കർഷക തൊഴിലാളി ക്ഷേമനിധി
ആനുകൂല്യങ്ങൾ അനുവദിക്കാൻ ക്ഷേമനിധി ബോർഡിൽ പണമില്ലെങ്കിൽ സർക്കാർ ഇടപെടണം : മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: ക്ഷേമനിധി ബോർഡിൽ അംഗത്വമെടുത്ത് മുടക്കമില്ലാതെ അംശാദായം അടയ്ക്കുന്നവർക്ക് ഫണ്ടില്ലെന്ന് പറഞ്ഞ് അർഹതപ്പെട്ട ആനുകൂല്യങ്ങൾ ബോർഡ് യഥാസമയം കൊടുക്കാതിരുന്നാൽ സർക്കാർ ഇടപെട്ട് ആനുകൂല്യം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്.
കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന് ആവശ്യമായ ഫണ്ട് സർക്കാർ അനുവദിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. ആനുകൂല്യങ്ങൾ യഥാസമയം നൽകാതിരിക്കുന്നത് അംഗങ്ങളോട് കാണിക്കുന്ന അനീതിയാണ്. ഉത്തരവിൻ മേൽ സ്വീകരിക്കുന്ന നടപടികൾ തൊഴിൽ വകുപ്പ് സെക്രട്ടറി ജനുവരി 17 നകം കമ്മീഷനിൽ സമർപ്പിക്കണം.
1992 മാർച്ച് ഒന്നിന് ക്ഷേമനിധി ബോർഡിൽ അംഗത്വമെടുത്ത ആലിയാട് മൂളയം സ്വദേശിനി ചെല്ലമ്മ സമർപ്പിച്ച പരാതിയിലാണ് നടപടി. പരാതിക്കാരിക്ക് 60 വയസ്സ് തികഞ്ഞപ്പോഴാണ് ആനുകൂല്യങ്ങൾക്കായി അപേക്ഷ നൽകിയത്. എന്നാൽ 70 വയസ്സ് കഴിഞ്ഞിട്ടും പെൻഷനോ ആനുകൂല്യങ്ങളോ ലഭിച്ചില്ല. 2015 ജനുവരി 31 വരെയുള്ള അപേക്ഷകൾക്ക് ആനുകൂല്യം വിതരണം ചെയ്തിട്ടുണ്ടെന്ന് കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് കമ്മീഷനെ അറിയിച്ചു.
സർക്കാരിൽ നിന്നും ഫണ്ട് ലഭിക്കാത്തതിനാൽ 2015 ജനുവരി 31 ന് ശേഷം ലഭിച്ച അപേക്ഷകളിൽ ആനുകൂല്യങ്ങൾ വിതരണം ചെയ്തിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ബോർഡിന്റെ ഇത്തരം നടപടികൾ വിചിത്രമാണെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിൽ പറഞ്ഞു.
പി.ആർ.ഒ.