UPI ഇടപാടുകൾക്ക് ശേഷം ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്ന സംഭാവത്തിൽ

UPI ഇടപാടുകൾക്ക് ശേഷം ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്ന സംഭാവത്തിൽ നിരവധി സുഹൃത്തുക്കൾ അഭിപ്രായം ആരാഞ്ഞിരുന്നു.,

വിഷയത്തിൽ ബാങ്കിങ്ങ് മേഖലയിലെ ചില സുഹൃത്തുക്കളും, പോലീസ് അധികൃതരുമായി സംസാരിച്ചതിൽ നിന്നും മനസിലായ ചില കാര്യങ്ങളും നിയമപരമായ വസ്തുതകളും ഇങ്ങനെ,

കഴിഞ്ഞ ദിവസങ്ങളിൽ വ്യാപകമായി ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചത് പോലീസ് അതോറിറ്റിയുടെ നിർദേശത്തിന്റേയോ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടൽ (NCCRP) വഴി ലഭിക്കുന്ന പരാതിയുടോയോ അടിസ്ഥാനത്തിലാണ്.

സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനും തട്ടിപ്പിന് ഇരയായവർക്ക് ഉടനടി പരാതി ബോധിപ്പിക്കുന്നതിനുമായി കേന്ദ്രസർക്കാരിന്റെ ആഭ്യന്തര വകുപ്പിന് കീഴിൽ രൂപീകരിച്ച സംവിധാനമാണ് എൻ സി സി ആർ പി സൈബർ തട്ടിപ്പിന് ഇരയായ വ്യക്തി പരാതി നൽകിയാൽ ഉടൻ ആ അക്കൗണ്ടിലേക്ക് നടന്ന സംശയസ്പദമായ ഇടപാടുകൾ പരിശോധിക്കുകയും പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്യുകയായിരുന്നു എന്നതാണ് വസ്തുത. വ്യക്തികൾക്ക് വലിയ ബുദ്ധിമുട്ടുകൾ ഇതുമൂലം സംഭവിക്കുന്നുണ്ട് എങ്കിലും അക്കൗണ്ട് സുരക്ഷ മുൻനിർത്തിയാണ് തീരുമാനം എന്ന് മനസിലാകുന്നു.

1. എന്താണ് അക്കൗണ്ട് മരവിപ്പിക്കൽ അഥവാ ഫ്രീസിങ് 

ഒരു ഫ്രോസൺ അക്കൗണ്ട് അഥവാ മരവിപ്പിച്ച അക്കൗണ്ട് എന്നതുകൊണ്ട് അർത്ഥമാക്കുന്നത് നിങ്ങളുടെ ബാങ്ക് നിർദ്ദിഷ്ട പ്രവർത്തനങ്ങൾ നടത്തുന്നതിൽ നിന്ന് നിങ്ങളെ തടയുന്നു എന്നാണ്. നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ച് നിങ്ങൾക്ക് എന്തൊക്കെ ഇടപാടുകൾ ചെയ്യുവാൻ കഴിയും എന്നതിന് ഈ കാലയളവിൽ നിയന്ത്രണങ്ങളുണ്ട്, എന്നാൽ നിങ്ങൾക്ക് അക്കൗണ്ട് അപ്പോഴും ഉപയോഗിക്കാൻ കഴിയും.

2. മരവിപ്പിച്ച അക്കൗണ്ടുകളിൽ എന്തൊക്കെ നിയന്ത്രണങ്ങളാണ് ഉണ്ടാകുക 

നിങ്ങളുടെ അക്കൗണ്ടുകൾ മരവിപ്പിച്ചാൽ പിന്നീടൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിങ്ങളുടെ ബാങ്കിംഗ് അക്കൗണ്ടിൽ ഇടപാടുകളൊന്നും നടത്താൻ  സാധിക്കില്ല. അക്കൗണ്ട് ഉടമയിൽ നിന്ന് നേരത്തെ നൽകിയ ചെക്കുകൾ പോലും ഫ്രീസിങ് സമയത്ത് പണമടയ്ക്കുന്നതിനോ ഇടപാടിനോ സ്വീകരിക്കില്ല. മറ്റ് ഓൺലൈൻ ട്രാൻസക്ഷനുകൾക്കും നിരോധനമുണ്ടാകും.

3. എന്തുകൊണ്ടാണ് ബാങ്കുകൾ അക്കൗണ്ടുകൾ മരവിപ്പിക്കുന്നത്

അക്കൗണ്ടിലെ ഇടപാട് സംശയാസ്പദമാണെന്ന് കരുതുന്ന പക്ഷം അത് മരവിപ്പിക്കാൻ ബാങ്കുകൾക്ക് അധികാരമുണ്ട്. എന്നാൽ ഫ്രീസ് ചെയ്യുന്നതിനുമുമ്പ്, ബാങ്ക് അക്കാര്യം ഉടമയെ അറിയിക്കണം.

4. അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിനുള്ള പ്രധാന കാരണങ്ങൾ എന്തൊക്കെയാണ്

വീഴ്ച വരുത്തിയ സ്വകാര്യ വായ്പകൾ; നിരവധി റിമൈൻഡറുകൾ നൽകിയിട്ടും നിങ്ങൾ വായ്പ അടച്ചില്ലെങ്കിൽ നിങ്ങളുടെ അക്കൗണ്ട് മരവിപ്പിച്ചേക്കാം. 

കുടിശ്ശികയുള്ള നികുതികൾ; നികുതി ബാധ്യതകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടതിന്റെ പേരിൽ അക്കൗണ്ടുകൾ മരവിപ്പിച്ചേക്കാം.

ഒരു സ്ഥാപനത്തിനോ വ്യക്തിക്കോ നൽകേണ്ട പേയ്മെന്റ് നൽകാതിരിക്കുന്നത്.

അക്കൗണ്ടിലെ അസാധാരണമായ ഇടപാടുകൾ അല്ലെങ്കിൽ പെരുമാറ്റം.

തെറ്റായ ആവശ്യങ്ങൾക്ക് അക്കൗണ്ട് ഉപയോഗിക്കുന്നു 

സാമ്പത്തിക കുറ്റകൃത്യത്തിൽ ഉൾപ്പെട്ടു എന്ന സാഹചര്യം.

തീവ്രവാദത്തെ പിന്തുണയ്ക്കുന്നു എന്ന സാഹചര്യം

5. ഏതൊക്കെ സാഹചര്യത്തിലാണ് അക്കൗണ്ട് ഉടമയെ അറിയിക്കാതെ അക്കൗണ്ടുകൾ മരവിപ്പിക്കാൻ അധികാരമുള്ളത് 

തീവ്രവാദപ്രവർത്തനവുമായോ, തീവ്രവാദ സംഘടനകളുമായോ, രാഷ്ട്രവിരുദ്ധ പ്രവർത്തനങ്ങളുമായോ ബന്ധമുണ്ടെന്ന് ബന്ധപ്പെട്ട അധികൃതർ ബാങ്കിനെ അറിയിക്കുന്ന സാഹചര്യത്തിൽ.

കള്ളപ്പണം, ഹവാല, തുടങ്ങി മറ്റ് സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുമ്പോൾ/ അധികൃതർ ബാങ്കിനെ അറിയിക്കുന്ന സാഹചര്യത്തിൽ

സാമ്പത്തിക തട്ടിപ്പ് നടന്നു എന്ന് ബാങ്ക് സംശയിക്കുന്ന സാഹചര്യത്തിൽ.

6. ആരുടെ നിർദേശ പ്രകാരമാണ് ബാങ്കുകൾ വ്യക്തികളുടെ അക്കൗണ്ടുകൾ മരവിപ്പിക്കുന്നത്

റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ

സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ,

 ആദായനികുതി ഉദ്യോഗസ്ഥർ അല്ലെങ്കിൽ അദായനികുതി വകുപ്പ്

പോലീസ് 

കോടതികൾ തുടങ്ങിയ റെഗുലേറ്റർമാർ വഴി ബാങ്ക് അക്കൗണ്ട് മരവിപ്പിക്കൽ നിയമങ്ങൾ അനുസരിച്ച് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാം

സംശയമാസപദമായ സാഹചര്യത്തിൽ അതാത് ബാങ്കുകൾക്കും അക്കൗണ്ട് ഫ്രീസ് ചെയ്യാം.

7. മരവിപ്പിച്ച അക്കൗണ്ടുകൾ തിരിച്ചെടുക്കാൻ എന്ത് ചെയ്യണം

എന്ത് കാരണത്താലാണ് അക്കൗണ്ട് മരവിപ്പിച്ചത് എന്നതിനെ ആശ്രയിച്ചാണ് ഡീഫ്രീസ് ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങൾ.

കടം അടയ്ക്കാത്തതൊ / നികുതി സംബന്ധിയായ പ്രശ്ങ്ങളോ ആണ് മരവിപ്പിക്കലിന് കാരണം എങ്കിൽ കടം /നികുതി അടയ്ക്കുന്നതിലൂടെ അക്കൗണ്ട് ആക്റ്റീവ് ചെയ്യാം ഇതിനായി അതാത് അക്കൗണ്ടുകളുടെ ശാഖയിൽ നേരിട്ട് എത്തേണ്ടതായുണ്ട്.

ആവശ്യമായ കെവൈസി രേഖകളും അതിനൊപ്പം അക്കൗണ്ട് പ്രവര്ത്തന ക്ഷമമാക്കുവാനുള്ള അപേക്ഷയും ബാങ്കില് സമര്പ്പിക്കാം. ഇതിനായി ബാങ്ക് നിശ്ചിത തുക നിങ്ങളില് നിന്നും ചാര്ജായും ഈടാക്കിയേക്കാം.

മറ്റ് ഏജൻസികൾ നൽകിയ നിർദേശ പ്രകാരം മരവിപ്പിച്ച അക്കൗണ്ടുകൾ ആക്റ്റീവ് ചെയ്യാൻ അതാത് ഏജൻസികളുടെ ഉത്തരവുകൾ വെക്കെറ്റ് ചെയ്യേണ്ടതുണ്ട്. അതിനായി ബന്ധപ്പെട്ട ഏജൻസികളെയോ, റിസർവ്വ് ബാങ്കിനെയോ അല്ലെങ്കിൽ ബന്ധപ്പെട്ട കോടതികളെയോ സമീപിക്കേണ്ടി വരും.

സംശയമാസപദമായ സാഹചര്യത്തിൽ മരവിപ്പിച്ച അക്കൗണ്ടുകൾ വെരിഫിക്കേഷന് ശേഷം ഓട്ടോമാറ്റിക് ആയി ആക്റ്റീവ് ആകാനും സാധ്യതയുണ്ട്.

Special note :- ആർബിഐ  നിരോധിച്ചിട്ടുള്ള  അനധികൃത ബിസിനസ് ഇടപാട്, സേവിംഗ്സ് അക്കൗണ്ട് ഉപയോഗിച്ച് നമ്മുടെ നാട്ടിൽ സാധാരണയായി ഉപയോഗിക്കാറുണ്ട് ഇതും, UPI പ്രകാരമുള്ള വ്യാപക ഇടപാടുകളും സംശയാസ്പദമായ ഇടപാടിൽ ഉൾപ്പെടാനും മരവിപ്പിക്കാനും സാധ്യതയുണ്ട്.

അക്കൗണ്ട് മരവിപ്പിക്കപ്പെട്ടാൽ പരിഭ്രമിക്കേണ്ട യാതൊരു ആവശ്യവുമില്ല എന്ന് പ്രത്യേകം ഓർക്കുക. നിങ്ങളുടെ അക്കൗണ്ടിലുള്ള ഒരു നയാപൈസ പോലും ബാങ്കോ, മറ്റ് ഏജൻസികളോ എടുക്കുകയോ, നഷ്ട്ടപെപടുകയോ ഇല്ല. 

സങ്കീർണ്ണമായ പ്രശനങ്ങളിൽ നിയമവിദഗ്ദരുമായി സംസാരിച്ച് നിയമനടപടി സ്വീകരിച്ചാൽ സമയവും, പണവും ലാഭിക്കാം.

അഡ്വ ശ്രീജിത്ത് പെരുമന