കുപ്പൺ പിരിവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട്
, കുവൈത്തിൽ ജിലീബിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സ്വകാര്യ ഇന്ത്യൻ വിദ്യാലയത്തിനു എതിരെ ഗുരുതരമായ സാമ്പത്തിക ക്രമക്കേട് ആരോപണവുമായി രക്ഷിതാക്കൾ.എന്നാൽ ഇത് സംബന്ധിച്ച് രക്ഷിതാക്കളിൽ ഒരാൾ ഒഴികെ ആരും തന്നെ വിദ്യാഭ്യാസ മന്ത്രാലയ അധികൃതർക്ക് പരാതി നൽകാൻ വിമുഖത കാട്ടുന്നത് വിദ്യാലയ അധികൃതർക്ക് വളമാകുന്നു എന്ന പരാതിയും നില നിൽക്കുകയാണ്. സ്കൂൾ കാർണിവൽ അനുബന്ധിച്ച് സ്‌കൂൾ അധികൃതർ വിദ്യാർത്ഥികൾ മുഖേനെ നടത്തിയ കുപ്പൺ പിരിവുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ ജിലീബിലെ XXXX സ്‌കൂൾ അധികൃതർക്ക് എതിരെ ഗുരുതരമായ സാമ്പത്തിക ക്രമക്കേട് ആരോപണം ഉയർന്നിരിക്കുന്നത്. ചെറിയ ക്ളാസുകളിലെ വിദ്യാർത്ഥികൾക്ക് ഒരു ദിനാർ വിലയുള്ള 5 കൂപ്പണുകളും മുതിർന്ന ക്ളാസുകളിലെ വിദ്യാർത്ഥികൾക്ക് ഇതേ നിരക്കിലുള്ള 10 കൂപ്പണുകളും നിർബന്ധമായും വിറ്റഴിക്കാനാണ് സ്‌കൂൾ അധികൃതർ ചുമതലപ്പെടുത്തിയത്. ഏകദേശം അയ്യായിരത്തിൽ അധികം വിദ്യാർത്ഥികളാണ് ഈ വിദ്യാലയത്തിൽ പഠനം നടത്തുന്നത്.ഭൂരിഭാഗം രക്ഷിതാക്കളും തങ്ങളുടെ കുഞ്ഞുങ്ങൾ കൂപ്പണുമായി തെരുവിൽ തെണ്ടുന്നതിനെതിരെ അമർഷം പ്രകടിപ്പിക്കുവെങ്കിലും ഇത് സംബന്ധിച്ച് ഒരാൾ മാത്രമാണ് വിദ്യാഭ്യാസ മന്ത്രാലയത്തിൽ പരാതി നൽകിയിരിക്കുന്നത്. എന്നാൽ പരാതി നൽകിയ വ്യക്തിയെ വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം ബന്ധപ്പെടുകയും കൂടുതൽ വിശദാശംങ്ങൾ നൽകാൻ ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ് ഇപ്പോൾ. ഏതാണ്ട് അയ്യായിരത്തോളം വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയത്തിൽ ഗുരുതരമായ ഈ ഒരു സംഭവമുണ്ടായിട്ടും ഒരു രക്ഷിതാവ് മാത്രം പരാതിപ്പെട്ടതിൽ അധികൃതർ ആശ്ചര്യം പ്രകടിപ്പിച്ചതായാണ് വിവരം.
മൂന്നു കാരണങ്ങളാണ് രക്ഷിതാവ് മന്ത്രാലയ അധികൃതർക്ക് ഇതിനു മറുപടിയായി നൽകിയത്. പരാതിപ്പെട്ടാൽ തങ്ങളുടെ കുട്ടികളോട് സ്കൂൾ അധികൃതർ പ്രതികാര മനോഭാവത്തോടെ പെരുമാറുമോ എന്ന ഭയം ആണ് ഇതിൽ ഏറ്റവും പ്രധാനം. എവിടെ പരാതിപ്പെടണമെന്ന അജ്ഞത, സമയക്കുറവ് എന്നിവയാണ് മറ്റു കാരണങ്ങളായി അറിയിച്ചിരിക്കുന്നത്.ജോലിത്തിരക്കിനിടയിൽ ഇതിനു പിന്നാലെ പോയി സമയം നഷ്ടപ്പെടുത്താതെ അഞ്ചോ പത്തോ ദിനാർ കയ്യിൽ നിന്നും നൽകിയാണ് പല രക്ഷിതാക്കളും പ്രശ്‍നം പരിഹരിച്ചത് എന്നും രക്ഷിതാവ് മന്ത്രാലയത്തിന് നൽകിയ വിശദീകരണത്തിൽ സൂചിപ്പിച്ചു.. എന്നാൽ ഇതിനു വിദ്യാഭ്യാസ മന്ത്രാലയ അധികൃതർ നൽകിയ മറുപടി ഏറെ പ്രതീക്ഷ നൽകുന്നുവെന്നാണ് പരാതി നൽകിയ രക്ഷിതാവിന്റെ പ്രതികരണം.. കൃത്യമായ നിയമ വ്യവസ്ഥകളോടെയാണ് കുവൈത്ത് സർക്കാർ സ്വകാര്യ സ്കൂളുകൾ നടത്താൻ അനുമതി നൽകുന്നത് എന്നും തെറ്റ് ചൂണ്ടിക്കാണിച്ചാൽ വിദ്യാലയ അധികൃതരിൽ നിന്നുള്ള പ്രതികാര നടപടികൾ ഭയപ്പെടെണ്ടതില്ലെന്നും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടേയും പ്രശ്നങ്ങൾക്കും പരാതികൾക്കും പരിഹാരം കാണാൻ വിദ്യാഭ്യാസവകുപ്പിൽ പ്രത്യേകവിഭാഗം തന്നെ പ്രവർത്തിക്കുന്നുണ്ട് എന്നുമാണ് മന്ത്രാലയ അധികൃതർ രക്ഷിതാവിനെ അറിയിച്ചത്. തികച്ചും നിയമ വിരുദ്ധമായ ഇത്തരം പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ, മുബാറക് അൽ കബീറിൽ പ്രവർത്തിക്കുന്ന സ്വകാര്യ വിദ്യാഭ്യാസ മന്ത്രലയത്തിലെ മൂന്നാം നമ്പർ മുറിയിലോ അന്പത്തിരണ്ടാം നമ്പർ റൂമിലോ ചെന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു നേരിട്ടു പരാതി നല്കാൻ രക്ഷിതാക്കൾ മുന്നോട്ടു വരണമെന്നും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു രക്ഷിതാവ് അറിയിച്ചു.എങ്കിൽ മാത്രമേ ഇത്തരം പ്രവണതകൾക്കു അറുതി വരുത്താനാകുമെന്നും ഇത്തരം പരാതികൾ ഗൗരവത്തോടെ സ്വീകരിക്കുന്ന ഒരു വകുപ്പു തന്നെ മന്ത്രാലയത്തിൽ പ്രവർത്തിക്കുന്നുവെന്നത് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആശ്വാസം പകരുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 0091 9946333311 എന്ന വാട്സ് ആപ്പ് നമ്പറിൽ ബന്ധപ്പെടണമെന്നും അദ്ദേഹം അറിയിച്ചു.