ജില്ലാ ഏക ജാലക ക്ലിയറന്‍സ് ബോര്‍ഡ്

ജില്ലാ ഏക ജാലക ക്ലിയറന്‍സ് ബോര്‍ഡ് യോഗം  ചേര്‍ന്നു 

 

വ്യവസായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ അനുമതികള്‍ക്ക് വേണ്ടി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളയാള്‍ക്ക്, നിയമ പ്രകാരവും സമയബന്ധിതമായും സേവനങ്ങള്‍ ലഭ്യമാകുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതിനും, പരാതികള്‍ ഫലപ്രദമായി പരിഹരിക്കുന്നതിനും രൂപീകരിച്ചിട്ടുള്ള ജില്ലാ ഏക ജാലക ക്ലിയറന്‍സ് ബോര്‍ഡ് യോഗം  ചേര്‍ന്നു. 2 പരാതികള്‍ ലഭിച്ചതില്‍ ഒന്ന് തീര്‍പ്പാക്കി. പവര്‍ കണക്ഷന്‍ സംബന്ധിച്ചുള്ള പരാതിയില്‍ അടിയന്തിരമായി നടപടി സ്വീകരിക്കുന്നതിനു നിര്‍ദേശം നല്‍കി.

സിവില്‍ കോടതിയുടെ അധികാരങ്ങളോട് കൂടി പ്രവര്‍ത്തിക്കുന്ന ഈ സമിതിക്ക്, സമയബന്ധിതമായി ലൈസന്‍സ്/അനുമതി അപേക്ഷകളില്‍ സേവനം നല്‍കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ 10,000/ രൂപ വരെ പിഴ ചുമത്തുന്നതിനും, വകുപ്പ്തല നടപടിക്ക് ശിപാര്‍ശ ചെയ്യുന്നതിനും അധികാരമുണ്ട്. ലൈസന്‍സ്/അനുമതി നല്‍കുന്ന എല്ലാ വകുപ്പുകളുടെയും ജില്ലാ മേധാവികള്‍ ബോര്‍ഡ് അംഗങ്ങളാണ്. നിലവിലുള്ള ലൈസന്‍സ് പുതുക്കുന്നതിനും അപേക്ഷിക്കാം. കെ-സ്വിഫ്റ്റ് പോര്‍ട്ടല്‍ വഴി വിവിധ വകുപ്പുകളുടെ അനുമതിക്കായി ലഭിക്കുന്ന അപേക്ഷകളുടെ നിജസ്ഥിതി യോഗത്തില്‍ പരിശോധിച്ചു. ലഭിച്ച 33 അപേക്ഷകളില്‍ 7 എണ്ണത്തിന് അനുമതി നല്‍കി.  ലഭിക്കുന്ന അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കണമെന്നു  ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. സംരംഭക വര്‍ഷത്തില്‍  ജില്ലയില്‍ 3,533 പുതിയ സംരംഭങ്ങള്‍ ആരംഭിച്ചു. 196 കോടി രൂപയുടെ നിക്ഷേപവും 7300 തൊഴില്‍ അവസരങ്ങളും ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും വ്യവസായ വകുപ്പ് അറിയിച്ചു.