ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന മാലിന്യശേഖരണ കേന്ദ്രം മാറ്റണം : മനുഷ്യാവകാശ കമ്മീഷൻ

HRMP No : 6287/2022

Kerala State Human Rights  commission

Thiruvananthapuram

03/03/23

ഫ്രീഡം സ്ക്വയറിന് സമീപമുള്ള മാലിന്യശേഖരണ കേന്ദ്രം ആറാഴ്ചയ്ക്കുള്ളിൽ മാറ്റണം  :    മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട് :  ബീച്ചി ഫ്രീഡം സ്ക്വയറിന് സമീപം പ്രവർത്തിക്കുന്ന മാലിന്യശേഖരണ കേന്ദ്രം ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിൽ മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കാൻ കോഴിക്കോട് നഗരസഭാ സെക്രട്ടറി ആറാഴ്ചക്കുള്ളിൽ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.  

     ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ ആറാഴ്ചയ്ക്കകം നഗരസഭാസെക്രട്ടറി കമ്മീഷനെ അറിയിക്കണമെന്നും ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.  പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

     കോഴിക്കോട് നഗരസഭാ സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി.  നഗരസഭാ രണ്ടാം സർക്കിളിൽ നിന്നും ശേഖരിക്കുന്ന മാലിന്യങ്ങൾ ബീച്ചിലുള്ള പൊതുസ്ഥലത്ത് നിക്ഷേപിച്ച്  വാഹനങ്ങളിൽ കയറ്റി ഞെളിയൻ പറമ്പിലേക്ക് മാറ്റുകയാണ് പതിവെന്ന് റിപ്പോർട്ടിൽ പറയുന്നു.  പ്രസ്തുത ജോലി രാവിലെ 7 ന് തുടങ്ങി ഉച്ചയ്ക്ക് 1 ന് തീരും.  ഈ സമയത്ത് ചെറിയ തോതിൽ ദുർഗന്ധം അനുഭവപ്പെടാറുണ്ട്.  ജോലി കഴിഞ്ഞാലുടൻ സ്ഥലം വൃത്തിയാക്കാറുണ്ട്. ഗാന്ധി നഗർ ജംഗ്ഷനിൽ ഹാർബർ എഞ്ചിനീയറിംഗ് ഓഫീസിന് സമീപത്തായി കളക്ഷൻ സെന്റർ മാറ്റാൻ ഉദ്ദേശിക്കുന്നുണ്ടെന്നും പോർട്ടിന്റെ അനുമതി ഇതിനാവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയർ സമർപ്പിച്ച റിപ്പോർട്ടിൽ മാലിന്യനിക്ഷേപം നടത്തുന്നത് ഒഴിവാക്കി ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കാൻ നടപടിയെടുക്കണമെന്ന് 2022 ഒക്ടോബർ 27 ന് നഗരസഭാ സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ടെന്ന് പറയുന്നു.  ഇവിടെയുള്ള കസ്റ്റംസ് ക്വാർട്ടേഴ്സിന് മുന്നിലുള്ള പഴയ ഓവുചാൽ പുതുക്കി പണിയാൻ 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടന്നും റിപ്പോർട്ടിലുണ്ട്.  

     ഇതിനിടെ ബീച്ച് ലൈറ്റ് ഹൗസിന് എതിർവശത്ത് ക്വാർട്ടേഴ്സിന് സമീപം മാലിന്യം ശേഖരിക്കുന്നത് കാരണം ക്വാർട്ടേഴ്സിലെ താമസക്കാർ ബുദ്ധിമുട്ട്അനുഭവിക്കുകയാണെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ജി.എസ്.ടി.. ഇന്റലിജൻസ് ഡപ്യൂട്ടി ഡയറക്ടർ കമ്മീഷനെ അറിയിച്ചു.  തുടർന്ന് നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടറെ കമ്മീഷൻ വിളിച്ചുവരുത്തി.  

     സ്ഥലത്ത് ദുർഗന്ധം ഉണ്ടെന്ന് നഗരസഭ തന്നെ സമ്മതിച്ചിരിക്കുന്ന സാഹചര്യത്തിൽ പ്രദേശവാസികൾ അനുഭവിക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. റോഡരികിൽ നിന്നും മാറി ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിൽ വേണം ഇത്തരം സംവിധാനങ്ങൾ ഒരുക്കേണ്ടതെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.

                                                                         പബ്ലിക് റിലേഷൻസ് ഓഫീസർ

#KeralaStateHumanRightsCommission 

Byjunath Kakkadath