അശ്രദ്ധമായും അപകടകരമായും വണ്ടിയോടിച്ചു എന്ന കാറോടിച്ചയാൾക്ക് ആറുമാസമോ രണ്ടു വർഷമോ വരെ തടവുശിക്ഷ കിട്ടാവുന്ന രണ്ട് ക്രിമിനൽ കുറ്റങ്ങൾ ചാർത്തിയാണ് കേസ് ചാർജ്ജ് ചെയ്യുന്നത്
Join AntiCorruption Team to make the world better
Join AntiCorrutption Team
വാഹനാപകടങ്ങളെപ്പറ്റി ഇന്നലെ ഒരു സംശയനിവാരണ പോസ്റ്റെഴുതിയിരുന്നല്ലോ? മൂന്ന് പേരുമായി ഇതെപ്പറ്റി ആശയവിനിമയം നടത്തി (അഡ്വക്കേറ്റ് Praveen Soman ആണ് ഒരാൾ). വിവരങ്ങൾ തന്ന് സഹായിച്ച എല്ലാവർക്കും നന്ദി. മനസ്സിലായ കാര്യങ്ങൾ ആദ്യം പറയാം. ഉണ്ടായ കൂടുതൽ സംശയങ്ങൾ അവസാനം പറയാം. റോഡപകടമുണ്ടായ സാങ്കൽപ്പിക സാഹചര്യത്തിൽ നിന്ന് തുടങ്ങാം:
ഒരു കാർ എല്ലാ റോഡ് നിയമങ്ങളും അനുസരിച്ച് റോഡിലൂടെ പോവുകയോ ട്രാഫിക് ലൈറ്റിലോ മറ്റോ നിർത്തിയിരിക്കുകയോ ആണ്. ഒരു ബൈക്ക് എന്തോ കാരണത്താൽ (അത് റോഡിൻ്റെ തകരാറോ, ജംഗ്ഷൻ്റെ രൂപകൽപ്പനയിലെ തകരാറോ, ബൈക്ക് ഓടിച്ചയാളുടെ മിസ്റ്റേക്കോ, ആരുടെയും തകരാറല്ലാത്ത ഒരു അപകടമോ ആയിക്കോട്ടെ) കാറിൽ വന്നിടിക്കുന്നു. ബൈക്ക് ഓടിച്ചയാൾ മരിക്കുന്നു. ഇത് കാറോടിച്ച ആളുടെ കുറ്റമല്ല എന്ന് തെളിവുകളുണ്ട് (സിസിടിവി ദൃശ്യമോ സാക്ഷിമൊഴിയോ മറ്റോ). ഈ കേസിൽ പോലീസ് അശ്രദ്ധമായും അപകടകരമായും വണ്ടിയോടിച്ചു എന്ന കാറോടിച്ചയാൾക്ക് ആറുമാസമോ രണ്ടു വർഷമോ വരെ തടവുശിക്ഷ കിട്ടാവുന്ന രണ്ട് ക്രിമിനൽ കുറ്റങ്ങൾ ചാർത്തിയാണ് കേസ് ചാർജ്ജ് ചെയ്യുന്നത് (ഐപിസി സെക്ഷൻ 279, 304 എ എന്നിവ). ഇതെന്താണ് അറിഞ്ഞുകൊണ്ട് ഈ കള്ളക്കേസ് ചാർത്തപ്പെടുന്നത് എന്ന അന്വേഷണമാണ് കഴിഞ്ഞ പോസ്റ്റിൽ നടത്തിയത്.
മനസ്സിലായ വിവരങ്ങൾ:
1. അപകടത്തിൽ മരിച്ചയാളുടെ ബന്ധുക്കൾക്ക് കൂടുതൽ കോമ്പൻസേഷൻ കിട്ടാനായി അവരെ സഹായിക്കാനായാണ് പോലീസ് ഇത് ചെയ്യുന്നത് - ഈ കേസുകൾ ചാർജ്ജ് ചെയ്യുന്നതിലൂടെ സാങ്കേതികമായി ബന്ധുക്കൾക്ക് കൂടുതൽ കോമ്പൻസേഷൻ കിട്ടാനുള്ള സാധ്യത വർദ്ധിക്കുന്നുണ്ട്. ചെയ്യാത്ത കുറ്റത്തിന് തടവുശിക്ഷ കിട്ടാനുള്ള ചെറിയ സാധ്യത കാർ ഡ്രൈവർക്കുണ്ടെങ്കിലും നമ്മുടെ നിയമവ്യവസ്ഥയിൽ ഉറച്ച വിശ്വാസമുള്ള പോലീസിന് അതൊരു നൈതികപ്രശ്നമായി തോന്നുന്നില്ല... അതുകൊണ്ട് ഈ കള്ളക്കേസെടുക്കൽ തുടരുന്നു.
2. മോട്ടോർ വെഹിക്കിൾ നിയമത്തിൽ വാഹനാപകടത്തിൽ മരിക്കുകയോ ഗുരുതര പരിക്കേൽക്കുകയോ ചെയ്യുന്നവർക്ക് രണ്ട് തരത്തിൽ നഷ്ടപരിഹാരം നൽകാനുള്ള വ്യവസ്ഥയുണ്ട്. പ്രിൻസിപ്പിൾ ഓഫ് നോ ഫോൾട്ട്, പ്രിൻസിപ്പിൾ ഓഫ് ഫോൾട്ട് എന്ന രണ്ട് നിയമസങ്കൽപ്പങ്ങളാണ് ഇവ.
3. പ്രിൻസിപ്പിൾ ഓഫ് നോ ഫോൾട്ട് (ആരുടെയും കുറ്റം കാരണമല്ല അപകടമുണ്ടായത്) എന്ന സങ്കൽപ്പമനുസരിച്ച് നഷ്ടപരിഹാരം കിട്ടാവുന്ന മിനിമം രണ്ട് വകുപ്പുകൾ മോട്ടോർ വെഹിക്കിൾ ആക്റ്റിലുണ്ട്. സെക്ഷൻ 140, സെക്ഷൻ 163 (എ) എന്നിവ. പക്ഷേ ഈ രണ്ട് വകുപ്പുകൾക്കും നൽകാവുന്ന പരമാവധി നഷ്ടപരിഹാരത്തിൽ സാങ്കേതികമായി ലിമിറ്റുകളുണ്ട്.
4. സെക്ഷൻ 140 അനുസരിച്ച് മരണത്തിൻ്റെ കാര്യത്തിൽ പരമാവധി നൽകാവുന്ന നഷ്ടപരിഹാരം അൻപതിനായിരം രൂപയാണ്. ഇത് നൽകേണ്ടത് വാഹനത്തിൻ്റെ ഉടമയാണ്. ഇൻഷുറൻസ് കമ്പനിയല്ല. ഈ നഷ്ടപരിഹാരം കിട്ടാൻ മരിച്ചയാളുടെ അനന്തരാവകാശികൾക്ക് കോടതിയിൽ ആരുടെയും തെറ്റോ അനാസ്ഥയോ കാരണമാണ് മരണം സംഭവിച്ചത് എന്ന് തെളിയിക്കേണ്ട ആവശ്യമേയില്ല! പക്ഷേ പരമാവധി നഷ്ടപരിഹാരം 50000 രൂപയേ ഉള്ളൂ!!!
5. സെക്ഷൻ 163 (എ) അനുസരിച്ച് മരിച്ച ആളുടെ വരുമാനവും പ്രായവും ഭാവി വരുമാന സാധ്യതകളും ഒക്കെ കണക്കിലെടുത്ത് ഒരു ഫോർമുല ഉപയോഗിച്ച് നഷ്ടപരിഹാരം കണക്കാക്കും (ചിത്രം കാണുക). കാറിൻ്റെ തേഡ് പാർട്ടി ഇൻഷുറൻസ് സേവനം നൽകുന്ന ഇൻഷുറൻസ് കമ്പനിയാണ് ഇത് നൽകേണ്ടത്. ...the claimant shall not be required to plead or establish that the death or permanent disablement in respect of which the claim has been made was due to any wrongful act or neglect or default of the owner of the vehicle or vehicles concerned or of any other person എന്ന് ഈ സെക്ഷനിൽ വളരെ വ്യക്തമായി പറയുന്നുണ്ട്. അതായത് കാറ് ഡ്രൈവ് ചെയ്തിരുന്ന ആൾ തെറ്റെന്തെങ്കിലും ചെയ്തതായി കള്ളക്കേസില്ലെങ്കിൽ പോലും ഞാൻ പറഞ്ഞ ഉദാഹരണത്തിലെ മരണമടഞ്ഞ ബൈക്കുകാരൻ്റെ ബന്ധുക്കൾക്ക് ഈ വകുപ്പനുസരിച്ച് നഷ്ടപരിഹാരം കിട്ടും! ഇത് അൻപതിനായിരം രൂപയേക്കാൾ വളരെ ഉയർന്ന തുകയാവാൻ സാധ്യതയുണ്ട്.
6. കാറുടമസ്ഥനെതിരേ കള്ളക്കേസെടുത്തില്ലെങ്കിലും പരേതൻ്റെ കുടുംബത്തിന് [മോശമല്ലാത്ത] നഷ്ടപരിഹാരം കിട്ടാനുള്ള മിനിമം രണ്ട് സാധ്യതകൾ നിയമത്തിലുണ്ട്. ഈ രണ്ട് വകുപ്പുകൾ വഴിയും നൽകാവുന്ന നഷ്ടപരിഹാരത്തിന് ലിമിറ്റുണ്ട് എന്നത് ഓർക്കുക! പക്ഷേ മൂന്നാമത്തെ സാധ്യതയായ മോട്ടോർ വെഹിക്കിൾ ആക്റ്റിലെ സെക്ഷൻ 166 പരിധിയില്ലാത്ത നഷ്ടപരിഹാരത്തിനുള്ള സാധ്യതയാണ് തുറന്നിടുന്നത്. പ്രിൻസിപ്പിൾ ഓഫ് ഫോൾട്ട് അനുസരിച്ചുള്ള സെക്ഷനാണ് 166 എന്ന് നിയമത്തിൽ പറയുന്നില്ല എന്നതാണ് വസ്തുത. പക്ഷേ ഈ സെക്ഷനനുസരിച്ച് നഷ്ടപരിഹാരത്തിന് അപേക്ഷിക്കണമെങ്കിൽ ഡ്രൈവറുടെ തെറ്റ് തെളിയിക്കണം (the petitioners must prove ... negligence on the part of the driver or rider) എന്ന് കോടതിവിധികളുണ്ട്! ഉദാഹരണത്തിന് MACA NO. 350 OF 2012 (THE ORIENTAL INSURANCE CO.LTD. V. BABU)
7. ഈ പരിധിയില്ലാത്ത കോമ്പൻസേഷൻ സാധ്യത പരേതൻ്റെ ബന്ധുക്കൾക്ക് മുന്നിൽ തുറന്നിടാൻ വേണ്ടിയാണ് പോലീസ് മേൽപ്പറഞ്ഞ കള്ളക്കേസുകൾ ഈ ഉദാഹരണത്തിലെ നിരപരാധിയായ കാർ ഡ്രൈവർക്കുമേൽ ചുമത്തുന്നത്!!! ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സാധാരണഗതിയിൽ കേസ് വാദിക്കാതെ തടവുശിക്ഷ കിട്ടില്ല എന്ന പ്രതീക്ഷയിൽ കുറ്റം സമ്മതിച്ച് പിഴയടച്ച് സാധാരണക്കാർ ഒഴിയും. താൻ നിരപരാധിയാണ് എന്ന് ഇനി നമ്മുടെ ഉദാഹരണത്തിലെ കാർ ഡ്രൈവർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കേസ് വാദിച്ച് തെളിയിച്ചാലും ആ വിധി മോട്ടോർ ആക്സിഡൻ്റ് ക്ലെയിംസ് ട്രൈബ്യൂണലിൽ ബൈൻഡിങ്ങ് അല്ല! ട്രൈബ്യൂണലിലാണെങ്കിൽ ഇൻഷുറൻസ് കമ്പനിയാണ് കേസ് നടത്തുന്നതെന്നതിനാൽ കാർ ഡ്രൈവറിന് തൻ്റെ നിരപരാധിത്വം ക്ലെയിം ചെയ്യാൻ ഒരു ഇൻസെൻ്റീവുമില്ല. അയാൾ കുറ്റവാളിയാണെന്ന് തെളിഞ്ഞാലും തടവുശിക്ഷയൊന്നും കിട്ടില്ല. ഇൻഷുറൻസ് കമ്പനി വക്കീലും കൂടി ഭാഗമായ ഒരു അഡ്ജസ്റ്റ്മെൻ്റിലൂടെ ചെയ്യാത്ത കുറ്റം ഒരാൾ ചെയ്തു എന്ന് തെളിയിച്ച് പരേതൻ്റെ ബന്ധുക്കൾ ഉയർന്ന കോമ്പൻസേഷൻ വാങ്ങും!
8. ഇതൊരു വിക്റ്റിംലസ് ക്രൈമാണോ? ഇത്തിരി ഉയർന്ന നഷ്ടപരിഹാരം പാവങ്ങൾക്ക് കിട്ടുന്ന ആർക്കും ഒരു ദോഷവുമില്ലാത്ത ഏർപ്പാടാണോ ഇത്? കാർ ഡ്രൈവർ നിരപരാധിയാണെങ്കിലും നിസ്സാര പിഴയടച്ച് രക്ഷപെടുന്നില്ലേ എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? എനിക്ക് തോന്നുന്നില്ല!!! സമൂഹത്തിനെ കറപ്റ്റ് ചെയ്യുന്നവലിയൊരു പ്രശ്നമാണിതെന്നാണ് എനിക്ക് തോന്നുന്നത്. ഈ ഉയർന്ന നഷ്ടപരിഹാരത്തിൻ്റെ വില കൊടുക്കുന്നത് എല്ലാ വർഷവും ഉയർന്നുകൊണ്ടിരിക്കുന്ന ഇൻഷുറൻസ് പ്രീമിയം അടയ്ക്കുന്ന നമ്മളാണ്. നമ്മുടെ പണമാണ് നിയമത്തെ നോക്കുകുത്തിയാക്കി ഈ വിതരണം ചെയ്യപ്പെടുന്നത്.
കൂടുതൽ സംശയം:
ഐപിസി സെക്ഷൻ ചാർജ്ജ് ചെയ്യാതെ/ അതിനോട് ബന്ധപ്പെടുത്തിയല്ലാതെ മോട്ടോർ വെഹിക്കിൾ നിയമമോ, പോക്സോ നിയമമോ, എൻ ഡി പി എസ് നിയമമോ പോലുള്ള നിയമങ്ങൾ അനുസരിച്ച് കേസ് ചാർജ്ജ് ചെയ്യുന്നതിന് എന്തെങ്കിലും നിയമതടസ്സമുണ്ടോ?