സംരംഭകത്വ സഹായ പദ്ധതി

സംരംഭകത്വ സഹായ പദ്ധതി വഴി എറണാകുളം ജില്ലാ വ്യവസായകേന്ദ്രം സംരംഭകര്‍ക്ക് ഈ വര്‍ഷം നല്‍കിയത് 6 കോടി 95 ലക്ഷം രൂപയുടെ ധനസഹായം. 84 അപേക്ഷകളാണ് ഇതുവരെ പരിഗണിച്ചത്. സംസ്ഥാനത്ത് പദ്ധതി വഴി ഏറ്റവും കൂടുതല്‍ ധനസഹായം നല്‍കിയ ജില്ല എറണാകുളമാണ്. 

 ജില്ലാ വികസന കമ്മിഷണര്‍ ചേതന്‍ കുമാര്‍ മീണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നാലാമത് ജില്ലാതല കമ്മിറ്റിയില്‍ 21 അപേക്ഷകളിലായി ഒരു കോടി 90 ലക്ഷം രൂപ അനുവദിച്ചു. 

പദ്ധതി വഴി സഹായം ലഭിക്കാന്‍ സംരംഭം തുടങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ എംപ്ലോയീ സെല്‍ഫ് സര്‍വീസ് (ഇ.എസ്.എസ്) പോര്‍ട്ടല്‍ വഴി അപേക്ഷ സമര്‍പ്പിക്കണം. സ്ഥിരം മൂലധന നിക്ഷേപമാണ് പ്രധാന മാനദണ്ഡം. നിക്ഷേപത്തിന്റെ 15 മുതല്‍ 35 ശതമാനം വരെ (പരമാവധി 40 ലക്ഷം രൂപ) പദ്ധതി വഴി സഹായം നല്‍കും. സഹായം ലഭിച്ച സംരംഭകര്‍ എല്ലാ വര്‍ഷവും ജില്ലാ വ്യവസായ കേന്ദ്രത്തിനു പ്രവര്‍ത്തന റിപ്പോര്‍ട്ട് നല്‍കണം.

 ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എ നജീബ്, അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍ ജിയോ ജോസ്, ഫിനാന്‍സ് ഓഫീസര്‍ എം.ഗീത, കെ.എസ്.ഐ.ഡി.സി അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ബി.നിതീഷ്, കെ.എസ്.എസ്.ഐ.എ ജില്ലാ ട്രഷറര്‍ ജി.രാജേഷ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

സംസ്ഥാന സര്‍ക്കാരിന്റെ സംരംഭക വര്‍ഷത്തോടനുബന്ധിച്ച് ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം പദ്ധതിയുടെ ഭാഗമായി 10000 പുതിയ സംരംഭങ്ങള്‍ ആരംഭിച്ച ആദ്യ ജില്ല എന്ന നേട്ടം കൈവരിച്ച് എറണാകുളം. കഴിഞ്ഞ ഏപ്രില്‍ 1 ന് ആരംഭിച്ച പദ്ധതിയില്‍ 250 ദിവസങ്ങള്‍ കൊണ്ടാണ് ജില്ല ഈ നേട്ടം സ്വന്തമാക്കിയത്. 

പദ്ധതിക്ക് കീഴില്‍ ഇതുവരെ 10016 സംരംഭങ്ങള്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തു. നിര്‍മ്മാണ മേഖലയില്‍ 1483  സംരംഭങ്ങളും, സേവന മേഖലയില്‍ 3522 സംരംഭങ്ങളും, വാണിജ്യ മേഖലയില്‍ 5011 സംരംഭങ്ങളുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്. 856.43 കോടി രൂപയുടെ നിക്ഷേപമാണ് ഒന്‍പത് മാസത്തിനുള്ളില്‍ ജില്ലയിലുണ്ടായത്. 24411 തൊഴിലവസരങ്ങളും സൃഷ്ടിച്ചു. 

തൃക്കാക്കര, അങ്കമാലി, മൂവാറ്റുപുഴ, പെരുമ്പാവൂര്‍, ആലുവ, എടവനക്കാട്, തിരുവാണിയൂര്‍, കുഴുപ്പിള്ളി എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 100 ശതമാനം നേട്ടം കൈവരിച്ചിട്ടുണ്ട്. അഭ്യസ്തവിദ്യരായ യുവജനങ്ങളുടെ അഭിരുചിക്കും ശേഷിക്കും അനുസരിച്ചുള്ള തൊഴില്‍ സൃഷ്ടിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായി ലൈസന്‍സ്, സബ്‌സിഡി, ലോണ്‍ മേളകളും നടന്നു.  

പദ്ധതിയുടെ ഭാഗമായി ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും എം.എല്‍.എമാരുടെ നേതൃത്വത്തില്‍ അവലോകനയോഗങ്ങള്‍ നടന്നുവരുന്നു. ജില്ലാ വ്യവസായ വകുപ്പ് സംരംഭകര്‍ക്കായി പ്രത്യേക പരിശീലനങ്ങളും ശില്‍പശാലകളും സാങ്കേതികസഹായങ്ങളും ഉറപ്പാക്കുന്നു. 

ഇതിന്റെ ഭാഗമായി ജില്ലയില്‍ എന്റര്‍പ്രണര്‍ഷിപ് ഡെവലപ്‌മെന്റ് പ്രോഗ്രാമുകളും(ഇഡിപി), ഇന്‍വെസ്റ്റ്‌മെന്റ് മീറ്റുകളും ബ്ലോക്ക് അടിസ്ഥാനത്തില്‍ ഇരുപതോളം എന്റര്‍പ്രണര്‍ഷിപ് അവയര്‍നസ് പ്രോഗ്രാമുകളും ജില്ലാ തലത്തില്‍ ടെക്‌നോളജി മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് പ്രോഗ്രാം എന്നിവയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നുണ്ട്. സംരംഭകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുവാനും മാര്‍ക്കറ്റിംഗ് സാധ്യതകള്‍ വര്‍ധിപ്പിക്കുവാനും താലൂക്ക് തലങ്ങളില്‍ വിവിധ വിപണന മേളകളും സംഘടിപ്പിക്കുന്നു. 

ജില്ലയില്‍ ശില്‍പശാലകള്‍ ഏകോപിപ്പിക്കാനും സബ്‌സിഡി, വായ്പ സേവനങ്ങള്‍ എന്നിവയെ സംബന്ധിച്ച് സംരംഭകരെ ബോധവല്‍ക്കരിക്കാനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ 113 ഇന്റേണുകളെ നിയമിച്ചിട്ടുണ്ട്. ഇതില്‍ പഞ്ചായത്തുകളില്‍ ഒരോ ഇന്റേണ്‍ വീതവും മുനിസിപ്പാലിറ്റികളില്‍ രണ്ട് ഇന്റേണ്‍ വീതവും കോര്‍പ്പറേഷനില്‍ അഞ്ച് ഇന്റേണ്‍ വീതവുമാണുള്ളത്. എല്ലാ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലും ഹെല്‍പ് ഡെസ്‌ക് വഴിയുള്ള ഇന്റേണിന്റെ സേവനം ലഭ്യമാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും മറ്റ് കൂട്ടായ്മകളുടെയും സഹകരണത്തോടെയാണ് ശില്‍പശാലകള്‍ സംഘടിപ്പിക്കുന്നത്.

സംരംഭകര്‍ക്കുള്ള സഹായ പദ്ധതിയായ നാനോ യൂണിറ്റുകള്‍ക്കായുള്ള മാര്‍ജിന്‍ മണി ഗ്രാന്റ് വഴി ജില്ലയില്‍ 56 ഓളം അപേക്ഷകര്‍ക്കായി 1.59 കോടി രൂപ ധനസഹായം നല്‍കി. ഇതില്‍ 42 ഓളം വനിതാ സംരംഭകരും 14 ഓളം പുരുഷ സംരംഭകരും ഉള്‍പ്പെടുന്നു. തൊഴിലും ഉല്‍പാദനവും വർധിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന കേന്ദ്ര സർക്കാര്‍ പദ്ധതിയായ പ്രധാനമന്ത്രി തൊഴില്‍ദായക പദ്ധതി (പിഎംഇജിപി) വഴി 88 യൂണിറ്റുകള്‍ക്ക് 244.12 ലക്ഷം രൂപ സബ്‌സിഡിയായി വിതരണം ചെയ്തു.

വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് നടപ്പാക്കിവരുന്ന സംരംഭക സഹായ പദ്ധതി വഴി ജില്ലയില്‍ 84 യൂണിറ്റുകള്‍ക്കായി 6.95 കോടി രൂപ സഹായം നല്‍കി. എം.എസ്.എം.ഇ യൂണിറ്റുകള്‍ക്കായുള്ള കോവിഡ് സമാശ്വാസ പദ്ധതിയായ വ്യവസായ ഭദ്രത പദ്ധതി വഴി 98 യൂണിറ്റുകള്‍ക്ക് 30.60 ലക്ഷം രൂപ ഈ കാലയളവില്‍ നല്‍ കി.

സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി സംരംഭകര്‍ക്ക് നാലു ശതമാനം പലിശയ്ക്ക് വായ്പ ലഭ്യമാക്കുന്ന പദ്ധതിയായ ഒരു വീട്ടില്‍ ഒരു സംരംഭം പദ്ധതിക്കും തുടക്കം കുറിച്ചു. പുതുതായി ആരംഭിക്കുന്ന എംഎസ്എംഇകള്‍ക്കും നിലവിലുള്ളവയുടെ വിപുലീകരണത്തിനും വായ്പ നല്‍കുന്ന കേരള സംരംഭക വായ്പാ പദ്ധതിയും നടപ്പാക്കുന്നു. 

പത്തു ലക്ഷം രൂപവരെയുള്ള വായ്പയ്ക്കാണ് പലിശയിളവ്. നിര്‍മാണം, സേവനം, വ്യാപാരം തുടങ്ങിയ മേഖലകളില്‍ ആരംഭിക്കുന്ന സംരംഭങ്ങള്‍ക്ക് വായ്പ ലഭിക്കും. പ്രത്യേക പോര്‍ട്ടല്‍വഴിയാണ് അപേക്ഷിക്കേണ്ടത്. മൂലധന നിക്ഷേപം, പ്രവര്‍ത്തന മൂലധനം സമാഹരിക്കല്‍ എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ക്കും ഈ പദ്ധതിയുടെ സൗകര്യം പ്രയോജനപ്പെടുത്താം.

വ്യവസായ മേഖലയില്‍ തൊഴിലന്വേഷകരും ചെറുപ്പക്കാരും സ്ത്രീകളും വിദ്യാര്‍ത്ഥികളും സംരംഭകരായി മാറുന്നതോടെ വ്യവസായ നിക്ഷേപം വര്‍ദ്ധിക്കുന്നതോടൊപ്പം നിരവധി തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്. ഈ പദ്ധതി സാമ്പത്തിക വ്യവസായിക ഉണര്‍വ്വിനൊപ്പം യുവ തലമുറയുടെ സ്വപ്നസാക്ഷാത്ക്കാരത്തിന് കൂടിയാണ് വഴിയൊരുങ്ങുന്നതെന്ന് എറണാകുളം ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എ. നജീബ് അറിയിച്ചു.