തെങ്ങ് സംബന്ധമായ എല്ലാ പ്രശ്‌നത്തിനും പരിഹാരവുമായി കോൾ സെന്‍റർ
തെങ്ങിൽ കയറൽ മുതൽ വിത്തുതേങ്ങകൾ കണ്ടെത്തൽ വരെ; തെങ്ങ് സംബന്ധമായ എല്ലാ പ്രശ്‌നത്തിനും പരിഹാരവുമായി കോൾ സെന്‍റർ; സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റർ ചെയ്തത് 1552 പേർ..!
തെങ്ങ് സംബന്ധമായ എല്ലാ പ്രശ്‌നത്തിനും പരിഹാരം കാണാന്‍ കോള്‍ സെന്ററുമായി നാളികേര വികസന ബോർഡ്. തേങ്ങയിടാന്‍ ആളെ കിട്ടില്ലെന്ന പരാതിക്കും തെങ്ങിന്റെ ചെങ്ങാതിമാർ എന്ന കോള്‍ സെന്ററിലൂടെ പരിഹാരമാകും. ബോര്‍ഡിന്റെ ആസ്ഥാനമായ കൊച്ചിയിൽ സജ്ജമാക്കിയിട്ടുള്ള കോള്‍ സെന്ററില്‍ 700 ഓളം തെങ്ങു കയറ്റക്കാരുടെ സേവനമാണ് ലഭ്യമാക്കുക.
കോൾ സെന്റർ പ്രവർത്തനത്തിലൂടെ തെങ്ങിന്റെ ചങ്ങാതിമാരെയും കേര കർഷകരെയും കർഷക കൂട്ടായ്മകളെയും സംരംഭകരെയും കൃഷി ഉദ്യോഗസ്ഥരെയും കേര മേഖലയുമായി ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങളെയും കോർത്തിണക്കി പ്രവർത്തനം സുഗമമാക്കാനാണ് നീക്കം.
തെങ്ങിന്റെ മണ്ട വൃത്തിയാക്കല്‍, മരുന്നുതളിക്കല്‍, വിത്തുതേങ്ങകള്‍ കണ്ടെത്തല്‍ തുടങ്ങിയവയ്‌ക്കെല്ലാം തെങ്ങിന്റെ ചങ്ങാതിമാരുടെ സഹായം ലഭ്യമാകും. ഗ്രാമ-ബ്ലോക്ക്-ജില്ലാതലങ്ങളിലാകും ഇവരുടെ പ്രവര്‍ത്തനം. സഹായം എളുപ്പത്തില്‍ ലഭിക്കുമ്പോള്‍ കൂടുതല്‍പേര്‍ കൃഷിയിലേക്ക് മടങ്ങിവരാന്‍ സാധ്യതയുണ്ടെന്നാണ് ബോര്‍ഡ് വിലയിരുത്തുന്നത്.
പുതുതലമുറയില്‍പെട്ടവര്‍ തെങ്ങുകയറ്റം തൊഴിലായി സ്വീകരിക്കാത്തതാണ് വലിയ പ്രതിസന്ധിയുണ്ടാക്കിയിട്ടുള്ളത്. പ്രശ്‌നം പരിഹരിക്കുന്നതിനും യന്ത്രസഹായത്തോടെയുള്ള തെങ്ങുകയറ്റം പ്രോത്സാഹിപ്പിക്കുന്നതിനുമായി നാളികേര വികസന ബോര്‍ഡ് തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പദ്ധതി ആവിഷ്‌കരിച്ച് പരിശീലനം നല്‍കിയത്.
കേരളത്തില്‍ 1646 ബാച്ചുകളിലായി 32,926 പേരാണ് പരിശീലനം നേടിയത്. അഖിലേന്ത്യാതലത്തില്‍ 66,814 പേര്‍ പരിശീലനം നേടിയിരുന്നു. പരിശീലനം നേടിയവര്‍ക്ക് സൗജന്യമായി യന്ത്രങ്ങളും വിതരണം ചെയ്തു. എന്നാല്‍ പരിശീലനം നേടിയവരില്‍ പലരും ജോലി തുടരാന്‍ താത്പര്യം കാട്ടിയില്ല. ഇതിനു പരിഹാരം കാണാനാണ് കോള്‍ സെന്ററിനു രൂപം നല്‍കിയത്.
തെങ്ങുകൃഷി കൂടുതലുള്ള ആന്ധ്രപ്രദേശ്, തമിഴ്നാട്, കര്‍ണാടക തുടങ്ങിയ ഇടങ്ങളിലും ഉടന്‍ കോള്‍ സെന്ററുകള്‍ പ്രവര്‍ത്തനമാരംഭിക്കുന്നുണ്ട്.