പുതിയ സാമ്പത്തിക വര്‍ഷത്തിന് മുന്നോടിയായി ജി.എസ്.ടി നികുതിദായകരായ വ്യാപാരികള്‍ ശ്രദ്ധിക്കേണ്ടവ
പുതിയ സാമ്പത്തിക വര്‍ഷത്തിന് മുന്നോടിയായി ജി.എസ്.ടി നികുതിദായകരായ വ്യാപാരികള്‍ ശ്രദ്ധിക്കേണ്ടവ ----------------------------------------------------------------------
2023 -2024 സാമ്പത്തിക വര്‍ഷത്തിന് മുന്നോടിയായി ജി.എസ്.ടി നിയമ പ്രകാരം രജിസ്‌ട്രേഷന്‍ എടുത്തിട്ടുള്ള എല്ലാ വ്യാപാരികളും നിയമപരമായി നിര്‍ബന്ധമായും പാലിക്കേണ്ടതും, സാഹചര്യാനുസൃതം ആവശ്യമെങ്കില്‍ തിരഞ്ഞെടുക്കേണ്ടതുമായ വിവിധ നടപടി ക്രമങ്ങളുടെ ശരിയായ നടത്തിപ്പിലേക്കായി താഴെ പറയുന്ന കാര്യങ്ങള്‍ എല്ലാ നികുതിദായകരും ശ്രദ്ധിക്കേണ്ടതാണ്.
1 . ജി .എസ് .ടി നിയമ പ്രകാരം 2023 -2024 സാമ്പത്തിക വര്‍ഷം മുതല്‍ പുതുതായി കോമ്പോസിഷന്‍ സ്‌കീം തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്ന അര്‍ഹരായ നികുതിദായകര്‍, പ്രസ്തുത സ്‌കീം തിരഞ്ഞെടുക്കുവാന്‍ ഉള്ള ഓപ്ഷന്‍, നിയമപ്രകാരം 31 മാര്‍ച്ച് 2023 നോ അതിന് മുന്‍പോ തന്നെ ഫയല്‍ ചെയ്യേണ്ടതാണ്. നിലവില്‍ കോമ്പോസിഷന്‍ സ്‌കീം പ്രകാരം കച്ചവടം ചെയ്യുന്നവര്‍ക്ക് പുതുതായി ഇതിനു വേണ്ടി ഓപ്ഷന്‍ നല്‍കേണ്ടതില്ല.
2. ജി.എസ്.ടി റൂള്‍ 46 (ബി) പ്രകാരം എല്ലാ നികുതിദായകരും പുതിയ സാമ്പത്തിക വര്‍ഷത്തില്‍ യൂണീക്ക് ആയ തുടര്‍ സീരീസ്സില്‍ ഉള്ള ടാക്‌സ് ഇന്‍വോയ്‌സുകള്‍ ആണ് ഉപയോഗിക്കേണ്ടത്. വരും സാമ്പത്തിക വര്‍ഷത്തില്‍ പ്രസ്തുത റൂള്‍ പ്രകാരമുള്ള നിയമപരമായ ബാധ്യത പാലിക്കപ്പെടുന്നുണ്ട് എന്ന് എല്ലാ നികുതിദായകരും ഉറപ്പ് വരുത്തേണ്ടതാണ്.
3. 2022-2023 സാമ്പത്തിക വര്‍ഷത്തില്‍ ഒരു പാനില്‍ (PAN ) രാജ്യമാകമാനമുള്ള ജി.എസ്.ടി രജിസ്‌ട്രേഷനുകളിലെയും മൊത്ത വാര്‍ഷിക വിറ്റ് വരവ് (Aggregate Turnover) 10 കോടി കടന്നിട്ടുള്ള നികുതിദായകര്‍ നിബന്ധനകള്‍ക്കനുസൃതമായി 2023 ഏപ്രില്‍ 1 മുതല്‍ സാധനങ്ങളുടെയോ, സേവനങ്ങളുടെയോ വിതരണത്തിനോട് അനുബന്ധിച്ച് എല്ലാ ബിസ്സിനെസ്സ്- ടു- ബിസ്സിനെസ്സ് ( B to B) വില്പനയിലും നിര്‍ബന്ധമായും ഇ - ഇന്‍വോയ്‌സിങ് ചെയ്യേണ്ടതാണ്. പ്രസ്തുത പരിധിയില്‍ വരുന്ന നിയമപരമായ ബാധ്യതയുള്ള എല്ലാ നികുതിദായകരും കര്‍ശനമായി ഇ -ഇന്‍വോയ്‌സുകള്‍ നല്‍കേണ്ടതും, അപ്രകാരം ചെയ്യാതിരുന്നാല്‍ ജി.എസ്.ടി നിയമപ്രകാരമുള്ള ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുകയും, ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരുകയും ചെയ്യും.
4. ജി.എസ്.ടി.ആര്‍ -1 / 3-ബി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്ന നികുതിദായകര്‍ക്കുള്ള ത്രൈമാസ റിട്ടേണ്‍ ഫയലിംഗ് സ്‌കീമായ ക്യു.ആര്‍.എം.പി (QRMP ), 2023 -2024 സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദം മുതല്‍ തന്നെ ( 2023 ഏപ്രില്‍ 1 മുതല്‍ 2023 ജൂണ്‍ 30 വരെ) പ്രയോജനപ്പെടുത്തുവാനുള്ള ഓപ്ഷന്‍ ഫയല്‍ ചെയ്യുവാനുള്ള അവസരം 2023 ഏപ്രില്‍ 30 വരെ ജി.എസ്.ടി പോര്‍ട്ടലില്‍ ലഭ്യമാണ്. നിലവില്‍ ക്യു.ആര്‍.എം.പി (QRMP ) സ്‌കീമില്‍ ഉള്ളവര്‍ക്ക് സാധാരണ പോലെ പ്രതിമാസ റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന രീതിയിലേക്ക് മാറുവാനുള്ള സൗകര്യവും ഇതോടൊപ്പം ലഭ്യമാണ്. പാന്‍ (PAN ) അടിസ്ഥാനമാക്കിയുള്ള മൊത്ത വാര്‍ഷിക വിറ്റ് വരവ് 5 കോടിയില്‍ കവിയാത്തവര്‍ക്കാണ് ഈ സ്‌കീമിന്റെ ആനുകൂല്യം ലഭിക്കുവാന്‍ അര്‍ഹത.
5. ഐ.ജി.എസ്.ടി (IGST ) അടയ്ക്കാതെ വിദേശ രാജ്യങ്ങളിലേക്കോ, സെസ്സ് യൂണിറ്റുകളിലേക്കോ, സാധനങ്ങളോ, സേവനങ്ങളോ കയറ്റുമതി ചെയ്യുന്ന എല്ലാ കയറ്റുമതിക്കാരും, എല്ലാ സാമ്പത്തിക വര്‍ഷവും കയറ്റുമതി നടത്തുന്നതിന് മുന്‍പ് തന്നെ ലെറ്റര്‍ ഓഫ് അണ്ടര്‍ടേക്കിങ് ( LUT ) GST RFD 11 കമ്മീഷണര്‍ മുന്‍പാകെ ഫയല്‍ ചെയ്യേണ്ടതാണ്. ആയതിലേക്കായി 2023 -2024 സാമ്പത്തിക വര്‍ഷത്തെ ലെറ്റര്‍ ഓഫ് അണ്ടര്‍ടേക്കിങ് ( LUT ) സമര്‍പ്പിക്കുവാനുള്ള സൗകര്യം ജി.എസ്.ടി കോമണ്‍ പോര്‍ട്ടലില്‍ ലഭ്യമാണ് (Form GST RFD-11 ). മേല്‍ പ്രകാരമുള്ള കയറ്റുമതി നടത്തുന്നവര്‍ വീഴ്ച വരാതെ പ്രസ്തുത സൗകര്യം പ്രയോജനപ്പെടുത്തേണ്ടതാണ്.
മേല്‍ സൂചിപ്പിച്ചിരിക്കുന്നവ, ബന്ധപ്പെട്ട എല്ലാ നികുതിദായകരും സമയബന്ധിതമായി പ്രയോജനപ്പെടുത്തണമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി കമ്മീഷണര്‍ അറിയിച്ചു.