കേബിൾ കുരുങ്ങിയുള്ള അപകടങ്ങൾ

HRMP No : 527/2023

Kerala State Human Rights  commission

Thiruvananthapuram

22 /O2/2023 

കേബിൾ കുരുങ്ങിയുള്ള അപകടങ്ങൾ : നടപടി റിപ്പോർട്ട് മാർച്ച് 13 ന് മുമ്പ് ഹാജരാക്കണം - മനുഷ്യാവകാശ കമ്മീഷൻ

കൊച്ചി :  പൊതു സ്ഥലങ്ങളിൽ കേബിളുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ശക്തമായ നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും സർക്കാർ ഏർപ്പെടുത്തണമെന്ന ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ മാർച്ച് 13 ന് മുമ്പ് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

     തദ്ദേശ സ്വയം ഭരണ വകുപ്പ്, പൊതുമരാമത്ത് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാർക്കും സംസ്ഥാന പോലീസ് മേധാവിക്കുമാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർദ്ദേശം നൽകിയത്.

     കേബിൾ കുരുങ്ങിയുള്ള അപകടങ്ങൾ കൊച്ചി നഗരത്തിൽ ആവർത്തിക്കുന്നത് ഗൗരവമായി കാണുന്നതായി ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിൽ പറഞ്ഞു.  ചെമ്പുമുക്ക് പള്ളിക്ക് സമീപം സ്കൂട്ടർ യാത്രികനായ അലൻ ആൽബർട്ട്  കേബിൾ കഴുത്തിൽ കുരുങ്ങി മരിച്ച സംഭവത്തിലാണ് 2022  ഒക്ടോബർ 27 ന് കമ്മീഷൻ വിശദമായ ഒരു ഉത്തരവ് സർക്കാരിന് നൽകിയിരുന്നത്.  കേബിളുകൾ സ്ഥാപിക്കുന്നതിനു മുമ്പ് അതാത് തദ്ദേശസ്ഥാപനങ്ങളുടെയും പൊതുമരാമത്ത് വകുപ്പിന്റെയും പോലീസിന്റെയും അനുമതിയും മേൽനോട്ടവും ഉറപ്പാക്കണമെന്നും പ്രസ്തുത ഉത്തരവിൽ ആവശ്യപ്പെട്ടിരുന്നു.  എന്നാൽ ഉത്തരവ് പ്രകാരമുള്ള കാര്യങ്ങൾ ഒന്നും നടന്നിട്ടില്ലെന്ന് മനസ്സിലാക്കുന്നതായി കമ്മീഷൻ വിമർശിച്ചു.

 പബ്ലിക് റിലേഷൻസ് ഓഫീസർ

#KeralaStateHumanRightsCommission