പോലീസ് പരാതി സ്വീകരിച്ചില്ലെങ്കില്‍ എന്തു ചെയ്യും ?

 

പോലീസ് പരാതി സ്വീകരിച്ചില്ലെങ്കില്‍ എന്തു ചെയ്യും ?

 

സാധാരണക്കാരന് കുറ്റകൃത്യങ്ങളിലൂടെ ആപത്ത് ഉണ്ടാകുമ്പോള്‍ ആശ്രയമാകുന്ന സ്ഥലമാണ് പോലീസ് സ്റ്റേഷന്‍. കുറ്റകൃത്യത്തിന് ഇരയായ വ്യക്തി കാര്യകാരണസഹിതം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും പരാതി സംഗതി പോലീസിന് നേരിട്ട് കേസെടുക്കാവുന്ന തരത്തില്‍ ഗൗരവമുള്ളതായിട്ടും പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുകയോ അന്വേഷണം നടത്തുകയോ ചെയ്തില്ലെങ്കില്‍ എന്തു ചെയ്യണം എന്ന ചോദ്യത്തിന് ക്രിമിനല്‍ നടപടിക്രമത്തില്‍ തന്നെ കൃത്യമായ മറുപടിയുണ്ട്. സി ആര്‍ പി സി വകുപ്പ് 154 പ്രകാരം കേസെടുക്കാവുന്ന കുറ്റകൃത്യത്തെ പറ്റി അറിവു ലഭിക്കുന്ന മുറയ്ക്ക് തന്നെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണം എന്നത് നിര്‍ബന്ധമാണ്. എന്നാല്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം എന്നതുകൊണ്ട് അറസ്റ്റ് നിര്‍ബന്ധമല്ല.

പോലീസിന് കിട്ടിയിരിക്കുന്ന അറിവ് അല്ലെങ്കില്‍ പരാതി നേരിട്ട് കേസെടുക്കാവുന്ന തരത്തിലുള്ള കുറ്റകൃത്യം നടന്ന സംഭവം അല്ലെങ്കില്‍ അത് സംബന്ധിച്ച് നടത്തിയ പ്രാഥമിക അന്വേഷണം രേഖപ്പെടുത്തി പരാതി തീര്‍പ്പാക്കാം. എന്നാല്‍ അത്തരത്തില്‍ പരാതി അവസാനിപ്പിച്ച റിപ്പോര്‍ട്ട് പരാതിക്കാരന് നല്‍കണം. പൊലീസിന് നേരിട്ട് കേസ് എടുക്കാവുന്ന സംഭവം ആയിരുന്നിട്ടുകൂടി പരാതിയിന്മേല്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ അത്തരക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ലളിതകുമാരി കേസില്‍ സുപ്രീം കോടതി അസന്നിഗ്ധമായി പറയുന്നു.

ഏതൊക്കെ തരം കേസിലാണ് പ്രാഥമിക അന്വേഷണം ഉണ്ടാകേണ്ടതെന്ന് അത് സാഹചര്യങ്ങളനുസരിച്ച് തീരുമാനിക്കണം. ദാമ്പത്യ തര്‍ക്കങ്ങള്‍, കുടുംബ തര്‍ക്കങ്ങള്‍, സാമ്പത്തിക കുറ്റകൃത്യങ്ങള്‍, അഴിമതി ആരോപണങ്ങള്‍, ശരിയായി വിവരിക്കാനാകാത്ത കാലതാമസം എന്നിവയൊക്കെ സംബന്ധിച്ച കേസുകളില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാതെ തന്നെ പ്രാഥമിക അന്വേഷണം ആകാം. പരാതിയെ സംബന്ധിച്ച് വിശ്വാസ്യത ഇല്ലായ്മയോ സാമാന്യം അല്ലാത്തത് എന്ന തോന്നലോ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാതിരിക്കാന്‍ ഒരു കാരണമല്ല എന്നും ലളിതകുമാരി കേസില്‍ കൃത്യമായി പറയുന്നു.

എന്നിട്ടും കേസെടുത്തില്ലെങ്കില്‍ പ്രായോഗികമായി എന്ത് ചെയ്യണം ?

 

ക്രിമിനല്‍ നടപടിക്രമം 154 (2) പ്രകാരം എഫ് ഐ ആര്‍ ന് ഒപ്പം എടുക്കുന്ന മൊഴിയുടെ പകര്‍പ്പ് സൗജന്യമായി പരാതിക്കാരന് നല്‍കണമെന്നാണ് നിയമം. പോലീസ് കേസ് എടുത്തില്ലെങ്കില്‍ എന്ത് ചെയ്യണം എന്ന് കൃത്യമായി ഈ വകുപ്പിലും പറയുന്നുണ്ട്. പരാതിയുടെ രേഖാമൂലമുള്ള പകര്‍പ്പ് പോസ്റ്റ് വഴി പോലീസ് സൂപ്രണ്ടിനോ കമ്മീഷണര്‍ക്കോ അയച്ചു നല്‍കണം.അങ്ങനെ അയച്ച് കിട്ടിയ പരാതിയില്‍ മേല്‍പ്പറഞ്ഞ മേലുദ്യോഗസ്ഥന്‍ സ്വയം അന്വേഷിക്കുകയോ മറ്റേതെങ്കിലും ഉദ്യോഗസ്ഥരെക്കൊണ്ട് അന്വേഷിക്കുകയോ ചെയ്യണം. പോലീസ് സ്റ്റേഷനില്‍ പോലീസിനെ ലഭിക്കുന്ന പരാതി നേരിട്ട് കേസെടുക്കാന്‍ പറ്റുന്ന തരത്തില്‍ ഗൗരവമുള്ളത് അല്ലെങ്കില്‍ (Non Cognizable Offence) ആ കാര്യം അത് സംബന്ധിച്ച് പുസ്തകത്തില്‍ രേഖപ്പെടുത്തിയ ശേഷം പരാതിക്കാരനെ മജിസ്ട്രേറ്റിനെ സമീപിക്കാന്‍ നിര്‍ദ്ദേശിക്കണം. (വകുപ്പ് 155).

 

കോടതി വഴി സ്വകാര്യ അന്യായം നല്‍കാം ക്രിമിനല്‍ നടപടിക്രമത്തിലെ വകുപ്പ് 190, 200 പ്രകാരം കുറ്റകൃത്യത്തിന് ഇരയായ വ്യക്തിക്ക് നേരിട്ട് കോടതിയെ സമീപിക്കാം. കുറ്റകൃത്യത്തിന് ഇരയായ വ്യക്തിയില്‍ നിന്നോ അല്ലാതെയോ പരാതി ലഭിക്കുന്ന മജിസ്ട്രേറ്റ് വാദിയെയും സാക്ഷികളെയും വിസ്തരിച്ച് നേരിട്ട് കേസെടുക്കുകയോ പോലീസിനോട് കേസ് അന്വേഷിക്കാന്‍ ഉത്തരവിടുകയോ ചെയ്യാം. സാധാരണയായി പോലീസ് കേസെടുക്കാതെ വരുമ്പോള്‍ ആളുകള്‍ നേരിട്ട് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു ഇത്തരത്തില്‍ ഉത്തരവ് വാങ്ങുകയും, അതിനോടനുബന്ധിച്ച് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ആണ് പതിവ്.