ലോൺ വാഗ്ദാനം ചെയ്ത് നിരന്തരം കോളുകൾ

*പ്രസ്സ് റിലീസ് *
CC/278/2023
*ലോൺ വാഗ്ദാനം ചെയ്ത് നിരന്തരം കോളുകൾ, ധനകാര്യ സ്ഥാപനത്തിന്റെ  അനാവശ്യ കോളുകൾ വിലക്കി ഉപഭോക്തൃ തർക്ക പരിഹാര കോടതി.*
കൊച്ചി: ലോൺ വാഗ്ദാനം ചെയ്ത്  നിരന്തരമായി ഫോണിലൂടെ ബുദ്ധിമുട്ടിച്ച ഫിനാൻസ് കമ്പനിയുടെ നടപടി വിലക്കി ഉത്തരവ് പുറപ്പെടുവിച്ച് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി.  എറണാകുളം പനമ്പള്ളി നഗർ സ്വദേശിയായ നിഥിൻ രാമകൃഷ്ണൻ, ബജാജ് ഫിൻസർവിന്റെ നിരന്തരവും അനാവശ്യവുമായ കോളുകളിൽ മനസ്സമാധാനം നഷ്ടപ്പെട്ട സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചത്.
കഴിഞ്ഞ അഞ്ച് വർഷമായി ബജാജ് ഫിൻസർവ് നിരന്തരം കോളുകൾ ചെയ്ത് വായ്പ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താൻ നിർബന്ധിക്കുന്നു. നിരവധി തവണ അഭ്യർത്ഥിച്ചിട്ടും, ഡിഎൻഡി ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടും കോളുകൾ തുടരുന്നു. ഇത് പരാതിക്കാരന്റെ അക്കാദമിക് പ്രവർത്തനങ്ങളെയും അന്തർദേശീയ സംഘടനയിലെ  പ്രവർത്തനങ്ങളെയും സാരമായി ബാധിക്കുന്നു എന്നും പരാതിയിൽ പറയുന്നു.
2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമം അനാവശ്യമായ അലോസരം ഉണ്ടാക്കുന്ന വ്യാപാര പ്രവർത്തനങ്ങളെ അധാർമിക വ്യാപാര രീതിയായി നിർവചിക്കുന്നു. നിർത്തണമെന്ന് ആവശ്യപ്പെട്ടിട്ടും നിരന്തരമായ അനാവശ്യ കോളുകൾ ഉണ്ടാകുന്നത് ഈ വ്യവസ്ഥയുടെ പരിധിയിൽ വരുന്നു. ഉപഭോക്തൃ സേവന നിയമത്തിലെ  സെക്ഷൻ 2 (47) സാധനങ്ങളോ സേവനങ്ങളോ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി അലോസരം വരുത്തുന്നതിനെ നിരോധിക്കുന്നതോടൊപ്പം, , സെക്ഷൻ 38(� പ്രകാരം ഉപഭോക്തൃ കമ്മീഷനുകളെ അത്തരം കേസുകളിൽ നടപടി സ്വീകരിക്കാൻ അധികാരപ്പെടുത്തുന്നു.
കൂടാതെ, സുപ്രീം കോടതി,  കെ.എസ്. പുട്ടസ്വാമി  Vs യൂണിയൻ ഓഫ് ഇന്ത്യ  കേസിൽ  സ്വകാര്യതാ അവകാശത്തെ ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരമുള്ള അടിസ്ഥാന അവകാശമായി വ്യക്തമാക്കിയിട്ടുണ്ട് . സ്വകാര്യതാ അവകാശത്തിൽ ഒരാളുടെ വ്യക്തിപരമായ സ്ഥലത്തും ജീവിതത്തിലും അനാവശ്യമായ കടന്നുകയറ്റത്തിൽ നിന്നുള്ള സംരക്ഷണം ഉൾപ്പെടുന്നു.
പ്രത്യേകിച്ച് ജോലി സമയത്ത് പരാതിക്കാരന് ആവർത്തിച്ച് വിളിക്കുന്നത് അദ്ദേഹത്തിന്റെ സ്വകാര്യതയുടെ ലംഘനമാണെന്നും കമ്മീഷൻ പ്രസിഡൻറ് ഡി ബി ബിനു മെമ്പർമാരെ വി. രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് വിലയിരുത്തി.
എതിർകക്ഷികളായ ബജാജ് ഫിൻസർവ് ഉടൻ പ്രാബല്യത്തിൽ പരാതിക്കാരനുള്ള എല്ലാ അനാവശ്യ കോളുകളും നിർത്തിവയ്ക്കാൻ കോടതി ഉത്തരവ് നൽകി. എതിർകക്ഷിയിൽ നിന്നും നഷ്ടപരിഹാരം വേണം എന്നുള്ള പരാതിക്കാരന്റെ ആവശ്യത്തിൽ കോടതി മാർച്ച്‌ നാലിന് തുടർവാദം കേൾക്കും.
പരാതിക്കാരന് വേണ്ടി അഡ്വക്കറ്റ് അഞ്ജലി അനിൽ കോടതിയിൽ ഹാജരായി
ഉപഭോക്താവാണ് രാജാവ് എന്ന ബോധം വളർത്തുക എന്നതാണ്  ഗ്രൂപ്പിന്റെ ലക്ഷ്യം ഫേസ്ബുക്ക് FB ഗ്രൂപ്പിൽ ചേരാൻ ഉള്ള ലിങ്ക്
https://www.facebook.com/share/p/18eccbGSEn/
ഉപഭോക്താവാണ് രാജാവ് എന്ന ബോധം വളർത്തുക എന്നതാണ്  ഗ്രൂപ്പിന്റെ ലക്ഷ്യം  വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ ഉള്ള ലിങ്ക്
https://chat.whatsapp.com/BplRb4xjsxI1H3YS2ulIK1