ആരെങ്കിലും പറയുന്നത് കേട്ട് പരാതിപ്പെട്ടാൽ
പോസ്റ്റാപ്പീസു മുക്കിലെ കുറച്ചു പിള്ളേര് സംഘങ്ങൾ ആറ്റിൽ കുളിക്കാനും നീന്താനുമായി പോയി, നീരാട്ടിനിടയിൽ തൊട്ടടുത്തുള്ള പറമ്പിലെ തെങ്ങുകളിൽ കയറി തേങ്ങാ മുതൽ കരിക്കു വരെ പറിച്ചിട്ടു ശാപ്പിട്ടു, നീന്തിയ ക്ഷീണവും മാറ്റി ഒപ്പം തേങ്ങ അടർത്തിയതിലൂടെ ഒരു രസവും. അടുത്തനാൾ പറമ്പിന്റെ ഉടമസ്ഥൻ ആരോ പറഞ്ഞു സംഭവമറിഞ്ഞു, പക്ഷെ തേങ്ങാക്കള്ളന്മാരെ വ്യക്തമായി ആർക്കുമറിയില്ല, പോസ്റ്റാപ്പീസു മുക്കിലുള്ള പിള്ളേരെന്നു മാത്രമറിയാം. സ്ഥലമുടമ (ലേശം സ്വാധീനമുള്ള കൂട്ടത്തിൽ), എങ്ങനെയും പ്രതികളെ കണ്ടെത്താൻ തുനിഞ്ഞിറങ്ങി, കാര്യമായ അന്വേഷണത്തിന് ഒടുവിൽ ഒരു പയ്യന്റെ പേര് എങ്ങനെയോ കിട്ടി; ഇവന്റെ വിവരങ്ങൾ ശേഖരിച്ചു പോലീസിൽ വിശദമായ പരാതിയും കൊടുത്തു; തീർന്നില്ല കയ്യോടെ പോലീസിനെയും കൂട്ടി ഇവന്റെ വീട്ടിലെത്തി. പയ്യന്റെ അമ്മയോട് പയ്യനെ വിളിക്കാൻ പോലീസ് പറഞ്ഞു, അവൻ തേങ്ങാ മോഷണം നടത്തിയെന്നും. കുറ്റാരോപിതനാണെങ്കിൽ (പോളിയോ ബാധിച്ചു) ജന്മനാ രണ്ടുകാലും തളർന്ന കൂട്ടത്തിൽ, ഇവൻ കൈ രണ്ടും നിലത്തൂന്നി നിരങ്ങി വരുന്നത് കണ്ട പോലീസ് പരാതിക്കാരനായ സ്ഥലമുടമയോട് ചോദിച്ചു "ഇവനെങ്ങായാടോ നിങ്ങടെ തെങ്ങിൽ കയറി തേങ്ങാ പിരിച്ചത്?" തനിക്കു വേറെ പണിയൊന്നുമില്ലേ? വെറുതെ മനുഷ്യരെ മെനക്കെടുത്താൻ നടക്കുന്നു. അതോടെ തേങ്ങ മോഷണപരാതി തീർന്നു. തേങ്ങാ പോയത് മാത്രമല്ല മാനഹാനി കൂടി തേങ്ങ മുതലാളിക്ക് കിട്ടിയെന്നു ചുരുക്കം. ആരെങ്കിലും പറയുന്നത് കേട്ട് പരാതിപ്പെട്ടാൽ ഇതായിരിക്കാം അവസ്ഥയെന്ന് അന്നോടെ അപ്പാവത്തിനു പിടികിട്ടി. ഈ പറമ്പിൽ നിന്നും പിന്നെയും ഒരുപാടു തവണ തേങ്ങാ ഇതുമാതിരി പോയിട്ടുണ്ട്, പക്ഷെ ആരുടെയെങ്കിലും പേരിൽ പരാതി കൊടുത്തോ എന്നറിയില്ല. (കടപ്പാട് ഒരു കടത്തിണ്ണ സുഹൃത്ത്