ധാത്രി ഹെയര് ഓയില്

ധാത്രി ഹെയര് ഓയില് വാങ്ങി ഉപയോഗിച്ചിട്ടും ഫലമില്ലാതിരുന്നതിനെ ചോദ്യം ചെയ്തു ഫയല് ചെയ്ത ഹര്ജിയില് ധാത്രി ആയുര്വേദ പ്രൈവറ്റ് ലിമിറ്റഡും അതിന്റെ അംബാസഡറുമായ നടന് അനൂപ് മേനോനും വൈലത്തൂരിലുള്ള എവണ് മെഡിക്കല്സ് ഉടമയും 28,500 രൂപ നഷ്ടപരിഹാരമായി നല്കി ഞമനേങ്ങാട് വൈലത്തൂര് സ്വദേശി വടക്കന് വീട്ടില് ഫ്രാന്സിസ് വടക്കന് ഫയല് ചെയ്ത ഹര്ജിയില് തൃശൂര് ഉപഭോക്തൃ കോടതിയുടെ വിധിയെ തുടര്ന്നാണു നഷ്ടപരിഹാരം നല്കിയത്. ബ്രോഷറില് പരാമര്ശിക്കുന്ന പോലെ ഫ്രാന്സിസ് ക്രീം ഉപയോഗിച്ചെങ്കിലും മുടി വളര്ച്ചയില് മാറ്റമുണ്ടായില്ല. മറ്റുള്ളവരുടെ പരിഹാസത്തിനു പാത്രമാവുകയും ചെയ്തെന്നു ഹര്ജിയില് പറഞ്ഞിരുന്നു.

പരസ്യ അംബാസഡറായ അനൂപ് മേനോനെ വിസ്തരിച്ചപ്പോള് താന് അമ്മ കാച്ചിത്തരുന്ന എണ്ണയാണ് ഉപയോഗിക്കാറുള്ളതെന്നാണ് പറഞ്ഞത്. ഉല്പന്നത്തിന്റെ ഫലപ്രാപ്തി തൃപ്തികരമായി ലഭ്യമാക്കാന് നിര്മാതാവിനു കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു.

തുടര്ന്ന് ധാത്രി കമ്ബനിയോടും അനൂപ് മേനോനോടും പതിനായിരം രൂപ വീതം നഷ്ടപരിഹാരം നല്കാന് വിധി പുറപ്പെടുവിച്ചു. ഉല്പന്നത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തിയും ബോധ്യപ്പെട്ടും മാത്രമേ ഇത്തരം പരസ്യങ്ങള്ക്കു കരാര് കൊടുക്കാവൂവെന്നു കോടതി അനൂപ് മേനോനു താക്കീത് നല്കി. ഉത്പന്നം വിറ്റ എ വണ് മെഡിക്കല്സ് കോടതി ചെലവിലേക്ക് 3000 രൂപ നല്കണമെന്നും വിധിയില് പറഞ്ഞിരുന്നു.

ഒരു മാസത്തിനുള്ളില് വിധി പാലിക്കേണ്ടതുണ്ടായിരുന്നത് അനുസരിക്കാത്തതിനാല് ഉപഭോക്തൃ നിയമം അനുസരിച്ച് എതൃകക്ഷികളെ ശിക്ഷിക്കാന് ആവശ്യപ്പെട്ട് ഫ്രാന്സിസ് വടക്കന് വീണ്ടും ഹര്ജി ഫയല് ചെയ്യുകയായിരുന്നു.

വിധി പാലിക്കാതിരുന്നതിന് മൂന്നു വര്ഷം വരെ തടവിനു ശിക്ഷിക്കാന് കോടതിക്ക് അധികാരമുണ്ട്. ഇതിനിടെ എതിര്കക്ഷികള് സംസ്ഥാന കമ്മിഷനില് ജില്ലാ ഉപഭോക്തൃ കോടതി വിധിക്കെതിരെ അപ്പീല് കൊടുത്തെങ്കിലും പിന്വലിച്ചു. തുടര്ന്നാണ് നഷ്ടപരിഹാരം അടച്ചത്

 

ഫ്രാന്‍സിസിന്റെ വാക്കുകള്‍: ”2013ലാണ് ധാത്രി ഉപയോഗിച്ച് തുടങ്ങിയത്. അതും ആറ് ആഴ്ചകള്‍ കൊണ്ട് മുടി വളരുമെന്ന പരസ്യം കണ്ടിട്ട്. എന്നാല്‍ ഒന്നും സംഭവിച്ചില്ല. തുടര്‍ച്ചായി ഓയില്‍ വാങ്ങുന്നത് കണ്ട് നാട്ടുകാരും കളിയാക്കി തുടങ്ങി. ഇതോടെയാണ് സംഭവത്തില്‍ പ്രതികരിക്കണമെന്ന് തോന്നിയത്. തുടര്‍ന്ന് അഞ്ചു ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് എറണാകുളത്തെ വെണ്ണലയിലെ ധാത്രിക്ക് നോട്ടീസ് അയച്ചു. നോട്ടീസ് കിട്ടിയ ഉടന്‍ കമ്പനി പരസ്യം ഒഴിവാക്കി. പിന്നാലെ കമ്പനിയുടെ മറുപടി വന്നു. നിങ്ങള്‍ക്ക് ധാത്രിക്കെതിരെ പരാതി കൊടുക്കാന്‍ യാതൊരു അവകാശവുമില്ല. ഞങ്ങള്‍ നഷ്ടപരിഹാരം നല്‍കുകയുമില്ല. നിങ്ങള്‍ ഹര്‍ജി ഫയല്‍ ചെയ്താല്‍ നിങ്ങളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കും. എന്നാണ് കമ്പനി വക്കീല്‍ നല്‍കിയ മറുപടി.

ഇതോടെ പ്രതികരിക്കാന്‍ തീരുമാനിച്ചു. തൃശൂരിലെ ബെന്നിയെന്ന അഭിഭാഷകനെ സമീപിച്ചു. 2013ല്‍ കോടതിയെ സമീപിച്ചു. അതില്‍ ഏഴു വര്‍ഷം എടുത്തു വിധി വരാന്‍. അനൂപ് മേനോന് കോടതിയില്‍ വരാന്‍ സൗകര്യമില്ല. തിരക്കുള്ള നടനായത് കൊണ്ട്. അങ്ങനെ കോടതി നേരിട്ട് അനൂപിന്റെ വീട്ടില്‍ പോയി. അതും കമ്പനിയുടെ ചിലവില്‍ കോടതി, ഞാന്‍, വക്കീല്‍, കമ്പനി വക്കീല്‍ എന്നിവര്‍ അനൂപിന്റെ വീട്ടില്‍. അദ്ദേഹം എന്നോട് ചോദിച്ചു, ‘നിങ്ങള്‍ക്കെങ്ങനെ ധൈര്യം വന്നു കേസ് കൊടുക്കാനെന്ന്. ഉപയോഗിച്ച വസ്തു ശരിയല്ലെങ്കില്‍ കേസെടുക്കുന്നതില്‍ എന്താണ്. എന്നിട്ട് കോടതിയോട് അനൂപ് പറഞ്ഞു, ഞാനീ ക്രീം കണ്ടിട്ടില്ല. ഉപയോഗിച്ചിട്ടുമില്ല. അമ്മ കാച്ചി തരുന്ന എണ്ണയാണ് ഞാന്‍ ഉപയോഗിക്കുന്നത്.’

അവസാനം 2020 ഡിസംബര്‍ അവസാനം വിധി വന്നു. പണത്തിന് വേണ്ടിയല്ല കോടതിയില്‍ പോയത്. പോരാടി വിജയിക്കാന്‍ വേണ്ടിയായിരുന്നു. അത് സംഭവിച്ചു. പരസ്യം കണ്ട് കടയില്‍ പോയി സാധനങ്ങള്‍ വാങ്ങുന്ന പലരും അതിന്റെ ഗുണനിലവാരം നോക്കാറില്ല. ഇത്തരം പരസ്യങ്ങള്‍ക്കെതിരെ പ്രതികരിക്കണം. ഈ വിധി വന്നപ്പോള്‍ ജനത്തെ ബോധിപ്പിക്കാന്‍ മലയാള മാധ്യമങ്ങളെ സമീപിച്ചു. വാര്‍ത്ത കൊടുക്കാന്‍, പക്ഷെ, എല്ലാവരും പരസ്യത്തിന് വേണ്ടി അവഗണിച്ചു. അതുകൊണ്ട് സോഷ്യല്‍മീഡിയയെ സമീപിച്ചത്. പ്രതികരണശേഷി നഷ്ടപ്പെട്ടവരാണ് കേരള ജനത. വാങ്ങുന്ന സാധനങ്ങള്‍ക്ക് ഗുണനിലവാരമുണ്ടെന്ന് ഉറപ്പുവരുത്തുക. അല്ലെങ്കില്‍ പ്രതികരിക്കുക. എങ്കിലേ ഉത്പനങ്ങള്‍ നല്ലത് ലഭിക്കൂ. അഭിഭാഷകന്‍ ബെന്നിയാണ് ഇത്രയധികം പിന്തുണ നല്‍കിയത്. അദ്ദേഹത്തിനും വാശിയായിരുന്നു, കേസില്‍ വിജയിക്കണമെന്ന്.