വിദ്യാഭ്യാസ സഹായം - മെറിറ്റോറിയസ് സ്കോളർഷിപ്പും ലാപ്പടോപ്പും

HRMP NO : 2049/2021

Kerala State Human Rights  commission

Thiruvananthapuram

24 /O2/2023 

ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ പദ്ധതികൾ ഏറ്റെടുക്കാത്തത് ആശ്ചര്യകരമെന്ന്  മനുഷ്യാവകാശ കമ്മീഷൻ 

ആലപ്പുഴ: വിദ്യാഭ്യാസത്തിന് മുന്തിയ പരിഗണന നൽകുന്ന ഇക്കാലത്ത് ഒരു പഞ്ചായത്ത് വിദ്യാഭ്യാസ സഹായം നൽകുന്ന പദ്ധതിയിൽ ഏറ്റെടുത്തില്ലെന്ന് പറയുന്നത് ആശ്ചര്യകരമാണെന്ന് മനുഷ്യാവകാശ കമ്മീഷൻ.

     2018-2019 സാമ്പത്തിക വർഷം ലാപ് ടോപ്പ് വിതരണ ഗുണഭോക്തൃ ലിസ്റ്റിൽ ഒന്നാം നമ്പരായും 2019 -20 സാമ്പത്തിക വർഷം മെറിറ്റോറിയസ് സ്കോളർഷിപ്പ് ലിസ്റ്റിൽ രണ്ടാമതായും ഇടം പിടിച്ച ബിരുദ വിദ്യാർത്ഥിനിക്ക് ലാപ്പ്ടോപ്പോ സ്കോളർഷിപ്പോ അനുവദിക്കാത്ത പള്ളിപ്പാട് പഞ്ചായത്ത് നടപടിക്കെതിരെയാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരിയുടെ വിമർശനം.  

     പള്ളിപ്പാട് നടുവട്ടം ആനന്ദഭവനത്തിൽ എം.ആനന്ദൻ സമർപ്പിച്ച പരാതിയിലാണ് നടപടി.  പട്ടികജാതി വിഭാഗക്കാരനായ പരാതിക്കാരൻ ബി.പി.എൽ. കാർഡിന് ഉടമയായിട്ടുപോലും ആനുകൂല്യങ്ങൾ നൽകിയില്ല.  പ്രളയത്തിൽ നശിച്ച പരാതിക്കാരന്റെ  വീടിന് പഞ്ചായത്ത് അനുവദിച്ചത് 10,000 രൂപ മാത്രമാണ്.

     പള്ളിപ്പാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി റിപ്പോർട്ട് സമർപ്പിച്ചു.  ലാപ് ടോപ്പ്, മെറിറ്റോറിയസ് സ്കോളർഷിപ്പ് പദ്ധതികൾ  പഞ്ചായത്ത് ഏറ്റെടുത്തിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.  പ്രളയദുരിതാശ്വാസം പരാതിക്കാരന് നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.  

     പരാതിക്കാരന്റെ മകൾക്ക് മുൻകാലങ്ങളിൽ ലഭിക്കേണ്ടിയിരുന്ന മെറിറ്റോറിയസ് സ്കോളർഷിപ്പും ലാപ്പടോപ്പും ഒരു മാസത്തിനകം ലഭ്യമാക്കണമെന്ന് കമ്മീഷൻ ആലപ്പുഴ ജില്ലാ കളക്ടർക്ക് ഉത്തരവ് നൽകി.  പരാതിക്കാരന്റെ വീടിനുണ്ടായ നാശനഷ്ടം കണക്കാക്കി നിയമാനുസൃതം ആനുകൂല്യം നൽകണമെന്നും കമ്മീഷൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി.

 പബ്ലിക് റിലേഷൻസ് ഓഫീസർ

24/02/2023. 

#KeralaStateHumanRightsCommission