ഗ്രാമസഭ

ഗ്രാമസഭ

             ഗ്രാമസഭ എന്നാൽ, ജനാധിപത്യ ഭരണക്രമത്തിൽ സാധാരണ ജനങ്ങൾക്ക് ഭരണത്തിൽ നേരിട്ട് പങ്കാളിത്തം ലഭിക്കുന്ന ഏക സംവിധാനമാണ്. ഒരു ഗ്രാമപ്പഞ്ചായത്തിലെ ഓരോ വാർഡിലെയും മുഴുവൻ സമ്മതിദായകരും അതതു വാർഡിന്റെ ഗ്രാമസഭകളിലെ അംഗങ്ങളാണ്. ബന്ധപ്പെട്ട ഗ്രാമപ്പഞ്ചായത്തംഗമാണ് ഗ്രാമസഭാ കൺവീനർ . ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റാണ് അദ്ധ്യക്ഷൻ. വർഷത്തിൽ 4 തവണയെങ്കിലും ഗ്രാമസഭ യോഗം ചേരണം. ആകെ ഗ്രാമസഭാംഗങ്ങളുടെ 10 ശതമാനമാണ് ക്വാറം അല്ലാത്തപക്ഷം ഗ്രാമസഭ മാറ്റിവെക്കേണ്ടതാണ്. എന്നാൽ ക്വാറം തികയാതെ മാറ്റി വെച്ച്, പിന്നീട് ചേരുന്ന യോഗത്തിന്റെ ക്വാറം 50 അംഗങ്ങൾ ആയിരിക്കേണ്ടതാണ് . 10 ശതമാനത്തിലധികം സമ്മതിദായകർ രേഖാമൂലം ആവശ്യപ്പെട്ടാൽ 15 ദിവസങ്ങൾക്കുള്ളിൽ ഒരു പ്രത്യേക ഗ്രാമസഭ യോഗവും ചേരേണ്ടതുണ്ട്.

          ഗ്രാമസഭയുടെ യോഗം 3 മാസത്തിലൊരിക്കൽ വിളിച്ചുകൂട്ടുന്നതിൽ തുടർച്ചയായി രണ്ടുതവണ (2013ൽ നിയമ ഭേദഗതി വരുത്തി മൂന്നുതവണ) വീഴ്ചവരുത്തിയാൽ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ അംഗത്വം നഷ്ടമാകും. ഗ്രാമസഭ നടത്തുന്ന തീയതിക്ക് 7 ദിവസം മുമ്പ് ഗ്രാമസഭാംഗങ്ങൾക്ക് നോട്ടീസ് നൽകണം. ബാനർ, പോസ്റ്റർ, അനൗൺസ്മെൻറ് തുടങ്ങിയവയിലൂടെ ഗ്രാമസഭയുടെ പ്രചരണം നടത്തണം. ആ പ്രദേശത്തെ ബ്ലോക്ക്/ ജില്ലാ പഞ്ചായത്ത് മെമ്പർ, എം.എൽ.എ തുടങ്ങിയവരെ യോഗത്തിലേക്ക് ക്ഷണിക്കണം.

            മുൻവർഷത്തെ വികസന പരിപാടികളും നടപ്പുവർഷത്തിൽ ഏറ്റെടുക്കാനുദ്ദേശിക്കുന്ന വികസന പരിപാടികളും ഇതിനുവേണ്ടിവരുന്ന ചെലവുകൾ സംബന്ധിച്ച ഒരു റിപ്പോർട്ടും മുൻവർഷത്തെ വാർഷികക്കണക്കുകളുടെ ഒരു സ്റ്റേറ്റ്മെന്റും ഭരണ നിർവ്വഹണാധികാരസ്ഥന്റെ (സെക്രട്ടറിയുടെ) ഒരു റിപ്പോർട്ടും ആദ്യയോഗത്തിൽ ഗ്രാമസഭ മുമ്പാകെ വയ്ക്കുന്നു. ഗ്രാമസഭകളുടെ ശുപാർശകൾക്കും നിർദ്ദേശങ്ങൾക്കും ത്രിതല പഞ്ചായത്തുകൾ അർഹമായ പരിഗണന നൽകുന്നു. ഗ്രാമസഭകൾക്ക് പ്രത്യേക ചുമതലകളും പഞ്ചായത്തീരാജ് നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. പഞ്ചായത്തിന്റെ പ്രവർത്തനങ്ങളും പദ്ധതികളുടെ കാര്യക്ഷമതയ്ക്കും സുതാര്യതയ്ക്കും ഗ്രാമസഭ തിരഞ്ഞെടുക്കുന്ന അംഗങ്ങൾക്ക് പദ്ധതികൾ സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമാക്കാവുന്നതാണ്.

         ഗ്രാമസഭകളിൽ ഉയർന്നുവരുന്ന ആശയങ്ങൾ പദ്ധതി രൂപത്തിൽ ആക്കിയാണ് ആ വാർഡിലെ വികസന പ്രവർത്തനങ്ങൾ തീരുമാനിക്കുന്നത്. വിവിധ ക്ഷേമപദ്ധതികൾക്കുള്ള ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാനുള്ള ചുമതല ഗ്രാമസഭകൾക്കാണ്. ഗ്രാമസഭയിലൂടെയാണ് ഗ്രാമപ്പഞ്ചായത്തുകളുടെ പദ്ധതികൾ ഉരുത്തിരിയുന്നത്. പദ്ധതിയാസൂത്രണത്തിലും നിർവ്വഹണത്തിലും ഗ്രാമസഭകൾക്ക് നിർണ്ണായകമായ സ്ഥാനം നിയമം വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഗ്രാമസഭയുടെ തീരുമാനം നടപ്പാക്കാൻ പഞ്ചായത്ത് ബാധ്യസ്ഥമാണ്. ഗ്രാമസഭകളുടെ ശുപാർശകൾക്കും നിർദ്ദേശങ്ങൾക്കും ബ്ലോക്ക്/ ജില്ല പഞ്ചായത്തുകൾ അർഹമായ പരിഗണന നൽകേണ്ടതാണ്. ഗ്രാമസഭയിൽ പാസ്സാക്കിയ ഒരു കാര്യം റദ്ദാക്കുന്നതിന് പാർലമെന്റിന് പോലും അധികാരമില്ല.

           ഗ്രാമസഭ ഗ്രാമങ്ങളുടെ ആത്മാവാണ്. ഗ്രാമസഭ എത്രത്തോളം ശക്തിപ്പെടുമോ അത്രത്തോളം വികസനം ആ ഗ്രാമങ്ങളിൽ ഉണ്ടാവും. പങ്കാളിത്ത ജനാധിപത്യ പ്രക്രിയയുടെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് ഓരോ ഗ്രാമസഭ അംഗവും നിർബന്ധമായും ഗ്രാമസഭയിൽ പങ്കെടുത്ത് നാടിൻെറ പുരോഗതിയിൽ ഭാഗമായി ചേരേണ്ടതാണ്.