അധ്യാപകര്‍ക്കുള്ള പത്ത് കല്പനകള്‍

Liju Kuriakose wrote: 

അധ്യാപകര്‍ക്കുള്ള പത്ത് കല്പനകള്‍ 

1. ഇതൊരു തൊഴിലാണ്, നിങ്ങളൊരു തൊഴിലാളി ആണ് (അതില്‍ നിര്‍ബന്ധമാണെങ്കില്‍ മാത്രം അഭിമാനിക്കാം, പക്ഷെ മറ്റുള്ളവരെ വെറുപ്പിക്കരുത്!)

2. നിങ്ങളൊരു ലോക്കല്‍ ദൈവമോ അവതാരമോ അല്ല! അതുകൊണ്ട് തന്നെ കുട്ടികളെ കാലില്‍ വീഴ്ത്തുക, ആരതി ഉഴിയിക്കുക, പൊതുവില്‍ പൊക്കിപ്പറയിക്കുക എന്ന കലാപരിപാടികളില്‍ ഏര്‍പ്പെടാതിരിക്കുക.

3. ക്ലാസ് മുറിക്ക് അകത്ത് നിങ്ങള്‍ അദ്ധ്യാപകന്‍ ആയിരിക്കുമ്പോള്‍ തന്നെ അതിനകത്തും പുറത്തും  നിങ്ങള്‍ ഒരു സാധാരണ വ്യക്തിയും പൌരനും മാത്രമായിരിക്കും. വിദ്യാര്‍ഥികളും അങ്ങനെ തന്നെ!

4. ഒരു ക്ലാസില്‍ നിങ്ങള്‍ പഠിപ്പിക്കുന്നു എന്നതിനാല്‍ അവിടെയുള്ള വിദ്യാര്‍ഥികള്‍ നിങ്ങളോട് ആജീവനാന്തം കടപ്പെട്ടിരിക്കുന്നില്ല. വഴിയില്‍ വച്ച് കണ്ടിട്ട് മിണ്ടിയില്ല, കല്യാണം ക്ഷണിച്ചില്ല, ഫോര്‍വേഡ് മേസേജിന് റിപ്ലൈ ചെയ്തില്ല എന്നൊക്കെ പറഞ്ഞു മോങ്ങാതിരിക്കുക! 

5. വിദ്യാര്‍ഥികള്‍ സ്വതന്ത്രരായ വ്യക്തികളാണ്, 

നിങ്ങളുടെ അടിമകള്‍ അല്ല. (പലരും നിങ്ങളെക്കാൾ കഴിവുള്ളവർ). അവരോട് മാന്യമായും ബഹുമാനത്തോടെയും പെരുമാറുക. (കുട്ടികളെ self respect ഉള്ളവരായി വളരാൻ അനുവദിക്കുക)

6. നിങ്ങള്‍ ചിന്തിക്കുന്നതും പറയുന്നതും ഒരു കൂട്ടം വ്യക്തികളുടെ ചിന്താഗതിയെ തന്നെ മാറ്റിയേക്കാം. അത്കൊണ്ട് തന്നെ കാലികമായി ചിന്തിക്കാനും സംസാരിക്കാനും ശ്രദ്ധിക്കുക. എന്നുകരുതി ഉപദേശിച്ച് വെറുപ്പിക്കുകയും വേണ്ട. തീരെ അഭിപ്രായങ്ങള്‍ 

 ഉല്‍പാദിപ്പിക്കാ്ത്ത അദ്ധ്യാപകനാണ് പിന്തിരിപ്പന്‍ ഉപദേശങ്ങള്‍ നല്‍കുന്ന അദ്ധ്യാപകനെക്കാള്‍ നല്ലത് എന്നാ മഹദ് വചനം ഇപ്പോഴും ഓര്‍ത്തിരിക്കുക. 

7. അവരുടെ സ്വകാര്യതയെ ബഹുമാനിക്കുക. അവരുടെ പ്രണയം, ലൈംഗികത എന്നിവയൊക്കെയും  അവരുടെ സ്വകാര്യതയാണ്‌. 

8.  വീട്ടുകാര്‍ക്ക് വേണ്ടി ചാരപ്രവര്ത്തിയില്‍ ഏര്‍പ്പെടുക, ക്ലാസിലെ കുട്ടികളുടെ പ്രശ്നങ്ങള്‍, അഭിപ്രായവ്യത്യാസങ്ങള്‍ എന്നിവയൊക്കെ അറിയാനും സഹഅദ്ധ്യാപകരെ കുറ്റം പറയാനും വിദ്യാര്‍ഥികളെ ഏജന്റുമാരായി വെക്കുക, അവരേ സുഖിപ്പിച്ചോ ഭീഷണിപ്പെടുത്തിയോ ന്യൂസ് ചോര്‍ത്തുക എന്നിവയൊക്കെ വെറും ചീപ്പ് പരിപാടി ആകുന്നു.

9. ഇന്റെര്‍ണല്‍ മാര്‍ക്ക്, പരീക്ഷയുടെ മാര്‍ക്ക് എന്നിവ അര്‍ഹിക്കുന്നവര്‍ക്ക് കൊടുത്താല്‍ കുടുമ്മത്ത് ഒന്നും കുറഞ്ഞു പോകില്ല.

10. ഒടുക്കമായി പറയട്ടെ. ഒരു കുട്ടിയേയും അവരുടെ ലിംഗത്വം (gender identity), ലൈംഗികചായ്‌വ് (sexual orientation), ജാതി, മതം, നിറം, സാമര്‍ത്ഥ്യം, കുടുംബമഹിമ, ഭാഷാചാതുരി എന്നിവയൊക്കെ അടിസ്ഥാനമാക്കി വേര്‍തിരിക്കാതിരിക്കുക. എല്ലാവരെയും തുല്യരായി കാണുക.

Article Details

Article ID:
333
Category:
Date added:
2022-09-05 03:25:49
Rating :