പോലീസിന്റെ കർത്തവ്യങ്ങളും ചുമതലകളും
കേരള പോലീസ് ആക്റ്റ്
..........................................
പോലീസിന്റെ കർത്തവ്യങ്ങളും ചുമതലകളും
പോലീസിന്റെ കർത്തവ്യങ്ങൾ - ഭാരതത്തിന്റെ ഭരണഘടനയ്ക്കും അതിൻകീഴിൽ നിർമ്മിച്ചിട്ടുള്ള നിയമങ്ങൾക്കും വിധേയമായി , ഭരണവ്യവസ്ഥയുടെ ഭാഗമായി ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന ഒരു സേവന വിഭാഗം എന്ന നിലയിൽ ക്രമസമാധാനവും രാഷ്ട്രത്തിന്റെ അഖണ്ഡതയും രാഷ്ട്രസുരക്ഷയും മനുഷ്യാവകാശ സംരക്ഷണവും ഉറപ്പുവരുത്തി നിയമപ്രകാരം എല്ലാ ആളുകൾക്കും ലഭ്യമാകുന്ന സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും അവർ അനുഭവിക്കുന്നു എന്ന് ഉറപ്പാക്കുന്നതിനായി
പോലീസ് നിയമാനുസൃതമായി യത്നിക്കേണ്ടതാണ് . പോലീസിന്റെ ചുമതലകൾ .
ഈ ആക്റ്റിന്റെ വ്യവസ്ഥകൾക്ക് വിധേയമായി പോലീസുദ്യോഗസ്ഥർ ഇനി പറയുന്ന ചുമതലകൾ നിർവ്വഹിക്കേണ്ടതാണ് . അതായത്
( എ ) പക്ഷഭേദം കൂടാതെ നിയമം നടപ്പിലാക്കുക ;
( ബി ) എല്ലാ ആളുകളുടേയും ജീവൻ , സ്വാതന്ത്ര്യം , സ്വത്ത് , മനുഷ്യാവകാശങ്ങൾ , അന്തസ്സ് എന്നിവ നിയമാനുസൃതം സംരക്ഷിക്കുക ;
( സി ) രാഷ്ട്രത്തിന്റെ ആഭ്യന്തരസുരക്ഷ കാത്തുസൂക്ഷിക്കുകയും , തീവ്രവാദ പ്രവർത്തനങ്ങൾ , വർഗ്ഗീയ അക്രമം , ആഭ്യന്തരകലാപം മുതലായവയ്ക്കെതിരായി ജാഗ്രതയോടെ പ്രവർത്തിക്കുകയും ചെയ്യുക .
( ഡി ) പൊതുസുരക്ഷ ഉറപ്പാക്കുന്ന ക്രമീകരണങ്ങൾ പ്രോത്സാഹിപ്പിക്കുകയും കാത്തുസൂക്ഷിക്കുകയും പൊതു സമാധാനം നിലനിർത്തുകയും ചെയ്യുക .
( ഇ ) അപായങ്ങളിൽ നിന്നും ഉപദ്രവങ്ങളിൽ നിന്നും പൊതുജനത്തെ സംരക്ഷിക്കുക ;
( എഫ് ) റോഡുകൾ , റെയിൽവേ , പാലങ്ങൾ , മർമ്മപ്രധാനമായ പ്രതിഷ്ഠാപനങ്ങൾ , സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെടെ എല്ലാ പൊതു സ്വത്തുക്കളും സംരക്ഷിക്കുക ;
( ജി ) നിയമപരമായ അധികാരങ്ങൾ പരമാവധി ഉപയോഗിച്ച് കുറ്റകൃത്യങ്ങൾ തടയുകയും കുറച്ച് കൊണ്ടുവരുകയും ചെയ്യുക .
( എച്ച് ) കുറ്റകൃത്യങ്ങളെക്കുറിച്ച് നിയമാനുസരണം അന്വേഷണം നടത്തി കുറ്റവാളികളെ യഥാവിധിയുള്ള നിയമനടപടികൾക്ക് വിധേയമാക്കുക ;
( ഐ ) എല്ലാ പൊതു സ്ഥലങ്ങളിലും ട്രാഫിക് നിയന്ത്രിക്കുകയും ക്രമീകരിക്കുകയും ചെയ്യുക
( ജെ ) കുറ്റകൃത്യങ്ങളായി പരിണമിച്ചേക്കാവുന്ന തർക്കങ്ങളും സംഘർഷങ്ങളും ഒഴിവാക്കുവാനും പരിഹരിക്കുവാനും ശ്രമിക്കുക
( കെ ) പ്രകൃതിദത്തമോ അല്ലാത്തതോ ആയ ദുരന്തമോ , അത്യാഹിതമോ , അപകടമോ ഉണ്ടാകുമ്പോൾ അടിയന്തിരമായി ഇടപെടുകയും ക്ലേശം അനുഭവിക്കുന്ന ആളുകൾക്ക് ഉചിതമായ എല്ലാ സഹായവും നൽകുക
( എൽ ) പോലീസിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും രാഷ്ട്രത്തിന്റെ സുരക്ഷയ്ക്കും സഹായകരമായ വിവരങ്ങൾ സമാഹരിക്കുകയും പരിശോധിക്കുകയും ആവശ്യമെങ്കിൽ വ്യാപനം നടത്തുകയും ചെയ്യുക ;
( എം ) കസ്റ്റഡിയിലുള്ള എല്ലാ ആളുകൾക്കും നിയമാനുസരണമുള്ള സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പുവരുത്തുക ;
( എൻ ) ക്ഷമതയുള്ള അധികാരസ്ഥാനങ്ങളുടെയും മേലുദ്യോഗസ്ഥരുടെയും നിയമാനുസൃതമായ എല്ലാ ഉത്തരവുകളും അനുസരിക്കുകയും നിയമാനുസൃതമായി നടപ്പിലാക്കുകയും ചെയ്യുക ;
( ഒ ) പോലീസ് സേനയുടെ ആന്തരിക അച്ചടക്കം പാലിക്കുകയും നിലനിർത്തുകയും ചെയ്യുക ;
( പി ) ജനങ്ങൾക്കിടയിൽ പൊതുവായി സുരക്ഷിതത്വ ബോധം ഉറപ്പുവരുത്തുക ;
( ക ) പൊതുസ്ഥലങ്ങളിലോ , തെരുവിലോ , നിസ്സഹായരോ , നിരാലംബരോ ആയി കാണപ്പെടുന്ന ആളുകളുടെ , പ്രത്യേകിച്ച് സ്ത്രീകളുടേയും കുട്ടികളുടേയും , മുതിർന്ന പൗരന്മാരുടെയും , കഴിവുകളിൽ വ്യത്യസ്തതയുള്ള ആളുകളുടെയും ചുമതല ഏറ്റെടുത്ത് അവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുക ;
( ആർ ) തത്സമയം പ്രാബല്യത്തിലുള്ള ഏതെങ്കിലും നിയമത്താൽ ചുമതലപ്പെടുത്തിയിരിക്കുന്ന കർത്തവ്യങ്ങൾ പാലിക്കുക ;
( എസ് ) സർക്കാർ , കാലാകാലങ്ങളിൽ നിയമാനുസൃതം ഏൽപ്പിച്ചുകൊടുക്കുന്ന മറ്റ് ചുമതലകൾ നിർവ്വഹിക്കുക .