്തകർക്കും സെക്യൂരിറ്റി സ്റ്റാഫിനും ട്രെയിനിങ് നൽകുന്നത് മോശമായ കാര്യമൊന്നുമല്ല. ഇവിടെ ട്രെയിനിങ് ഉണ്ട്. ഇംപോസിബിൾ ആയ കാര്യമാണ് എന്ന് കരുതാതിരിക്കാൻ വേണ്ടി പറഞ്ഞതാണ്.
പലരോടും ചോദിച്ചു മനസ്സിലാക്കിയ കാര്യങ്ങളാണ് ഞാൻ ഇവിടെ എഴുതിയത്. ഇതിനേക്കാൾ വ്യക്തമായി ഈ കാര്യങ്ങൾ എഴുതാൻ കഴിവുള്ള ധാരാളം പേർ ഉണ്ട്. പക്ഷേ എങ്കിലും ഇത്രയെങ്കിലും പറയണം എന്ന് തോന്നി.
ഡോക്ടർമാർക്ക് പ്രിവിലേജ് നൽകണം എന്ന് ഞാൻ പറഞ്ഞു എന്ന് ഒരു നുണ പലരും എന്നെക്കുറിച്ച് പറയുന്നുണ്ട്. ഞാൻ ഇതുവരെ അങ്ങനെ പറഞ്ഞിട്ടില്ല. ഡോക്ടർ അല്ലാതെ പല തൊഴിലും ഞാൻ ചെയ്തിട്ടുണ്ട്. ഇനി ചെയ്യുകയും ചെയ്യും. ആത്യന്തികമായി ഞാനൊരു തൊഴിലാളി മാത്രമാണ്. തൊഴിൽ സ്ഥലത്ത് ഏതു തൊഴിൽ ചെയ്യുന്ന ആളാണെങ്കിലും ആക്രമിക്കപ്പെടരുത് എന്ന് കരുതുന്ന ഒരു സാധാരണക്കാരനാണ് ഞാൻ.
മുൻപ് പോലീസുകാർ ആക്രമിക്കപ്പെട്ടപ്പോൾ അവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഞാൻ പോസ്റ്റ് എഴുതിയിട്ടുണ്ട്. പല തൊഴിൽ ചെയ്യുന്നവർ ആ ജോലിക്കിടയിൽ മർദ്ദനമേൽക്കുമ്പോൾ ഒക്കെ സാധിക്കുന്ന രീതിയിൽ ഞാൻ പ്രതികരിച്ചിട്ടുണ്ട്. മറ്റ് ഏതൊരു തൊഴിലും പോലെ തന്നെ ഒരു തൊഴിൽ മാത്രമാണ് ഡോക്ടർ എന്നതും നേഴ്സ് എന്നതും. അതിനപ്പുറമാണ് എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് വിഡ്ഢിത്തരം ആണ്