കടുവയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ച സംഭവം; കലക്ടര്‍ക്കെതിരെ കേസ് കൊടുത്ത് കര്‍ഷകന്‍
കടുവയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ച സംഭവം; കലക്ടര്‍ക്കെതിരെ കേസ് കൊടുത്ത് കര്‍ഷകന്‍
വന്യമൃഗങ്ങളില്‍ നിന്നും ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റിയില്ലെന്നും ഉദ്യോഗസ്ഥര്‍ കുറ്റകരമായ അനാസ്ഥകാട്ടിയെന്നും അതിനാല്‍ ഇവര്‍ക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്.
വയനാട്: ജില്ലയിലെ വന്യമൃഗ ആക്രമണത്തിനെതിരെ ശക്തമായ പ്രതിഷേധം തുടരുകയാണ്. കടുവയുടെ ആക്രമണത്തില്‍ മരിച്ച തോമസിന്‍റെ മൃതദേഹം സംസ്കരിക്കാതെ പ്രതിഷേധം തുടരുന്നതിനിടെ തോമസിന്‍റെ സുഹൃത്തായ ജോണ്‍ പി എ തോണ്ടയാട് പൊലീസ് സ്റ്റേഷനില്‍ യഥാക്രമം റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ക്കും ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്കും വൈല്‍ഡ് ലൈഫ് വാര്‍ഡനും കലക്ടര്‍ക്കും എതിരെ പരാതി നല്‍കി. വന്യമൃഗങ്ങളില്‍ നിന്നും ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റിയില്ലെന്നും ഉദ്യോഗസ്ഥര്‍ കുറ്റകരമായ അനാസ്ഥകാട്ടിയെന്നും അതിനാല്‍ ഇവര്‍ക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്.
വയനാട് ജില്ലാ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ രമ്യാ രാഘവന്‍, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ മാര്‍ട്ടിന്‍ നോവല്‍, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഗംഗാ സിംഗ്, വയനാട് കലക്ടര്‍ക്ക് ഗീത എ എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയത്. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്നും ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ ബാധ്യസ്ഥരായ ഉദ്യോഗസ്ഥര്‍ ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചിട്ടും നടപടിയെടുത്തില്ലെന്നും അതിനാല്‍ ഐപിസി 304, 34 പ്രകാരം കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു. നാലാം പ്രതിയായ കലക്ടര്‍ മനുഷ്യ ജീവന് ഭീഷണിയും മനുഷ്യനെ കൊലപ്പെടുത്തുകയും ചെയ്ത കടുവയെ ക്രിമിനല്‍ നടപടി ക്രമത്തിലെ സെക്ഷന്‍ 133(1)(f) പ്രകാരമുള്ള അധികാരമുപയോഗിച്ചുള്ള നടപടികള്‍ സ്വീകരിക്കാതെ കൃത്യ നിര്‍വ്വഹണത്തില്‍ നിന്നും ഒഴിഞ്ഞുമാറിയെന്നും ഇത്തരത്തില്‍ കുറ്റകരമായ അനാസ്ഥയാണ് കലക്ടറുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും പരാതിയില്‍ പറയുന്നു. കടുവയുടെ സാന്നിധ്യം പ്രദേശത്ത് കണ്ടയുടനെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും പരാതി ചൂണ്ടിക്കാട്ടുന്നു.
തോമസ് തന്‍റെ സുഹൃത്തായിരുന്നെന്നും അദ്ദേഹത്തിന്‍റെ മരണത്തില്‍ നീതി പൂര്‍വ്വകമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പരാതിക്കാരനായ കിഫാ വയനാട് ജില്ലാ പ്രസിഡന്‍റ് കൂടിയായ ജോണ്‍ പി എ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. കടുവയുടെ ആക്രമണത്തോടെനുബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് പുതിയ പരാതി ലഭിച്ചിട്ടുണ്ടെന്നും കേസില്‍ അന്വേഷണം നടത്തി വേണ്ട നടപടി സ്വീകരിക്കുമെന്നും തോണ്ടയാട് പൊലീസ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു.