ഓഫീസ് താഴത്തെ നിലയിലേക്ക് മാറ്റണം : മനുഷ്യാവകാശ കമ്മീഷൻ

ജില്ലാ ഭാഗ്യക്കുറി ഓഫീസ് താഴത്തെ നിലയിലേക്ക് മാറ്റണം :   മനുഷ്യാവകാശ കമ്മീഷൻ 

പാലക്കാട് :  ജില്ലാ ഭാഗ്യക്കുറി ഓഫീസ് പാലക്കാട്  സിവിൽ സ്റ്റേഷൻ കെട്ടിടത്തിലെ താഴത്തെ നിലയിലേക്ക് ഉടൻ മാറ്റണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

     ഭിന്നശേഷിക്കാർ ഉൾപ്പെടെ 1500 ഓളം ഭാഗ്യക്കുറി ഏജന്റുമാർ ദിവസവും എത്തുന്ന ജില്ലാ ഭാഗ്യക്കുറി ഓഫീസ് ഇപ്പോൾ പ്രവർത്തിക്കുന്നത് പാലക്കാട് സിവിൽ സ്റ്റേഷനിലെ രണ്ടാം നിലയിലാണ്.  

     കമ്മീഷൻ ജില്ലാഭാഗ്യക്കുറി ഓഫീസറിൽ നിന്നും റിപ്പോർട്ട് വാങ്ങി.  നിലവിൽ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന കെട്ടിടം താഴത്തെ നിലയിലേക്ക് മാറ്റാൻ ജില്ലാ കളക്ടർക്ക് നിരന്തരം കത്ത് നൽകി വരുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറഞ്ഞു.  

     ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് പരാതിക്കാരനായ റെയ്മന്റ് ആന്റണി പറഞ്ഞു.  ഭിന്നശേഷിക്കാരിൽ ഇരു കാലുകളും ഇല്ലാത്തവരും അരയ്ക്കു താഴെ തളർന്നവരുമുണ്ട്.  കാഴ്ചയില്ലാത്തവർക്കും മുകളിലത്തെ ഓഫീസാണ് ശരണം.

     ഭാഗ്യക്കുറി ഓഫീസറുടെ ആവശ്യത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാഭരണകൂടം സ്വീകരിച്ച നടപടികൾ രണ്ടാഴ്ചയ്ക്കുള്ളിൽ അറിയിക്കണമെന്ന് കമ്മീഷൻ ജില്ലാകളക്ടർക്ക് നിർദ്ദേശം നൽകി.

 പബ്ലിക് റിലേഷൻസ് ഓഫീസർ

01/02/2023. 

Byjunath Kakkadath 

#KeralaStateHumanRightsCommission