കെട്ടിട നമ്പർ നൽകാതെ പഞ്ചായത്ത് ബുദ്ധിമുട്ടിക്കുന്നു : ഡെപ്യൂട്ടി ഡയറക്ടർ പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

KERALA STATE HUMAN RIGHTS COMMISSION
e-mail : hrckeralatvm@gmail.com, Phone No. 0471-2307263.
HRMP No : 6904/2022
കെട്ടിട നമ്പർ നൽകാതെ പഞ്ചായത്ത് ബുദ്ധിമുട്ടിക്കുന്നു :
ഡെപ്യൂട്ടി  ഡയറക്ടർ പരിശോധിക്കണമെന്ന്
മനുഷ്യാവകാശ കമ്മീഷൻ
കൊല്ലം : വാണീജ്യാവശ്യത്തിനായി നിർമ്മിച്ച കെട്ടിടത്തിൽ പെരിനാട് ഗ്രാമപഞ്ചായത്ത് മനപൂർവ്വം നിയമലംഘനങ്ങൾ ചൂണ്ടിക്കാണിച്ച് ബുദ്ധിമുട്ടിക്കുകയാണെന്ന പരാതി പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ നേരിട്ട് പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
     പരാതിയിൽ അടിയന്തിരമായി ഇടപെട്ട് നിലവിലെ ചട്ടപ്രകാരമുള്ള പരിഗണന പരാതിക്കാരിക്ക് നൽകണമെന്നും കമ്മീഷൻ അംഗം വി.കെ.ബീനാകുമാരി ഉത്തരവിൽ പറഞ്ഞു.  കെട്ടിടനമ്പർ അനുവദിക്കാതെ പഞ്ചായത്ത് ബുദ്ധിമുട്ടിക്കുകയാണെന്ന വെള്ളിമൺ നാട്ടുവാതുക്കൽ ചന്ദ്രവിലാസത്തിൽ ശാന്തയുടെ പരാതി പരിഹരിക്കാനാണ് കമ്മീഷൻ ഉത്തരവിട്ടത്.
     പെരിനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി റിപ്പോർട്ട് സമർപ്പിച്ചു. പരാതിക്കാരി കെട്ടിടനിർമ്മാണം ക്രമപ്പെടുത്താൻ നൽകിയ അപേക്ഷ പരിഗണിക്കുമ്പോൾ ചട്ടലംഘനം കണ്ടെത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു. അത് പരിഹരിച്ച് സമർപ്പിച്ച അപേക്ഷയിൽ സ്ഥലപരിശോധന നടത്തിയപ്പോൾ റോഡിലേക്ക് അധികനിർമ്മാണം നടത്തിയതായി മനസ്സിലാക്കി.  ഇത് പൊളിച്ച് നീക്കാൻ നിർദ്ദേശം നൽകിയെങ്കിലും പരാതിക്കാരി അവഗണിച്ചു.  എന്നാൽ റോഡിൽ കയറിയല്ല നിർമ്മാണം നടത്തിയിട്ടുള്ളതെന്നും റോഡ് തൻ്റെ സ്ഥലത്ത് കയറിയാണ് നിൽക്കുന്നതെന്നും പരാതിക്കാരി അറിയിച്ചു.  വിജ്ഞാപനം ചെയ്തിട്ടില്ലാത്ത റോഡായതിനാൽ ചട്ടലംഘനം ഉണ്ടായിട്ടില്ലെന്നും പറഞ്ഞു.  അനധികൃത നിർമ്മാണം നടത്തിയെന്ന പേരിൽ തന്നിൽ നിന്നും 6332 രൂപ പഞ്ചായത്ത് ഈടാക്കിയിട്ടുണ്ടെന്നും പരാതിക്കാരി അറിയിച്ചു.  
     പരാതിക്കാരി ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് മതിയായ മറുപടി ഗ്രാമപഞ്ചായത്തിന്റെ ഭാഗത്ത് നിന്നും ലഭിച്ചിട്ടില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.  ഈ സാഹചര്യത്തിലാണ് കൊല്ലം പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ ഇടപെടണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടത്.
                                         പബ്ലിക് റിലേഷൻസ് ഓഫീസർ
23/06/2023.