സോഷ്യൽ ഓഡിറ്റും, കേരള സർക്കാറും
സോഷ്യൽ ഓഡിറ്റും, കേരള സർക്കാറും
മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയെ സുതാര്യവും, ജനകീയവും, അഴിമതി രഹിതവുമാക്കുന്നതിനുവേണ്ടി ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ ഓരോ സാമ്പത്തിക വർഷങ്ങളിലും രണ്ടു പ്രാവശ്യം വീതം അവിടെ നടപ്പിലാക്കുന്ന എല്ലാ പ്രവർത്തികളും സോഷ്യൽ ഓഡിറ്റ് നടത്തണമെന്ന് തൊഴിലുറപ്പ് നിയമം (17 വകുപ്പ് ) നിഷ്കർഷിക്കുന്നുണ്ട്. പദ്ധതി പ്രവർത്തനങ്ങളെ പറ്റിയും പൊതു പണം വിനിയോഗിക്കുന്നതിനെ പറ്റിയും പൊതു സമൂഹം നടത്തുന്ന പരസ്യവും സ്വതന്ത്രവുമായ പരിശോധനയാണ് സോഷ്യൽ ഓഡിറ്റ് അഥവാ സാമൂഹിക കണക്ക് പരിശോധന. ഗ്രാമപഞ്ചായത്ത് തലങ്ങളിൽ കൃത്യമായി വർഷത്തിൽ രണ്ടുതവണ സോഷ്യൽ ഓഡിറ്റ് നടത്തുന്നതിലൂടെ സുതാര്യവും കാര്യക്ഷമതയും ഉറപ്പുവരുത്തുകയും പദ്ധതി പണം ചെലവഴിച്ചത് കൊണ്ട് പദ്ധതി ലക്ഷ്യം സ്വീകരിച്ചിട്ടുണ്ടോ എന്നും അതിലൂടെ പദ്ധതി ഗുണഭോക്താക്കളുടെ ജീവിതത്തിൽ കാര്യമായ മാറ്റം വന്നിട്ടുണ്ടോ എന്നും സോഷ്യൽ ഓഡിറ്റ് പ്രക്രിയ വിലയിരുത്തുന്നു.
ഖേദകരമെന്ന് പറയട്ടെ നിയമത്തിൽ വ്യക്തമായി പറഞ്ഞ ഈ സോഷ്യൽ ഓഡിറ്റ് കേരളത്തിൽ സർക്കാർ തുടങ്ങിയിട്ട് രണ്ടുവർഷം ആകുന്നതേയുള്ളൂ. അതുതന്നെ നിയമത്തിൽ ഇത് കർശനമായി പറഞ്ഞിട്ടുള്ളത് കൊണ്ട് സോഷ്യൽ ഓഡിറ്റ് നടത്തണം എന്ന് പല കോണുകളിൽ നിന്നും ശക്തമായ ആവശ്യം ഉയർന്നത് കൊണ്ട് സർക്കാർ ഇതിന് നിർബന്ധിതരാകുകയായിരുന്നു.
തൊഴിലുറപ്പ് കേന്ദ്രപ്രതിനിധി ഉൾപ്പെട്ട വിദഗ്ധസമിതി തയാറാക്കിയ സോഷ്യൽ ഓഡിറ്റ് വിദഗ്ധരുടെ പാനലിൽ നിന്നാണ് സിഎജി മാർഗനിർദ്ദേശമനുസരിച്ച് മൂന്നു വർഷത്തേക്ക് ടാറ്റ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് സോഷ്യൽ സയൻസ് റീജനൽ മേധാവിയും, കില(കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ) സീനിയർ പ്രഫസർ കൂടിയായ ഡോ : എബി ജോർജിനെ ഡയറക്ടറായി നിയമിച്ചത്. സിഐടിയു നേതാവിനെ ഡയറക്ടറായി നിയമിക്കാനുള്ള നീക്കം മന്ത്രാലയത്തിന്റെ ഇടപെടലിനെ തുടർന്ന് പരാജയപ്പെടുകയും ഡൽഹി ഐഐടിയിൽ നിന്ന് പിഎച്ച്ഡി നേടിയ ഡോ: എബി ജോർജ് തിരഞ്ഞെടുപ്പിൽ റാങ്ക് പട്ടികയിൽ ഒന്നാം സ്ഥാനം നേടിയുമാണ് സോഷ്യൽ ഓഡിറ്റ് ഡയറക്ടർ ആയത്.
എന്നാൽ ഓഡിറ്റ് സെൽ ഭരണസമിതിയിൽ വിദഗ്ധരായി സിപിഎം സിപിഐ നേതാക്കളെ നിയമിച്ചതും വിവാദമായി. സമിതി പുനസംഘടിപ്പിച്ച് റിപ്പോർട്ട് നൽകാൻ കേന്ദ്ര സർക്കാർ നിർദ്ദേശിച്ചെങ്കിലും സംസ്ഥാനം ഇതുവരെ തയാറായിട്ടുമില്ല. സാമൂഹിക ശാസ്ത്രത്തിൽ ഉയർന്ന യോഗ്യതയുള്ളവരെ ജില്ല, ബ്ലോക്ക്, വില്ലേജ് തല ഓഡിറ്റർമാരായി നിയമിച്ച് സെൽ പരിശോധന ആരംഭിച്ചതോടെ പലയിടത്തും തടസങ്ങൾ ഉണ്ടാക്കുകയും കയ്യേറ്റശ്രമം നടന്നതായും പരാതി ഉയർന്നു. പദ്ധതിയിലെ വ്യാപക നിയമലംഘനവും പലയിടത്തുളള ക്രമക്കേടും പുറത്തുവന്നതോടെ ഓഡിറ്റ് നിർത്തിവയ്ക്കണമെന്ന ആവശ്യവും ശക്തമായി.
പദ്ധതിയുടെ നടപടിക്രമമനുസരിച്ച് സോഷ്യൽ ഓഡിറ്റ് സർക്കാരിന്റെ നിയമപരമായ ബാധ്യതയാണ്.അത് നടത്തുക തന്നെ വേണം
ഇതിനിടെ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നടത്തുന്ന സോഷ്യൽ ഓഡിറ്റ് ഗ്രാമസഭയുടെ ചെലവുകളെ സംബന്ധിച്ച് തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടർ ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഗ്രാമസഭകൾക്ക് വരുന്ന എല്ലാ ചെലവുകളും സോഷ്യൽ യൂണിറ്റ് ആണ് വഹിക്കേണ്ടത് എന്ന് പറയുന്നു . ഇതിൽ 1% തുകയാണ് സോഷ്യൽ ഓഡിറ്റിന് ലഭിക്കുന്നത് എന്ന് പറയുന്നു. എന്നാൽ 0.5% മാത്രമാണ് സോഷ്യൽ ഓഡിറ്റ് യൂണിറ്റിന് ലഭിക്കുന്നത്. ആയതിനാൽ
തൊഴിലുറപ്പ് ഗ്രാമസഭാ യോഗങ്ങളുടെ മുഴുവൻ ചെലവും ഓഡിറ്റ് സെൽ വഹിക്കണമെന്ന നിർദ്ദേശത്തെ തുടർന്ന് വിഷയത്തിൽ വ്യക്തത തേടി ഡയറക്ടർ കേന്ദ്രമന്ത്രാലയത്തിനും സംസ്ഥാന ഗ്രാമവികസനവകുപ്പിനും കത്തെഴുതിയിരിക്കുകയാണ്.
സമൂഹത്തിലെ താഴെത്തട്ടിലുള്ള തൊഴിലുറപ്പ് ജോലി ചെയ്യുന്നവരുടെ മക്കൾക്ക് മുൻഗണന നൽകി അഭ്യസ്തവിദ്യരായ യുവതീ യുവാക്കളെ കണ്ടെത്തി ഗ്രാമ പഞ്ചായത്തുകൾ തോറും സോഷ്യൽ ഓഡിറ്റ് നടത്തുന്നതും, ഓഡിറ്റ് റിപ്പോർട്ട് ചർച്ച ചെയ്യാനായി നാളിതുവരെ നടക്കുന്ന രൂപത്തിലും ഭാവത്തിലും അല്ലാതെ പ്രത്യേക രീതിയിൽ ഗ്രാമസഭകൾ കൂടുന്നതും, പദ്ധതി നിർവഹണ ഉദ്യോഗസ്ഥരെ എല്ലാവരെയും വിളിച്ചു വരുത്തി സമഗ്രമായി ചർച്ചകൾ നടത്തി റിപ്പോർട്ടുകൾ പാസാക്കുന്നതും, ഗ്രാമസഭ യോഗത്തിൽ പങ്കെടുത്ത ആളുകളിൽ നിന്ന് ഒരു തൊഴിലാളിയെ യോഗത്തിന്റെ നിയന്ത്രണം ഏൽപ്പിച്ച് തീർത്തും ജനകീയവും സുതാര്യമായ രീതിയിൽ നടപടിക്രമങ്ങൾ നടത്തുന്നതും ഭരണകർത്താക്കൾക്കും, ഉദ്യോഗസ്ഥർക്കും അംഗീകരിക്കാൻ പ്രയാസമാകുകയായിരുന്നു.അവർക്കുള്ള അധികാരം ജനങ്ങൾ കവർന്നെടുക്കുന്നത് പോലെ അവർക്ക് തോന്നി തുടങ്ങി.
രാഷ്ട്രീയ നിർദ്ദേശമനുസരിച്ച് ഓഡിറ്റ് വേണമെന്ന ആവശ്യമുയർന്നെങ്കിലും സിഎജി നിർദ്ദേശമനുസരിച്ചു മാത്രമേ നടപടി സ്വീകരിക്കാനാകൂവെന്ന് ഡയറക്ടറും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും നിലപാട് എടുത്തതോടെയാണ് അസ്വാരസ്യം ആരംഭിച്ചത്. തുടർന്ന് ഓഡിറ്റ് തടസപ്പെടുത്താൻ പലയിടത്തും ശ്രമം നടക്കുന്നതിനിടെയാണ് ഡയറക്ടർ സ്ഥാനത്തുനിന്ന് ഡോ. എബി ജോർജിനെ മാറ്റിയത്. കില(കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ) സീനിയർ പ്രഫസർ കൂടിയായ അദ്ദേഹത്തോട് സ്ഥാപനത്തിൽ തിരിച്ചെത്താനാണ് നിർദ്ദേശം. എബി ജോർജിന്റെ സേവനം കിലയ്ക്ക് അത്യന്താപേക്ഷിതമെന്ന് ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് എഴുതിവാങ്ങിയ ശേഷമാണ് നടപടിയെന്നറിയുന്നു. ഡോ : എബി ജോർജിൻറെ സേവനം കിലക്ക് എത്രത്തോളം അത്യാവശ്യം ഉണ്ടോ അതിന്റെ പതിന്മടങ്ങ് അദ്ദേഹത്തിൻറെ സേവനം ഇപ്പോൾ ആവശ്യമുള്ളത് സോഷ്യൽ പ്രവർത്തനങ്ങൾക്കാണെന്ന് അധികാരികൾ മനസ്സിലാക്കണം.
പഞ്ചായത്ത് അംഗങ്ങൾക്ക് പരിശീലനം നൽകുന്ന കിലയിൽ അസോ. പ്രൊഫസർ ആയിരിക്കേ 2017 നവമ്പർ മുതൽ ഡെപ്യൂട്ടേഷനിൽ നിയമിതനായ ഇദ്ദേഹത്തിനെറ കാലാവധി അവസാനിക്കാൻ ഒരു വർഷം അവശേഷിക്കേയാണ് ഡിസംബര് 4ന് തിടുക്കപ്പെട്ട് തിരിച്ചയച്ചത്.
സ്വതന്ത്ര ചുമയലയുള്ള ഈ പദവിയിൽ നിയമിതനായാൽ കാലാവധി പൂർത്തിയാകും മുമ്പ് സേവനം അവസാനിപ്പിക്കരുതെന്നും അവസാനിപ്പിക്കണമെങ്കിൽ സോഷ്യൽ ഓഡിറ്റ് ഭരണസമിതിയുടെ ശിപാർശ വേണമെന്നുമാണ് വ്യവസ്ഥ. അത്തരം ഒരു നടപടിയും ഇല്ലാതെ, കിലയിൽ അദ്ദേഹത്തിെൻറ സേവനം കിലയിൽ അത്യന്താപേക്ഷിതമാണെന്നും അതിനാൽ ടിയാെൻറ സേവനം അവസാനിപ്പിച്ച് എത്രയും വേഗം തിരികെ അയക്കണമെന്നും കില ഡയരക്ടർ ആവശ്യപ്പെട്ടകാരണത്താലാണ് െഡപ്യൂട്ടേഷൻ അവസാനിപ്പിച്ച് ഒഴിവാക്കുന്നത്.
ഡോ: എബി ജോർജ് ഈ പദവിയിൽ നിയമിതനായ ശേഷം തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യൽ ഓഡിറ്റിംഗ് നടത്താൻ രാഷ്ട്രീയ ഇടപെടലുകൾക്ക് ചെവികൊടുക്കാതെ പൂർണമായും യോഗ്യതയുടെ അടിസ്ഥാനത്തിൽ 2500 ഓളം ആളുകളെ നിയമിച്ചതും അവർ മൂവായിരത്തോളം വാർഡുകളിൽ നടത്തിയ ഓഡിറ്റിൽ കണ്ടെത്തിയ ക്രമക്കേടുകളും അഴിമതികളും പൊതുസമൂഹത്തിന് ലഭ്യമാകുന്ന വിധത്തിൽ മാതൃഭാഷയിൽ പ്രസിദ്ധീകരിക്കാൻ നേതൃത്വം കൊടുത്തതുമാണ് ഇദ്ദേഹത്തെ തെറിപ്പിക്കാനുള്ള കാരണങ്ങളിൽ ഒന്ന്. നിലവിലുള്ള രീതിയിൽ ഓഡിറ്റ് തുടർന്നാൽ തദ്ദേശതിരഞ്ഞെടുപ്പിൽ ദോഷം ചെയ്യുമെന്ന കണ്ടെത്തലും പുറത്താക്കലിന് കാരണമായിട്ടുണ്ട്.
കുറഞ്ഞ സമയം കൊണ്ട് മൂവായിരത്തോളം വാർഡുകളിലെ പ്രവൃത്തികളിൽ ഇവർ ഗുരുതരമായ ക്രമക്കേടുകളും അഴിമതികളും കണ്ടെത്തി. അതിലുപരി, ആ കണ്ടത്തലുകൾ പൊതുജനങ്ങൾക്ക് മനസ്സിലാകുന്ന രൂപത്തിൽ മലയാളത്തിൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ആർക്കും ഡൗൺലോഡ് ചെയ്തെടുത്ത് ഇടപെടാൻ സാധിക്കുന്ന രൂപത്തിലാക്കിയതും പ്രശ്നമായി.
അടുത്തിടെ തൊഴിലുറപ്പ് പദ്ധതി പ്രവർത്തനം വിലയിരുത്താൻ കേന്ദ്ര ഡയറക്ടർ അടക്കമുള്ളവരുടെ സംഘം കേരളത്തിലെത്തിയിരുന്നു. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ അവർ നടത്തിയ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് 30 ലക്ഷം രൂപയുടെ പ്രവർത്തികളുടെ അനുമതി റദ്ദാക്കി തുക തിരിച്ചുപിടിക്കാൻ നിർദ്ദേശിച്ചിരുന്നു. ഇതു വരെയും സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചില്ല.
941 പഞ്ചായത്തുകളിൽ 16000 വാർഡുകളിലാണ് തൊഴിലുറപ്പ് പ്രവർത്തികൾ നടക്കുന്നത്.ഓരോ വാർഡിലും സോഷ്യൽ ഓഡിറ്റ് ഗ്രാമസഭ ചേർന്ന് പരിശോധനാ റിപ്പോർട്ട് അംഗീകരിച്ച് അതിന്മേൽ നടപടി ശുപാർശ ചെയ്യണം.
അഴിമതികളും ക്രമക്കേടുകളും കണ്ടെത്തിയാൽ അതിനുത്തരവാദികളായവരുടെ പേരിൽ ശിക്ഷാ നടപടികൾ എടുക്കേണ്ടത് സംസ്ഥാന സർക്കാരാണ്. അതിന് സഹായകമായ നിലപാട് സ്വീകരിച്ച ഉദ്യോഗസ്ഥനെയാണ് പുറത്താക്കിയത്. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും പ്രധാന പൊതുമരാമത്ത് പ്രവൃത്തികൾക്കും സോഷ്യൽ ഓഡിറ്റ് നിർബന്ധമാക്കുമെന്നും അഴിമതിയോട് വിട്ടുവീഴ്ച ഇല്ലാത്തതും പ്രകടവും ശക്തവുമായ നയം ആയിരിക്കും സർക്കാർ പിന്തുടരുക എന്ന ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിലെ പ്രഖ്യാപനത്തിന് വിരുദ്ധവുമാണ് ഈ നടപടി.
ഡോ: എബി ജോർജിനെ സംബന്ധിച്ച് സോഷ്യൽ ഓഡിറ്റ് ജോലി അല്ലെങ്കിലും ഏതെങ്കിലും ഒരു ജോലി എടുത്തു മുന്നോട്ടു പോകാം, പക്ഷേ കേരളത്തിലെ പൊതു സമൂഹത്തെ സംബന്ധിച്ച് ഇത്രയും വിപുലമായ സോഷ്യൽ ഓഡിറ്റ് പ്രവർത്തനങ്ങൾക്ക് കഴിവും, പ്രാപ്തിയും, സത്യസന്ധതയും, സുതാര്യതയും ഉള്ള ഇദ്ദേഹത്തേ പോലുള്ള ഉദ്യോഗസ്ഥരെ അത്യാവശ്യമാണ് ആയതുകൊണ്ട് ഡോ: എബി ജോർജിന്റെ സേവനം സോഷ്യൽ ഓഡിറ്റ് പ്രവർത്തനങ്ങളിലേക്ക് തന്നെ തിരിച്ചു നൽകണമെന്നും, രാഷ്ടീയ ലാഭങ്ങൾക്ക് വേണ്ടി സോഷ്യൽ ഓഡിറ്റ് പ്രവർത്തനങ്ങളുടെ ഉദ്ദേശലക്ഷ്യങ്ങൾ കളഞ്ഞ് കുളിക്കരുതെന്നും അധികാരികളോട് വിനയപൂർവ്വം ആവശ്യപ്പെടുന്നു.
എന്ന്,
മുജീബ് റഹ്മാൻ, പത്തിരിയാല്
സംസ്ഥാന സമിതി അംഗം & മലപ്പുറം ജില്ലാ കോർഡിനേറ്റർ
ദേശീയ വിവരാവകാശ കൂട്ടായ്മ - കേരളം
mujeebrahman10riyal@gmail.com
9495252466