പോസ്റ്റ് മോർട്ടം
ക്രിമിനൽ നടപടിച്ചട്ടം (CrPC) 174 ആം വകുപ്പനുസരിച്ച് ഒരു മരണം നടന്നു എന്ന് വിവരം കിട്ടിയാൽ അന്വേഷണം നടത്തുക എന്നത് പോലീസ് സ്റ്റേഷനിലെ ചാർജുള്ള ഉദ്യോഗസ്ഥൻ്റെ ചുമതലയാണ്. മരണം നടന്നതായി അറിയിപ്പ് കിട്ടിയാൽ മൃതദേഹമുള്ള സ്ഥലത്തെത്തി മാന്യരായ രണ്ട് പ്രദേശവാസികളുടെ സാന്നിദ്ധ്യത്തിൽ അന്വേഷണം നടത്തുകയും മരണകാരണം സംബന്ധിച്ച തീരുമാനമെടുക്കുകയും പരിക്കുകളുണ്ടെങ്കിൽ അത് എങ്ങനെ ഏത് ആയുധം കൊണ്ട് സംഭവിച്ചു എന്ന് നിശ്ചയിക്കുകയും ചെയ്യേണ്ടത് പോലീസാണ്.
വിവാഹം കഴിഞ്ഞ് 7 വർഷത്തിനുള്ളിൽ ഒരു സ്ത്രീ ആത്മഹത്യ ചെയ്യുകയാണെങ്കിലോ, മറ്റാരെങ്കിലും എന്തെങ്കിലും കുറ്റം ചെയ്തതിനാൽ വിവാഹിത മരിച്ചു എന്ന് സംശയമുണ്ടെങ്കിലോ, സ്ത്രീയുടെ ബന്ധുക്കളാരെങ്കിലും ആവശ്യപ്പെടുകയാണെങ്കിലോ പോസ്റ്റ് മോർട്ടം പരിശോധനയ്ക്കയക്കുക നിർബന്ധമാണ്. (ഇതെല്ലാം സ്ത്രീധന പീഡനം മൂലമുണ്ടായ മരണമാണെന്ന സംശയം നിയമത്തിനുണ്ട്)
മറ്റ് കേസുകളിൽ പോസ്റ്റ്മോർട്ടം നടത്തണോ വേണ്ടയോ എന്ന് തീരുമാനിക്കുക പോലീസിന് വിവേചനാധികാരമുള്ള കാര്യമാണ്. മരണകാരണത്തിൽ സംശയമുണ്ടെങ്കിൽ മാത്രം പോസ്റ്റ്മോർട്ടം നടത്താൻ അന്വേഷണോദ്യോഗസ്ഥൻ തീരുമാനമെടുത്താൽ മതി.
അതായത് ശവശരീരം കീറി പരിശോധിക്കണോ എന്ന് തീരുമാനമെടുക്കാനുള്ള അധികാരം ഇൻക്വസ്റ്റ് പരിശോധന നടത്തുന്ന പോലീസിൻ്റെ തലയിലാണ് നാട്ടിലെ നിയമം ഇട്ടിരിക്കുന്നത്. ഡോക്ടറുടെ തലയിലല്ല.