ഉമാദേവി v/s സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഓഫ് കർണാടക (UMADEVI Vs Secretary of STATE OF KARNATAKA)
2006 ഏപ്രിൽ 10, ഇന്ത്യൻ സർവീസ് ചരിത്രത്തിലെ ഏറ്റവും നാഴികക്കല്ല് ആയ ഉമാദേവി v/s സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഓഫ് കർണാടക (UMADEVI Vs Secretary of STATE OF KARNATAKA) എന്ന കേസിൻമേൽ ബഹു. സുപ്രീം കോടതി ഭരണ ഘടന ബെഞ്ച് വിധി വന്നിട്ട് ഇന്നേക്ക് 17 വർഷം ആകുന്നു.
എന്താണ് UMADEVI Vs Secretary of STATE OF KARNATAKA എന്ന കേസിലെ സുപ്രീം കേസ് വിധി ?
കർണാടക സംസ്ഥാനത്തിലുള്ള ദാര്വാര്ഡ് (Dharward) ജില്ലയിൽ വാണിജ്യ(വ്യവസായ) വകുപ്പിൽ ദിവസവേതനവ്യവസ്ഥകൾ പ്രകാരം ജോലി ചെയ്തു വരികയായിരുന്ന കുറേ കരാർ ജീവനക്കാർ, അവർക്ക് സ്ഥിരനിയമനം വേണമെന്നും അവർക്ക് സ്ഥിര ജീവനക്കാരുടേത് പോലെ അതേ ശമ്പളവും മറ്റാനുകൂല്യങ്ങളും വേണമെന്നും ആവശ്യം അവരുടെ വകുപ്പ് അധികാരിക്ക് മുന്നിൽ ഉയർത്തി. ഇവരുടെ ആവശ്യം അങ്ങനെ തന്നെയനുവദിച്ചു കൊണ്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഉത്തരവ് ഇറക്കി. കർണാടക സർക്കാർ ആ ഉത്തരവിന് എതിരായിരുന്നു. കർണാടക സർക്കാർ ഈ വിഷയം അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ മുമ്പിൽ എത്തിച്ചു. ട്രൈബ്യൂണൽ വിധി സർക്കാരിന് അനുകൂലമായിരുന്നു. താൽകാലിക / കരാർ ജോലിക്കാർക്ക് ദിവസ കൂലി മാത്രമാണ് അവകാശം എന്നായിരുന്നു വിധി. ട്രൈബ്യൂണൽ വിധിക്ക് എതിരെ കർണാടക ഹൈക്കോടതിയിൽ ഈ ദിവസവേതന വ്യവസ്ഥകൾ പ്രകാരം ജോലി ചെയ്യുന്ന ജീവനക്കാർ കേസിന് പോയി. ഇത്തവണ ഈ താൽകാലിക / കരാർ ജീവനക്കാർക്ക് അനുകൂലമായാണ് വിധി വന്നത്. ഇപ്രാവശ്യം ഇവർക്ക് സ്ഥിര നിയമനം,സ്ഥിര ജീവനക്കാർക്ക് നൽകുന്നതിന് തുല്യമായ ശമ്പളവും മറ്റാനുകൂല്യങ്ങളും നൽകണമെന്നും കർണാടക ഹൈക്കോടതി വിധിയിൽ പരാമർശമുണ്ടായി.
ബഹു. ഹൈക്കോടതിയിൽ നിന്നും വന്ന തെറ്റായ വിധിയക്കെതിരെ കർണാടക സർക്കാർ ബഹു. സുപ്രീം കോടതിയിൽ അപ്പീൽ അപേക്ഷ സമർപ്പിച്ചു. ഇതിന്റെ തുടർച്ചയായി ഈ കേസ് സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ചിൽ ഈ കേസ് എത്തി. സർക്കാർ വകുപ്പുകളിലും
മറ്റ് സംവിധാനങ്ങളിലും ദിവസവേതന അടിസ്ഥാനത്തിൽ കരാർ വ്യവസ്ഥകൾ പ്രകാരം ജോലി ചെയ്യുന്ന ജീവനക്കാരെ നേരായ രീതിയിൽ ഭരണഘടനയുടെ ആർട്ടിക്കിൾ 16 (അവസര സമത്വം), ആർട്ടിക്കിൾ 14 (സമത്വം) തുടങ്ങിയവ കൃത്യമായി പാലിച്ച് ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പാലിച്ച് കൊണ്ട് മാത്രമേ നിയമനം നടത്തുവാൻ പാടുള്ളൂയെന്നും, ഇവർക്ക് നൽകിയ കരാർ ഉത്തരവിൽ രേഖപ്പെടുത്തിയിട്ടുള്ള നിശ്ചിത കാലാവധി വിട്ട് ജോലിയിൽ തുടരാൻ അർഹതയില്ലായെന്നും, ഇവർക്ക് സ്ഥിരനിയമനം അല്ലെങ്കിൽ നിലവിൽ ചെയ്തു കൊണ്ടിരിക്കുന്ന ജോലിയിൽ regularisation നൽകാൻ പാടില്ലായെന്നുമായിരുന്നു വിധിയിലെ പരാമർശം.
ഈ വിധിയിലെ മറ്റ് പ്രധാന പോയിൻ്റുകൾ,
1)ഒരു സ്കീം അല്ലെങ്കിൽ പദ്ധതി പ്രകാരം ജോലി ക്ക് ആളെ നിയമിക്കുമ്പോൾ, അനന്തമായി / തുടർച്ചയായി നിയമനം തുടർന്ന് പോകരുത്.
2)വിധി വന്ന തീയതിയായ 2006 ഏപ്രിൽ 10 മുതൽ 6 മാസത്തിനകം രാജ്യത്തെ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഒറ്റ തവണയായി നേർവഴിക്ക് താത്കാലിക കരാർ ദിവസ വേതന വ്യവസ്ഥകൾ പ്രകാരം ജോലിക്ക് കയറി 10 വർഷമായി തുടരുന്ന ജീവനക്കാർക്ക് സ്ഥിര നിയമനം നൽകാം.
3) എല്ലാ താത്കാലിക / കരാർ ദിവസവേതനവ്യവസ്ഥകൾ പ്രകാരമുള്ള നിയമനങ്ങളും എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് ആക്ട് (1959) പ്രകാരം നടത്തണം.
3) സ്ഥിര നിയമനങ്ങൾ തുടക്കം മുതൽ തന്നെ സ്ഥിരനിയമനം ആയിരിക്കണം, അതിന് സ്ഥിരനിയമന സംവിധാനങ്ങൾ വഴിയുള്ള നടപടിക്രമങ്ങൾ കൃത്യമായിട്ട് പാലിച്ച് മാത്രമേ നടത്തുവാൻ പാടുള്ളൂ.
5) ആവശ്യമായ എല്ലാ സ്ഥിരം പോസ്റ്റുകൾക്കും സ്പെഷ്യൽ റൂൾ തയ്യാർ ചെയ്യണം.
പക്ഷേ സംഭവിച്ചത് ഇങ്ങനെയായിരുന്നു, ഈ വിധിയിലെ തന്നെ വളരെ ചെറിയൊരു ഭാഗത്ത് സ്റ്റേറ്റ് ഓഫ് ഹരിയാന Vs. പിയാരാ സിംഗ് (State of Haryana v. Piara Singh) എന്ന കേസ് പരാമർശിച്ച് കൊണ്ട് സംസ്ഥാനത്ത് ഉണ്ടാകുന്ന അടിയന്തര സാഹചര്യങ്ങൾ മാനിച്ച് ചില പ്രത്യേക ഘട്ടങ്ങളിൽ കടുത്ത ഉപാധികളും ചട്ടങ്ങളും കൃത്യമായി പാലിച്ച് കൊണ്ട് താൽകാലിക / കരാർ ദിവസവേതനവ്യവസ്ഥകൾ പ്രകാരം ജോലിക്ക് ആളുകളെ നിയമിക്കുന്നതിനെ പറ്റിയും മറ്റും പറയുന്നുണ്ട്. ഈ ഭാഗം മാത്രമാണ് ഈ വിധിയിലെ കാതൽ അഥവാ സാരാംശം എന്ന് കാണിക്കുവാനുള്ള ശ്രമം ഭരണ - പ്രതിപക്ഷ പാർട്ടികളും ഇവരുടെ ട്രേഡ് യൂണിയനുകളും മറ്റ് സംഘടനകളും മനഃപൂർവ്വം നടത്തുന്നുണ്ട്. അത് എത്ര വളഞ്ഞ വഴിയിലൂടെയായാലും അത് സ്ഥിരനിയമനമാക്കാനുള്ള സുപ്രീം കോടതി ഭരണഘടന ബെഞ്ച് വിധിയാണിതെന്ന് ഇവർ ഫേസ്ബുക്കിലും മറ്റ് ദൃശ്യ-പത്ര- സാമൂഹിക-ഓൺലൈൻ മാധ്യമങ്ങളിലും ചാനൽ ചർച്ചയിൽ ഒക്കെ പറയുന്നുണ്ട്. ഈ കാരണം കൊണ്ട് നമ്മുടെ കേരളത്തിൽ വിധി നേർ വിപരീതദിശയിലാണ് നടപ്പിലാവുന്നത്.
2021 മാർച്ച് 8 ന് കേരളത്തിലെ മുഴുവൻ വകുപ്പുകളിലും മറ്റു സംവിധാനങ്ങളിലും , ഹൈക്കോടതി താൽക്കാലിക / കരാർ ദിവസവേതനവ്യവസ്ഥകൾ പ്രകാരം ജോലി ചെയ്യുന്ന ആളുകളുടെ സ്ഥിരപ്പെടുത്തൽ സ്റ്റേ ചെയ്തിരുന്നു. എന്നാൽ അങ്ങനെ ചെയ്യാൻ പാടില്ലയെന്ന് കാണിച്ച് ചീഫ് സെക്രട്ടറിയോട് എല്ലാ സ്ഥാപനങ്ങൾക്കും വേണ്ടി 3 ആഴ്ച്ചയ്ക്കകം ഉത്തരവ് ഇറക്കാനും പറഞ്ഞിരുന്നു പക്ഷേ പിയാരാ സിംഗ് കേസിലെ ഭാഗം മാത്രം ഹൈലൈറ്റ് ചെയ്തു ബഹു. സുപ്രീം കോടതി ഭരണ ഘടന ബെഞ്ച് വിധി ക്ക് എതിരെ സർക്കാർ 2021 ജൂലായ് മാസത്തിൽ അപ്പീൽ പോവുകയാണുണ്ടായത്.
Midhun Mohan K M